അല്ലു അര്‍ജുന്‍ കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചു; പ്രതി ചേര്‍ക്കാന്‍ കാരണം? എന്താണ് സന്ധ്യ തിയേറ്റര്‍ കേസ്
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുനെ പ്രതിയാക്കി പോലീസ് കുറ്റപത്രം. സന്ധ്യ തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് യുവതി മരിക്കുകയും അവരുടെ ഒമ്പത് വയസുകാരനായ മകന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലാണ് അല്ലു അര്‍ജുനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. കേസില്‍ മൊത്തം 23 പ്രതികളാണുള്ളത്. 11ാം പ്രതിയാണ് അല്ലു അര്‍ജുന്‍.
ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ പുഷ്പ 2 സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനിടെ തിക്കും തിരക്കുമുണ്ടായത് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിനായിരുന്നു. ഈ കേസിലാണ് ഒരു വര്‍ഷത്തിന് ശേഷം ചിക്കഡപള്ളി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. അല്ലു അര്‍ജുന്റെ സുരക്ഷാ ഉദ്യോഗസ്ഥരും കേസില്‍ പ്രതികളാണ്. കൂടാതെ തിയേറ്റര്‍ നടത്തിപ്പികാരും.

സംഭവ ദിവസം സന്ധ്യ തിയേറ്ററില്‍ ആയിരത്തിലധികം ആരാധകരാണ് എത്തിയരുന്നത്. ഈ വേളയിലായിരുന്നു അല്ലു അര്‍ജുന്റെ അപ്രതീക്ഷിത സന്ദര്‍ശനം. ഇതോടെയാണ് ജനക്കൂട്ടം ഇളകി മറിഞ്ഞതെന്ന് പോലീസ് പറയുന്നു. 35കാരി രേവതിയാണ് മരിച്ചത്. മകന്‍ ശ്രീതേജിനാണ് പരിക്കേറ്റത്. സംഭവം അല്ലു അര്‍ജുനെതിരെ വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കുറ്റം ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നതാണ് അല്ലു അര്‍ജുനെതിരായ കേസ്.
2024 ഡിസംബര്‍ നാലിന് രാത്രി 10.30ഓടെയാണ് ദുരന്തമുണ്ടായത്. സന്ധ്യ തിയ്യേറ്ററിന്റെ മുന്‍വശത്ത് ആരാധകരെ വടംവച്ച് തടഞ്ഞിരുന്നു. പുഷ്പ 2 സിനിമയുടെ ആദ്യ പ്രത്യേക പ്രദര്‍ശനമായതിനാല്‍ അല്ലു അര്‍ജുന്‍ തിയേറ്ററിലെത്തി. നടന്‍ എത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നില്ല. അല്ലു അര്‍ജുന്‍ എത്തി എന്നറിഞ്ഞതോടെ ആരാധകര്‍ ഇളകി.
തിക്കും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് ബോധക്ഷയമുണ്ടായി. പരിക്കേറ്റ സ്ത്രീ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. തിയേറ്റര്‍ മതിയായ സുരക്ഷാ സംവിധാനം പാലിച്ചില്ല എന്ന വിമര്‍ശനമുയര്‍ന്നു. തുടര്‍ന്ന് അല്ലു അര്‍ജുനെ പ്രതിയാക്കി കേസെടുത്തു. അല്ലു അര്‍ജുന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. തെലങ്കാന ഹൈക്കോടതി അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ അല്ലു അര്‍ജുന്‍ സംഭവം നിര്‍ഭാഗ്യകരമാണ് എന്നാണ് പ്രതികരിച്ചത്. മരിച്ച കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. കൂടാതെ പുഷ്പയുടെ നിര്‍മാതാക്കള്‍ യുവതിയുടെ കുടുംബത്തിന് 2 കോടി രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ഇതില്‍ ഒരു കോടി രൂപ അല്ലു അര്‍ജുന്‍ ആണ് നല്‍കിയത്. നിര്‍മാതാക്കളായ മൈത്രി മൂവിയും ഡയറക്ടര്‍ സുകുമാറും 50 ലക്ഷം വീതം കൈമാറി.












Click it and Unblock the Notifications