അജിതും സംഘവും തിരികെ വരുമോ? പവാറിനെ കണ്ട് വിമതര്‍, പ്രതിഭയുടെ ഇടപെടല്‍ വീണ്ടും..?
മുംബൈ: വിമത നേതാക്കള്‍ക്കൊപ്പം എന്‍ സി പി ദേശീയ അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍. പ്രഫുല്‍ പട്ടേല്‍, മന്ത്രിമാരായ ദിലീപ് വാല്‍സെ പാട്ടീല്‍, ഹസന്‍ മുഷ്രിഫ്, ഛഗന്‍ ഭുജബല്‍, ധനഞ്ജയ് മുണ്ടെ, അദിതി തത്കരെ, ഡെപ്യൂട്ടി സ്പീക്കര്‍ നരഹരി സിര്‍വാള്‍ എന്നിവര്‍ക്കൊപ്പമായിരുന്നു അജിത് പവാര്‍, ശരദ് പവാറിനെ കാണാന്‍ വന്നത്.
തങ്ങളുടെ ആരാധനാപാത്രമായ ശരദ് പവാറിന്റെ അനുഗ്രഹം വാങ്ങാനാണ് വന്നത് എന്നും മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും പവാറിന്റെ അടുത്ത അനുയായികളിലൊരാളായിരുന്ന പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. തങ്ങള്‍ എന്‍സിപിയെ ഐക്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നു എന്നും അതിനാല്‍ അക്കാര്യം പരിഗണിച്ച് തങ്ങളെ നയിക്കണം എന്നും പവാര്‍ സാഹെബിനോട് അഭ്യര്‍ത്ഥിച്ചു എന്നും പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

എന്നാല്‍ തങ്ങള്‍ പറഞ്ഞതിനോടൊന്നും പവാര്‍ പ്രതികരിച്ചില്ലെന്നും എന്നാല്‍ എല്ലാം കേട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍, പാര്‍ട്ടി നേതാവ് ജിതേന്ദ്ര അവാദ് എന്നിവരും വൈബി ചവാന്‍ സെന്ററില്‍ എത്തിയിരുന്നു. സംഭവവികാസങ്ങളില്‍ അജിത് പവാര്‍ വിഭാഗം ഖേദം പ്രകടിപ്പിച്ചെന്നും പാര്‍ട്ടിയിലെ നിലവിലെ സങ്കീര്‍ണതകളില്‍ ഒരു വഴി കണ്ടെത്താന്‍ ശരദ് പവാറിനെ പ്രേരിപ്പിക്കുകയും ചെയ്തു എന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു.
എന്നാല്‍ തങ്ങള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. ശരദ് പവാര്‍ വിഭാഗത്തിന് 19 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും വിമതര്‍ തിരിച്ചുവരാന്‍ ആഗ്രഹിച്ചാല്‍ സ്വീകരിക്കാന്‍ എപ്പോഴും തയ്യാറാണെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്ര സര്‍ക്കാരിലെ വകുപ്പ് വിഭജനം പൂര്‍ത്തിയായത്. എന്‍ സി പി വിമതര്‍ക്ക് മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ ലഭിച്ചിരുന്നു.
ഉപമുഖ്യമന്ത്രിയായ അജിത് പവാറിവനാണ് ധനകാര്യ വകുപ്പിന്റെ ചുമതല ലഭിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് അജിത് പവാറും സംഘവും ശരദ് പവാറിനെ കാണാനെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി ജെ പിയെ നേരിടാന്‍ ബംഗളൂരുവില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സുപ്രധാന യോഗം ചേരാന്‍ വെറും രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെയാണ് പുതിയ സംഭവവികാസം.
പട്നയില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആതിഥേയത്വം വഹിച്ച അവസാന യോഗത്തില്‍ ശരദ് പവാര്‍ പങ്കെടുത്തിരുന്നു. അതിനിടെ വെള്ളിയാഴ്ച അജിത് പവാര്‍, ശരദ് പവാറിന്റെ ഔദ്യോഗിക വസതിയായ സില്‍വര്‍ ഓക്ക് സന്ദര്‍ശിച്ചിരുന്നു. മുംബൈയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ശരദ് പവാറിന്റെ ഭാര്യയും തന്റെ അമ്മായിയുമായി പ്രതിഭാ പവാറിനെ കാണാനായിരുന്നു ഇത്.
പ്രതിഭയുമായി വളരെ അടുപ്പം പുലര്‍ത്തുന്നയാളാണ് അജിത് പവാര്‍. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ദവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ ബി ജെ പി, അജിത് പവാറിന്റെ പിന്തുണയോടെ ഹ്രസ്വകാല സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് എന്‍ സി പിയിലേത്ത് അജിത് പവാറിനെ തിരികെ കൊണ്ടുവരുന്നതില്‍ പ്രതിഭ നിര്‍ണായക പങ്ക് വഹിച്ചു എന്നാണ് പറയപ്പെടുന്നത്.
ഈ സാഹചര്യത്തില്‍ മഹാരാഷ്ട്രയിലെ പുതിയ സംഭവവികാസങ്ങള്‍ വീണ്ടുമൊരു ട്വിസ്റ്റിലേക്ക് നീങ്ങുകയാണോ എന്ന സംശയവും പല കോണില്‍ നിന്നും ഉയരുന്നുണ്ട്. പ്രതിഭാ പവാറിനെ കണ്ട ശേഷം ശരദ് പവാറിനെ കാണാനെത്തിയ എന്‍ സി പി വിമതരുടെ നീക്കം ഇതിന് കൂടുതല്‍ ബലമേകുന്നു. അതേസമയം അജിത് പവാര്‍ ക്യാംപ് തിരികെ മടങ്ങാന്‍ സാധ്യത കാണുന്നില്ലെന്നും ഇതൊരു സൗഹൃദ സന്ദര്‍ശനം മാത്രമായിരിക്കാമെന്നുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.












Click it and Unblock the Notifications