റഷ്യന്‍ ക്രൂഡോയില്‍ വാങ്ങേണ്ട, ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയെ സഹായിക്കാമെന്ന് യുഎസ്
ദില്ലി: റഷ്യയുമായുള്ള ഇന്ധന ഇടപാട് ഇന്ത്യ അവസാനിപ്പിക്കണമെന്ന സൂചനയുമായി അമേരിക്ക. ഇന്ത്യയുടെ ഊര്‍ജ ഇറക്കുമതിയെ പിന്തുണയ്ക്കാനും വിപുലീകരിക്കാനും സഹായിക്കാമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ വേണ്ടത്ര ഫലം കണ്ടിട്ടില്ല. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ക്രൂഡോയിലിനായി റഷ്യയെ ആശ്രയിക്കുന്നത് കൊണ്ട് റഷ്യയെ സാമ്പത്തിക ഞെരുക്കാന്‍ ലോകരാജ്യങ്ങള്‍ക്ക് സാധിച്ചിട്ടില്ല. റഷ്യയെ പല മേഖലകളിലും നിന്നും അകറ്റി നിര്‍ത്തണമെന്ന് യുഎസ് ആഗ്രഹിക്കുന്നുണ്ട്. ഇതിനായി എല്ലായിടത്തും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

ഇന്ത്യ പക്ഷേ ഇത്തരം ഉപരോദങ്ങള്‍ക്കിടയിലും രഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പ്രധാന കാരണം ഏറ്റവും വിലക്കുറവില്‍ റഷ്യയില്‍ നിന്ന് ഇന്ധനം കിട്ടുമെന്നത് കൊണ്ടാണ്. ഇന്ത്യ ഇന്ധനത്തിനായി ഇറക്കുമതിയെയാണ് പരമാവധി ആശ്രയിക്കുന്നത്. ആഭ്യന്തര വിപണിയില്‍ ഇന്ധനത്തിന് വന്‍തോതില്‍ വില ഉയരുമ്പോള്‍ കൂടി വിലയ്ക്ക് ഇന്ധനം വാങ്ങിയാല്‍ അത് ഇന്ത്യന്‍ സമ്പദ് ഘടനയെ തന്നെ ബാധിക്കും. വിലക്കയറ്റവും അതിരൂക്ഷമാകും. അങ്ങനെയുള്ളപ്പോള്‍ റഷ്യയെ ആശ്രയിക്കുകയാണ് ഏറ്റവും നല്ല മാര്‍ഗം. അതേസമയം യുഎസ്സിന്റെ ഓഫര്‍ വന്ന സാഹചര്യത്തില്‍ ഇന്ത്യ അത് പരിഗണിക്കുമോ എന്ന് വ്യക്തമല്ല.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പാസ്‌കിയാണ് ഇന്ത്യക്ക് സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ നയത്തില്‍ യുഎസ്സിന് കടുത്ത അതൃപ്തിയുണ്ട്. റഷ്യയില്‍ നിന്ന് വലിയ തോതില്‍ ക്രൂഡോയില്‍ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം യുഎസ് താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് വൈറ്റ്ഹൗസ് കരുതുന്നു. റഷ്യക്കെതിരായ ഉപരോധത്തെ ദുര്‍ബലമാക്കുന്ന ഘടകം കൂടിയാണിത്. റഷ്യയില്‍ നിന്ന് ഇന്ധനം വാങ്ങാനുള്ള തീരുമാനം യുഎസ്സിന്റെ നടപടികളുമായി യോജിച്ച് പോകുന്നതല്ല. പക്ഷേ ഇന്ത്യയെ ഇന്ധനത്തിനായി റഷ്യയെ ആശ്രയിക്കുന്ന രീതി അവസാനിപ്പിക്കുന്നതിനായി സഹായിക്കാമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
റഷ്യയില്‍ നിന്ന് ഊര്‍ജ സംബന്ധമായ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത് ഇന്ത്യ വര്‍ധിപ്പിക്കില്ലന്നാണ് ഞങ്ങള്‍ കരുതുന്നതെന്ന് പസാക്കി പറഞ്ഞു. ക്രൂഡോയിലിന്റെയും മറ്റ് ഇറക്കുമതികളുടെയും കാര്യത്തില്‍ യുഎസ് ഇന്ത്യയെ പിന്തുണയ്ക്കാന്‍ തയ്യാറാണ്. റഷ്യയില്‍ നിന്ന് ഒന്നോ രണ്ടോ ശതമാനം ക്രൂഡോയില്‍ ആണ് വാങ്ങുന്നതെങ്കില്‍ പോലും യുഎസ് സഹായിക്കുമെന്ന് പസാക്കി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ കൂടുതല്‍ ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നത്. എട്ട് ശതമാനത്തോളം ക്രൂഡോയില്‍ യുഎസ്സില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുണ്ട്. റഷ്യയില്‍ നിന്ന് വാങ്ങുന്ന ക്രൂഡോയില്‍ മൊത്തം ഇറക്കുമതിയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ്.
യുക്രൈനില്‍ നടക്കുന്ന യുദ്ധത്തിനെതിരാണ് ഇന്ത്യയെന്ന് നേരത്തെ തന്നെ വിദേശകാര്യ മന്ത്രി നിലപാട് വ്യക്തമാക്കിയിരുന്നു. രക്തച്ചൊരിച്ചില്‍ കൊണ്ട് ഒന്നും നേടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒരു പക്ഷം ചേരുകയാണെങ്കില്‍ അത് സമാധാനത്തിന്റെയും അക്രമം അടിയന്തരമായി അവസാനിപ്പിക്കുന്നതിന്റെയും പക്ഷമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇന്ത്യയുടെ നിലപാടുകള്‍ക്ക് രാഷ്ട്രീയ നിറം നല്‍കുന്നത് അന്യായമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സമീപനങ്ങള്‍ ദേശീയ വിശ്വാസങ്ങളുടെയും മൂല്യങ്ങളുടെയും, ദേശീയ താല്‍പര്യത്തിന്റെയും അടിസ്ഥാനത്തിലായിരിക്കുമെന്നും ജയശങ്കര്‍ വ്യക്തമാക്കി.
റഷ്യക്കെതിരായ ഉപരോധത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഎസ് ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ദലീപ് സിംഗ് നേരത്തെ ഇന്ത്യയിലെത്തിയിരുന്നു. ഈ വിഷയത്തില്‍ ഇന്ത്യയുമായുള്ള ചര്‍ച്ചകള്‍ തുടരുമെന്നാണ് യുഎസ് നല്‍കുന്ന സൂചന. ഉപരോധത്തെ ലംഘിച്ച് റഷ്യയുമായി വ്യാപാര ബന്ധം തുടര്‍ന്നാല്‍ നടപടിയെടുക്കാന്‍ യുഎസ് ബാധ്യസ്ഥരാവുമെന്ന മുന്നറിയിപ്പും വൈറ്റ്ഹൗസ് നല്‍കുന്നുണ്ട്. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി നേരത്തെ ജയശങ്കര്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും യുദ്ധം അവസാനിപ്പിക്കണമെന്നാണ് റഷ്യയോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications