ഓര്‍ഡര്‍ ചെയ്ത ഫോണ്‍ ഉപഭോക്താവിന് നല്‍കാതെ മറിച്ചുവിറ്റു; ആമസോണ്‍ ഡെലിവറി ബോയ് ദില്ലിയില്‍ അറസ്റ്റിൽ
ദില്ലി: ഉപഭോക്താവിനെ കബളിപ്പിച്ചതിനെ തുടര്‍ന്ന് അമസോണ്‍ ഡെലിവറി ബോയിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപഭോക്താവ് ബുക്ക് ചെയ്ത ഫോണ്‍ ഡെലിവറി ചെയ്യാതെ മറിച്ചുവിറ്റതിനാണ് 22കാരനായ യുവാവിനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ബുക്ക് ചെയ്ത് ഫോണ്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ഓര്‍ഡര്‍ റദ്ദാക്കിയെന്നും ഫോണിന്റെ പണം ഉടന്‍ അക്കൗണ്ടില്‍ തിരിച്ചെത്തുമെന്നും യുവാവ് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം അക്കൗണ്ടില്‍ ലഭിക്കാത്തതോടെ ഉപഭോക്താവ് അമസോണിന്റെ വെബ്‌സൈറ്റില്‍ കയറി പരിശോധിച്ചു. ഓര്‍ഡര്‍ ചെയ്ത ഫോണ്‍ താങ്കള്‍ക്ക് ലഭ്യമായെന്നാണ് സൈറ്റില്‍ നോക്കിയപ്പോള്‍ കണ്ടത്. തുടര്‍ന്ന് കസ്റ്റമര്‍ കെയറുമായി ബന്ധപ്പെട്ടപ്പോള്‍ ഫോണ്‍ ഡെലിവറി ചെയ്‌തെന്ന് അവരും ആവര്‍ത്തിച്ചു. തുടര്‍ന്നാണ് ഉപഭോക്താവ് പൊലീസില്‍ പരാതി നല്‍കിയത്.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ മറ്റൊരു യുവാവില്‍ നിന്നും കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഇപ്പോള്‍ അറസ്റ്റിലായ ഡെലിവറി ബോയ് അയാള്‍ക്ക് വിറ്റതാണെന്ന് മനസിലായത്. ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് ഐപിസി സെക്ഷന്‍ 420 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ദില്ലി കൃതി നഗറിലുള്ള ജവഹര്‍ ക്യാമ്പ് സ്വദേശിയായ മനോജ് ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പണത്തിന് പെട്ടെന്ന് ആവശ്യം വന്നതിനെ തുടര്‍ന്നാണ് ഫോണ്‍ വിറ്റ് തട്ടിപ്പ് നടത്തിയതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കി.