അമരീന്ദർ സിംഗ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയാകും?;ചർച്ചകൾ സജീവം
ദില്ലി; മുൻ കോൺഗ്രസ് നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ അമരീന്ദർ സിംഗ് എൻ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായേക്കുമെന്ന് സൂചന. നിലവിൽ ചികിത്സാർത്ഥം ലണ്ടനിലാണ് അദ്ദേഹം. മടങ്ങിയെത്തിയാൽ ഉടൻ അമരീന്ദറിന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസ് ബി ജെ പിയിൽ ലയിച്ചേക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തെ എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നത്. ന്യൂസ് 18 നാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നടുവിന് ശസ്ത്രക്രിയ ചെയ്യാനായാണ് അമരീന്ദര്‍ ലണ്ടനിലേക്ക് പോയത്. ശസ്ത്രക്രിയയ്ക്ക് ശേഷം പ്രധാനമന്ത്രി മോദി അമരീന്ദറുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
ഇക്കഴിഞ്ഞ പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് മുൻപായിരുന്നു കോൺഗ്രസുമായി തെറ്റിപരിഞ്ഞ് അമരീന്ദർ സിംഗ് പാർട്ടി വിട്ടത്. മുൻ ഉപമുഖ്യമന്ത്രി കൂടിയായ നവജ്യോത് സിംഗ് സിദ്ധുവുമായുള്ള അധികാര തർക്കങ്ങളായിരുന്നു അമരീന്ദറിന്റെ പുറത്താകലിന് വഴി വെച്ചത്. കോൺഗ്രസ് വിട്ട പിന്നാലെ തന്നെ അദ്ദേഹം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയുമായി സഖ്യത്തിലായിരുന്നു അമരീന്ദറിന്റെ പാർട്ടി മത്സരിച്ചത്. എന്നാൽ ബി ജെ പിക്കും അമരീന്ദറിനും യാതൊരു ചലനവും ഉണ്ടാക്കാൻ സാധിച്ചിരുന്നില്ല.
അതേസമയം തനിച്ച് പോകുന്നതിന് പകരും ബിജെപിയിൽ ലയിച്ച് മുന്നേറ്റം കൊയ്യാനുള്ള ആലോചനയിലാണ് ക്യാപ്റ്റൻ എന്നുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേര് പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്. ബിജെപി കേന്ദ്ര നേതൃത്വമോ അമരീന്ദർ സിംഗോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ആഗസ്റ്റ് പത്തിനാണ് അവസാനിക്കുന്നത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര മന്ത്രിസഭയിലെ മുസ്ലീം മുഖമായ മുക്താർ അബ്ബാസ് നഖ്വി എന്നിവരുടെ പേരുകൾ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ബി ജെ പി പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
രാജ്യസഭയിലെ 233 രാജ്യസഭാ അംഗങ്ങളും ലോക്‌സഭയിലെ 543 ലോക്‌സഭാ അംഗങ്ങളും കൂടിയാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുക.അതുകൊണ്ട് തന്നെ എംപിമാരുടെ വോട്ടുകളുടെ മൂല്യം കണക്കാക്കുമ്പോൾ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സ്ഥാനാർത്ഥിക്ക് എളുപ്പം വിജയിക്കാം. ഓഗസ്റ്റ് ആറിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക. അന്ന് തന്നെ വോട്ടെണ്ണലും നടക്കും. ജുലൈ അഞ്ചിന് വിഞ്ജാപനം പുറപ്പെടുവിക്കും.












Click it and Unblock the Notifications