ഇറാന്‍, ഇസ്രായേല്‍ എന്നിവിടങ്ങളിലേക്കുള്ള യാത്ര വിലക്കി കേന്ദ്രസര്‍ക്കാര്‍; അസാധാരണ സാഹചര്യം
ന്യൂഡല്‍ഹി: ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കോ ഇസ്രായേലിലേക്കോ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യന്‍ പൗരന്മാരോട് വിദേശകാര്യ മന്ത്രാലയം. നിലവില്‍ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ അടുത്തുള്ള ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടണം എന്നും വിശദാംശങ്ങള്‍ അറിയിക്കണം എന്നും മന്ത്രാലയം നിര്‍ദേശിച്ചു.
മേഖലയില്‍ സംഘര്‍ഷം വ്യാപകമാകുന്നതിനിടെയാണ് മുന്നറിയിപ്പ്. ഇന്ത്യന്‍ പൗരന്‍മാര്‍ അതീവ ജാഗ്രത പാലിക്കണം എന്നും പുറത്തേക്കിറങ്ങുന്നത് അത്യാവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തണം എന്നും മന്ത്രാലയം പറഞ്ഞു. നിലവില്‍ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന എല്ലാവരും അവരുടെ സുരക്ഷ ഉറപ്പാക്കണം എന്നും പരമാവധി മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

നേരത്തെ സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റ് ഇസ്രായേല്‍ ആക്രമിച്ചിരുന്നു. ഇതിന് പ്രതികാര നടപടിയെടുക്കുമെന്ന് ഇറാന്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് മിഡില്‍ ഈസ്റ്റില്‍ അക്രമം രൂക്ഷമാകുമെന്ന ആശങ്ക ഉടലെടുത്തത്. ഡമാസ്‌കസിലെ എംബസി വളപ്പില്‍ ഇറാന്റെ ഉന്നത ജനറലിനെയും മറ്റ് ആറ് ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയ വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പറഞ്ഞിട്ടുണ്ട്.
യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സംഭവത്തെ അപലപിക്കുകയും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്തിരുന്നെങ്കില്‍ ഇത് ഒഴിവാക്കാമായിരുന്നുവെന്ന് ടെഹ്റാന്‍ പറഞ്ഞു. ഇറാന്‍, ഇസ്രായേലില്‍ മിന്നലാക്രമണം നടത്തിയേക്കുമെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സിനെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ഇറാന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കടുത്ത ജാഗ്രതയിലാണ് ഇസ്രായേല്‍.
സൈനികരുടെ അവധി റദ്ദാക്കി തിരിച്ചുവിളിച്ച ഇസ്രായേല്‍ റിസര്‍വിസ്റ്റുകളോട് ഉടന്‍ സര്‍വീസില്‍ തിരിച്ചു കയറണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് നിമിഷവും മിസൈല്‍ ആക്രമണവും സൈബര്‍ ആക്രമണവും പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. ആക്രമണത്തില്‍ 100-ലധികം ഡ്രോണുകളും ഡസന്‍ കണക്കിന് ക്രൂയിസ് മിസൈലുകളും ഇസ്രായേലിലെ സൈനിക ലക്ഷ്യങ്ങള്‍ ലക്ഷ്യമിട്ടുള്ള ബാലിസ്റ്റിക് മിസൈലുകളും ഉള്‍പ്പെടുമെന്നാണ് ഇറാന്‍ സൈനികവൃത്തങ്ങള്‍ പറയുന്നത്.
അതിനിടെ ഇറാന്‍, ലെബനന്‍, ഇസ്രായേല്‍, പലസ്തീന്‍ എന്നിവിടങ്ങളില്‍ യാത്ര ചെയ്യരുതെന്ന് ഫ്രഞ്ച് പൗരന്‍മാരോട് ഫ്രാന്‍സിന്റെ വിദേശകാര്യ മന്ത്രാലയവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍ ആസ്ഥാനമായുള്ള നയതന്ത്രജ്ഞരുടെ ബന്ധുക്കള്‍ ഫ്രാന്‍സിലേക്ക് മടങ്ങുമെന്നും ഇറാന്‍, ലെബനന്‍, ഇസ്രായേല്‍, പലസ്തീന്‍ എന്നിവിടങ്ങളില്‍ ദൗത്യം നടത്തുന്നതില്‍ നിന്ന് ഫ്രഞ്ച് സിവില്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ഇസ്രായേലിലെ യുഎസ് എംബസി, ജീവനക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും ടെല്‍ അവീവ്, ജറുസലേം, ബിയര്‍ ഷെവ എന്നിവയ്ക്ക് പുറത്തേക്കുള്ള യാത്ര നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍-ഹമാസ് യുദ്ധം, ഇസ്രായേല്‍-ഇറാന്‍ യുദ്ധം എന്ന നിലയിലേക്ക് വഴിമാറി പോകുമോ എന്ന ആശങ്കയിലാണ് ലോകം.












Click it and Unblock the Notifications