'നാണമില്ലേ രാഹുൽ', ആക്രോശിച്ച് ബിജെപി നേതാക്കൾ, എന്നെയാണ് തള്ളിയതെന്ന് രാഹുൽ, വീഡിയോ വൈറൽ
ഡല്‍ഹി: അംബേദ്കര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നാടകീയ സംഭവ വികാസങ്ങള്‍ക്കാണ് ഇന്ന് പാര്‍ലമെന്റ് വളപ്പ് സാക്ഷ്യം വഹിച്ചത്. ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ പ്രതിഷേധ മാര്‍ച്ചുമായി ഇറങ്ങിയപ്പോള്‍ പ്രതിരോധിക്കാന്‍ ഭരണകക്ഷി എംപിമാരും കളത്തിലിറങ്ങി. ഇതോടെ പാര്‍ലമെന്റ് വളപ്പ് സംഘര്‍ഷ ഭൂമിയായി.
ഉന്തിനും തള്ളിനുമിടെ ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധി തള്ളിയിട്ടെന്നാണ് ബിജെപി ആരോപിക്കുന്നത്. അതിനിടെ പരിക്കേറ്റ ബിജെപി എംപിയെ രാഹുല്‍ കാണാനെത്തുന്ന വീഡിയോ വൈറലാവുകയാണ്. ബിജെപി നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് ആക്രോശിക്കുന്നതും രാഹുല്‍ പെട്ടെന്ന് തന്നെ മടങ്ങിപ്പോകുന്നതും വീഡിയോയില്‍ കാണാം.

കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ ഭൂപേന്ദര്‍ യാദവ് അടക്കമുളള നേതാക്കള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നെറ്റിയില്‍ മുറിവേറ്റിരിക്കുന്ന സാരംഗിക്ക് സമീപത്തേക്ക് രാഹുല്‍ നടന്ന് വരുന്നു. നിങ്ങള്‍ക്ക് നാണമില്ലേ രാഹുല്‍ എന്ന് ആക്രോശിച്ച് കൊണ്ടാണ് ബിജെപി നേതാക്കള്‍ രാഹുലിനെ സ്വീകരിക്കുന്നത്. വയസ്സായ ഒരു മനുഷ്യനെയാണ് നിങ്ങള്‍ തള്ളിയിട്ടിരിക്കുന്നത്. ഇതെന്താണ് ഗുണ്ടായിസം കാണിക്കുകയാണോ എന്നും ബിജെപി നേതാക്കള്‍ രാഹുലിനോട് ചോദിക്കുന്നത് കേള്‍ക്കാം.
സാരംഗിയെ കണ്ടപ്പോള്‍ എന്താണ് പറ്റിയത് എന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. തള്ളിയിട്ട് മുറിവ് പറ്റിയിരിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ പറയുമ്പോള്‍ അയാള്‍ തന്നെയാണ് പിടിച്ച് തള്ളിയത് എന്ന് രാഹുല്‍ മറുപടി നല്‍കി തിരിച്ച് പോകുന്നതും വീഡിയോയില്‍ കാണാം. മുകേഷ് രാജ്പുത് എംപിയെ രാഹുല്‍ ഗാന്ധി പിടിച്ച് തള്ളുകയും അദ്ദേഹം തന്റെ മേല്‍ വന്ന് വീഴുകയുമായിരുന്നു എന്നാണ് സാരംഗി പറയുന്നത്.
രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയേയും പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ ബിജെപി എംപിമാര്‍ പിടിച്ച് തളളുകയായിരുന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാക്കളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുന്നുണ്ട്.












Click it and Unblock the Notifications