കാർഷിക നിയമഭേദഗതി: ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി, വിദഗ്ധ സമിതി രൂപീകരിക്കും
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ വാദം തുടങ്ങി. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതിനായി ഒരു സമിതി രൂപീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അതേസമയം സുപ്രീംകോടതി നിശ്ചയിക്കുന്ന സമിതി മുന്പില് എത്താന്‍ കഴിയില്ലെന്ന നിലപാട് ഇന്നും കര്‍ഷകര്‍ കോടതിയില്‍ ആവര്‍ത്തിച്ചു.
കര്‍ഷകരുടെ ഭൂമി സംരക്ഷിക്കാമെന്ന ഉറപ്പും കോടതി നല്കുന്നു. കരാർ കൃഷിക്ക് ഭൂമി വാങ്ങുന്നത് തടയും. ആവശ്യമെങ്കില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും കോടതി വ്യക്തമാക്കി. വിദഗ്ധ സമിതി രൂപീകരിക്കുമ്പോള്‍ തന്നെ കാര്‍ഷിക നിയമങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കാനുള്ള സാധ്യതയാണ് ഇപ്പോല്‍ നിലനില്‍ക്കുന്നത്. കര്‍ഷകരുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്യണമെന്ന് കോടതിക്ക് പറയാന്‍ കഴിയില്ല. യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന് കോടതിക്ക് മനസ്സിലാക്കണം. അതിനായി സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി വ്യക്തമാക്കി.
പ്രശ്ന പരിഹാരത്തിനായി വിദഗ്ധ സമിതി രൂപീകരിക്കാമെന്ന കോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറലും അംഗീകരിച്ചു. കാര്‍ഷിക നിയമങ്ങള്‍ റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ട് ഭാരതീയ കിസാന്‍, എംപിമാരായ തിരുച്ചി ശിവ, മനോജ് കുമാര്‍ എന്നിവര്‍ നല്കിയ ഹര്‍ജിയും സമരം ചെയ്യുന്ന കര്‍ഷകരെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പരാതികളുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്.