7697ാം നമ്പർ തടവുകാരൻ, ഉറങ്ങിയത് തറയിൽ, ഒന്നും കഴിച്ചില്ല; ഒരു രാത്രി അല്ലു ജയിലിൽ കഴിഞ്ഞത് ഇങ്ങനെ..
ഹൈദരബാദ്: ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ പിന്തുണച്ചവർക്ക് നന്ദി അറിയിച്ച് നടൻ അല്ലു അർജുൻ. രാജ്യമൊട്ടാകെ തന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നതായി താരം പറഞ്ഞു. താൻ നിയമം അനുസരിക്കുന്ന ആളാണെന്നും ഒളിച്ചോടിപോയിട്ടില്ല, നിയമത്തെ ബഹുമാനിക്കുന്നുവെന്നും താരം പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളോടും സഹകരിക്കുമെന്നും ഏറ്റവും പ്രധാനപ്പെട്ട കാര്യം രേവതിയുടെ കുടുംബത്തോട് ഒരിക്കൽക്കൂടി തന്റെ അനുശോചനം അറിയിക്കുന്നുവെന്നും താരം പറഞ്ഞു.
അതേ സമയം, താരം ഒരു രാത്രി ജയിലിൽ ചെലവഴിച്ചതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എക്സിൽ തെലുങ്ക് സ്ക്രൈബാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ചത്. 7697ാം നമ്പർ തടവുകാരനായിട്ടാണ് അല്ലു ജയിലിൽ കഴിഞ്ഞത്. തറയിലാണ് അദ്ദേഹം കിടന്നതെന്നും ഭക്ഷണമൊന്നും കഴിച്ചില്ലെന്നും പോസ്റ്റിൽ പറയുന്നു.

ഇന്ന് രാവിലെയാണ് താരം പുറത്തിറങ്ങിയത്. പുഷ്പ 2 സിനിമയുടെ റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അല്ലുവിനെ മനപൂർവ്വമല്ലാത്ത നരഹത്യാ കേസിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. ഇടക്കാല ജാമ്യം ലഭിച്ചുവെങ്കിലും ഉത്തരവ് ലഭിക്കാൻ വൈകിയത് കൊണ്ടാണ് താരത്തിന് ഇന്നലെ ജയിലിൽ കഴിയേണ്ടി വന്നത്. 14 ദിവസത്തേക്ക് ആയിരുന്നു അല്ലുവിനെ റിമാൻഡ് ചെയ്തിരുന്നത്. മണിക്കൂറുകൾക്കകം തന്നെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച ആണ് അല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ വലിയ പ്രതിഷേധം ഉയർന്നിരുന്നു,
അതേ സമയം, ശരിക്കും സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നും ഒരിക്കലും കരുതിക്കൂട്ടി ചെയ്ത ഒന്നായിരുന്നില്ലെന്നും അദ്ദേഹം പുറത്തിറങ്ങിയതിന് ശേഷം പറഞ്ഞു. അന്ന് സംഭവിച്ചതിൽ ഒരിക്കൽ കൂടി ക്ഷമ ചോദിക്കുന്നു. കഴിഞ്ഞ 20 വർഷമായി എന്റെയും അമ്മാവന്മാരുടെയുമൊക്കെ സിനിമകൾ തിയറ്ററിൽ വന്ന് കാണുന്ന ഒരാളാണ് ഞാൻ പക്ഷേ ഇങ്ങനെ ഒരിക്കൽ പോലും സംഭവിച്ചിട്ടില്ല, ഇത് ശരിക്കും അപ്രതീക്ഷിതമായി സംഭവിച്ച കാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു.
താൻ ആ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്നും തന്നെ കൊണ്ട് ചെയ്യാനുകുന്നതെല്ലാം ചെയ്യുമെന്നും താരം പറഞ്ഞു. മരിച്ചയാളുടെ നഷ്ടം നികത്താനാകാത്തതാണ്, എന്നാലും ഞാൻ എന്നും ആ കുടുംബത്തിനൊപ്പം ഉണ്ടാകും. നിയമത്തിൽ എനിക്ക് വിശ്വാസം ഉണ്ട്. ഒരിക്കൽ കൂടി എന്നെ പിന്തുണച്ചവർക്ക് എല്ലാം നന്ദി, അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications