ശരദ് പവാറിന് കേന്ദ്രമന്ത്രിയാകാം; കോണ്‍ഗ്രസ്-എന്‍സിപി ലയന ചര്‍ച്ചയ്ക്കിടെ ഓഫറുമായി വിമതര്‍
മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിപക്ഷം കൂടുതല്‍ ദുര്‍ബലമാകുന്നു. ശിവസേനക്ക് പിന്നാലെ എന്‍സിപിയിലും വിമത സ്വരം ശക്തം. മൂന്ന് വര്‍ഷം മുമ്പ് പിളര്‍ന്ന എന്‍സിപിക്ക് ഇനിയും ഒരു പിളര്‍പ്പ് താങ്ങില്ലെന്ന് മനസിലാക്കിയ ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസുമായി ലയിക്കാം എന്ന ആലോചനയിലാണ്. ഈ ചര്‍ച്ച നടക്കുന്നതിനിടെയാണ് എന്‍ഡിഎ പക്ഷത്തേക്ക് മാറാന്‍ ഒരു വിഭാഗം സമ്മര്‍ദ്ദം ചെലുത്തുന്നത്.
1999ലാണ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ശരദ് പവാര്‍ എന്‍സിപി രൂപീകരിച്ചത്. സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ നേതൃത്വം ഏറ്റെടുക്കുന്നതിലെ എതിര്‍പ്പായിരുന്നു കാരണം. ദേശീയ തലത്തില്‍ എന്‍സിപി ചില ചലനങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒടുവില്‍ മഹാരാഷ്ട്രയില്‍ മാത്രമായി ഒതുങ്ങി. ഏതാനും വര്‍ഷത്തിനിടെ അനന്തരവന്‍ അജിത് പവാറും കൂട്ടരും ഉടക്കിപ്പിരിയുകയും ബിജെപിയും ശിവസേനയിലെ ഒരു വിഭാഗവും നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ഭാഗമാകുകയും ചെയ്തു.

(file Photo)
എന്‍സിപിക്ക് പാര്‍ലമെന്റില്‍ 10 അംഗങ്ങളാണുള്ളത്. രാജ്യസഭയില്‍ രണ്ടും ലോക്‌സഭയില്‍ എട്ടും. ഇതില്‍ ആറ് എംപിമാര്‍ ഏകനാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയ്‌ക്കൊപ്പം പോകാമെന്ന ആവശ്യക്കാരാണ്. അല്ലെങ്കില്‍ എന്‍ഡിഎ പക്ഷത്തേക്ക് മാറണം എന്നും അവര്‍ ആവശ്യപ്പെടുന്നു. ഇതിനോട് ശരദ് പവാറിന് യോജിപ്പില്ല. വീണ്ടും എന്‍സിപി പിളരാനുള്ള സാധ്യതയാണ് തെളിയുന്നത്.
അജിത് പവാര്‍ പക്ഷവും ശരദ് പവാര്‍ പക്ഷവും ലയിക്കുമെന്നും എന്‍സിപി ശക്തിപ്പെടുമെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇങ്ങനെ ഒരു ചര്‍ച്ചയില്ലെന്ന് ആഴ്ചകള്‍ക്ക് മുമ്പ് ശരദ് പവാറുമായി ബന്ധമുള്ളവര്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസുമായി ലയിക്കാമെന്ന് ശരദ് പവാര്‍ പക്ഷം ആലോചിച്ചിരുന്നു. പക്ഷേ, ചര്‍ച്ചകള്‍ എവിടെയുമെത്തിയില്ല. തിരഞ്ഞെടുപ്പ് കഴിയട്ടെ എന്ന ധാരണയില്‍ ചര്‍ച്ചകള്‍ നിലച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ദുര്‍ബലമായി
ഉദ്ധവ് പക്ഷവും ഷിന്‍ഡെ പക്ഷവുമായി ശിവസേന രണ്ടായി പിരിയുകയും ഉദ്ധവ് പക്ഷത്ത് നിന്നുള്ള എംപിമാരില്‍ മിക്കവരും ഷിന്‍ഡെ പക്ഷത്തേക്ക് മാറുകയും ചെയ്തതോടെയാണ് എന്‍സിപിയില്‍ വീണ്ടും വിമതസ്വരം ശക്തിപ്പെട്ടത്. രണ്ട് വാഗ്ദാനങ്ങളാണ് വിമതര്‍ ശരദ് പവാറിന് മുന്നില്‍ വച്ചതത്രെ. ശിവസേനയിലെ ഷിന്‍ഡെ പക്ഷത്ത് ചേര്‍ന്ന് കേന്ദ്രമന്ത്രിസഭയില്‍ അംഗമാകാം. അല്ലെങ്കില്‍ എന്‍സിപി പൂര്‍ണമായും എന്‍ഡിഎ പക്ഷത്തേക്ക് മാറാം. ഈ രണ്ട് കാര്യങ്ങളും ശരദ് പവാര്‍ അംഗീകരിക്കുന്നില്ല.
കോണ്‍ഗ്രസില്‍ ലയിക്കാമെന്നാണ് ശരദ് പവാറിന്റെ ആലോചന. മഹാരാഷ്ട്രയില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുവത്രെ. മഹാരാഷ്ട്ര പിസിസിക്ക് എതിര്‍പ്പില്ലെന്നാണ് വിവരം. എന്നാല്‍ ഇവര്‍ ലയിച്ചാല്‍ സ്ഥാനങ്ങള്‍ എങ്ങനെ പങ്കിടും എന്നതില്‍ അവ്യക്തത തുടരുന്നുണ്ട്. എന്‍സിപി ലയിച്ചാല്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര പോര് തുടങ്ങുമോ എന്ന ആശങ്ക ഹൈക്കമാന്റിനുണ്ട്. മഹാരാഷ്ട്ര പിസിസി അധ്യക്ഷ പദവി, ദേശീയ പ്രവര്‍ത്തക സമിതിയില്‍ താന്‍ നിര്‍ദേശിക്കുന്നവര്‍ക്ക് അംഗത്വം, മകള്‍ സുപ്രിയ സുലെക്ക് ദേശീയ തലത്തില്‍ സുപ്രധാന പദവി എന്നീ കാര്യങ്ങള്‍ ശരദ് പവാര്‍ മുന്നോട്ട് വച്ചു എന്നും വാര്‍ത്തകളുണ്ട്.
അതേസമയം, കോണ്‍ഗ്രസും എന്‍സിപിയും ലയിച്ചാല്‍ മഹാരാഷ്ട്രയില്‍ പ്രതിപക്ഷം കൂടുതല്‍ ശക്തിപ്പെടുമെന്നും തിരഞ്ഞെടുപ്പുകളില്‍ നേട്ടം കൊയ്യാമെന്നുമാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. സംസ്ഥാനതലത്തില്‍ അന്തിമ ധാരണയായ ശേഷം ഹൈക്കമാന്റിന് വിവരങ്ങള്‍ കൈമാറാമെന്നാണ് ധാരണ. ശേഷം അന്തിമ തീരുമാനം ഹൈക്കമാന്റ് എടുക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.


Click it and Unblock the Notifications