amazon layoff: ആമസോണ്‍ പിരിച്ചുവിടല്‍: ഈ പട്ടികയില്‍ ആരൊക്കെ? ഇന്ത്യയില്‍ എത്ര പേര്‍ക്ക് ജോലി നഷ്ടപ്പെടും?
ബെംഗളൂരു: ലോകമെമ്പാടുമുള്ള കോര്‍പറേറ്റ് ജീവനക്കാരില്‍ ആശങ്ക പരത്തി, ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ കൂട്ടപിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു. രണ്ടാംഘട്ട പിരിച്ചുവിടലാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ആമസോണിന്റെ നടപടി ഇന്ത്യയിലും ഐടി ജീവനക്കാരില്‍ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ആഗോളതലത്തില്‍ 30,000 കോര്‍പ്പറേറ്റ് ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമാകുന്നത്.
ഇന്ത്യയിലെ ആമസോണ്‍ ഓഫീസുകളില്‍ നിന്ന് ഏകദേശം 1,000 പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 27, 28 തീയതികളില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. ആമസോണ്‍ വെബ് സര്‍വീസസ്, റീട്ടെയില്‍, പ്രൈം വീഡിയോ, ഹ്യൂമന്‍ റിസോഴ്സ് (എച്ച്.ആര്‍) എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടല്‍ പ്രധാനമായും ബാധിക്കുക.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ആമസോണിന് ഓഫീസുകളുണ്ട്. ആമസോണിന് വലിയ സാന്നിധ്യമുള്ള ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പുണെ, ഗുരുഗ്രാം എന്നിവിടങ്ങളിലെ ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ഈ നടപടി തിരിച്ചടിയായേക്കാം.

കമ്പനിയില്‍ ജോലിക്കാരുടെ എണ്ണം കൂടുതലായതിനാലാണ് പിരിച്ചുവിടല്‍ എന്നാണ് കമ്പനി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ജീവനക്കാരുടെ എണ്ണം കുറച്ച് പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കാനാണ് ഈ നടപടിയെന്ന് സിഇഒ ആന്‍ഡി ജാസി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് എന്നിവയുടെ കടന്നുവരവും തൊഴില്‍നഷ്ടത്തിന് കാരണമാകുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും സമാനമായ രീതിയില്‍ ആമസോണ്‍ പിരിച്ചുവിടല്‍ നടത്തിയിരുന്നു. കോര്‍പ്പറേറ്റ് വിഭാഗത്തിലെ ഏകദേശം 10 ശതമാനം ജീവനക്കാരെയാണ് ഈ ഘട്ടത്തില്‍ ഒഴിവാക്കുന്നത്. അന്നും ആയിരത്തോളം ഇന്ത്യന്‍ ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇത് ആമസോണിന്റെ 30 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലായാണ് കണക്കാക്കപ്പെടുന്നത്. 2022 ല്‍ കമ്പനി ഏകദേശം 27,000 തസ്തികകള്‍ വെട്ടിക്കുറച്ചിരുന്നു.
ആമസോണ്‍ മാത്രമല്ല, മറ്റ് പ്രമുഖ വിദേശ കമ്പനികളായ ഗൂഗിളും മെറ്റയും മൈക്രോസോഫ്റ്റും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായി ചില പ്രത്യേക വിഭാഗങ്ങള്‍ നിര്‍ത്തലാക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ തുടങ്ങിയ ഇന്ത്യന്‍ ഐടി ഭീമന്മാരും പ്രകടനം മോശമായ ജീവനക്കാരെ ഒഴിവാക്കാനും പുതിയ നിയമനങ്ങള്‍ കുറയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യമല്ല ഈ ഈ പിരിച്ചുവിടലുകള്‍ക്കു കാരണം. മറിച്ച് എഐ യുഗത്തിലേക്കുള്ള കമ്പനികളുടെ മാറ്റമാണ് ജീവനക്കാരെ കുറയ്ക്കാന്‍ കാരണം. മനുഷ്യര്‍ ഏറെ സമയം എടുത്ത് ചെയ്തിരുന്ന കോഡിങ്, ഡാറ്റ എന്‍ട്രി, ഹ്യൂമന്‍ റിസോഴ്സ് ജോലികള്‍ ഇപ്പോള്‍ എഐ ടൂളുകള്‍ക്ക് കൂടുതല്‍ വേഗത്തില്‍ ചെയ്യാന്‍ കഴിയുന്നുണ്ട്. ഇത് കോര്‍പ്പറേറ്റ് തലത്തില്‍ ഏകദേശം 10 മുതല്‍ 15 ശതമാനം വരെ ജീവനക്കാരുടെ കുറവ് വരുത്താന്‍ കമ്പനികളെ പ്രേരിപ്പിക്കുന്നു.












Click it and Unblock the Notifications