ബിബിസിയില്‍ ഇന്‍കം ടാക്‌സിന്റെ പരിശോധന; ഫോണുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്
2002ലെ ഗുജറാത്ത് കലാപത്തെ കുറിച്ച് അടുത്തിടെ ബിബിസി പുറത്തുവിട്ട ഡോക്യുമെന്ററി വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് റെയ്ഡ്

ന്യൂദല്‍ഹി: അന്താരാഷ്ട്ര മാധ്യമമായ ബി ബി സിയുടെ ഓഫീസില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന.. ദല്‍ഹിയിലെ ബി ബി സിയുടെ ഓഫീസിലാണ് പരിശോധന നടത്തിയിരിക്കുന്നത്. ബി ബി സിയുടെ മുംബൈ ഓഫീസിലും പരിശോധന നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതായും അവരോട് വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതായും വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും 2002ലെ ഗുജറാത്ത് കലാപത്തെയും കുറിച്ച് അടുത്തിടെ ബി ബി സി പുറത്തുവിട്ട ഡോക്യുമെന്ററി വിവാദമായ സാഹചര്യത്തിലാണ് പരിശോധന എന്നതും ശ്രദ്ധേയമാണ്.
'ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍' എന്ന പേരില്‍ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് ബി ബി സി പുറത്തിറക്കിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ചാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്. എന്നാല്‍ ഇതിന് എതിരെ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.
വസ്തുനിഷ്ഠത ഇല്ലാത്തതും കൊളോണിയല്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ പ്രചാരണം എന്നാണ് വിദേശകാര്യ മന്ത്രാലയം ബി ബി സി ഡോക്യുമെന്ററിയെ വിശേഷിപ്പിച്ചത്. ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ്, സി പി എം പോലുള്ള രാഷ്ട്രീയ കക്ഷികള്‍ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഡോക്യുമെന്ററി വിലക്കിയതിന് എതിരെ പ്രതിപക്ഷ കക്ഷികള്‍ കേന്ദ്ര സര്‍ക്കാരിന് എതിരെ രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications