ബിഎസ്പിയില്‍ വന്‍ അഴിച്ചുപണി; മൂന്ന് പോസ്റ്റുകള്‍ ഒഴികെ എല്ലാം പിരിച്ചുവിട്ട് മായാവതി
ലഖ്‌നൗ: ഉത്തര്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ പാര്‍ട്ടിയില്‍ അഴിച്ചുപണിയുമായി ബി എസ് പി (ബഹുജന്‍ സമാജ് പാര്‍ട്ടി). ബി എസ് പിയുടെ സംസ്ഥാന പ്രസിഡന്റ്, നിയമസഭാ സ്പീക്കര്‍, ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ ഒഴികെയുള്ള പാര്‍ട്ടിയുടെ എക്‌സിക്യൂട്ടീവ് ബോഡി ഞായറാഴ്ച പിരിച്ചുവിട്ടു. മീററ്റില്‍ നിന്നുള്ള മുങ്കദ് അലി, ബുലന്ദ്ഷഹറില്‍ നിന്നുള്ള രാജ്കുമാര്‍ ഗൗതം, അസംഗഢില്‍ നിന്നുള്ള വിജയ് കുമാര്‍ എന്നീ മൂന്ന് ചീഫ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ സംസ്ഥാനത്തിന്റെ ചുമതല വഹിക്കും.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് മാര്‍ച്ച് 27ന് ലഖ്നൗവില്‍ പാര്‍ട്ടി അവലോകന യോഗം വിളിച്ചിരുന്നു. ഇതിലാണ് തീരുമാനം. നിരവധി പ്രധാന സ്ഥാനങ്ങളില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ പുനഃസംഘടനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിവിഷന്‍ തലത്തില്‍ പുതുമുഖങ്ങള്‍ക്ക് സംഘടനയില്‍ നേതൃ സ്ഥാനം ലഭിച്ചേക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. നേരത്തെ ലോക്‌സഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് റിതേഷ് പാണ്ഡെയെ മാറ്റി പാര്‍ട്ടിയുടെ ചീഫ് വിപ്പായിരുന്ന ഗിരീഷ് ചന്ദ്ര ജാതവിനെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനാ തലത്തിലും അഴിച്ചുപണിയ്ക്ക് മായാവതി ഒരുങ്ങുന്നത്.

ബ്രാഹ്മണനായ പാണ്ഡെ അംബേദ്കര്‍ നഗര്‍ മണ്ഡലത്തെയും ദളിതനായ ജാതവ് നാഗിന (എസ് സി-സംവരണം) മണ്ഡലത്തെയുമാണ് പ്രതിനിധീകരിക്കുന്നത്. സംഗീത ആസാദ് ആണ് ബി എസ് പിയുടെ പുതിയ ചീഫ് വിപ്പ്. ലാല്‍ഗഞ്ചില്‍ നിന്നുള്ള എം പിയാണ് സംഗീത ആസാദ്. ലോക്സഭയില്‍ ബി എസ് പിക്ക് 10 എം പിമാരാണുള്ളത്. എന്നാല്‍ ശ്രാവസ്തി എം പി രാം ശിരോമണി വര്‍മ പാര്‍ട്ടിയുടെ ലോക്‌സഭാ കക്ഷി ഉപ നേതാവായി തുടരും.

അടുത്തിടെ നടന്ന ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി എസ് പി കനത്ത പരാജയമാണ് നേരിട്ടത്. ഒരു സീറ്റില്‍ മാത്രമായിരുന്നു ബി എസ് പിയ്ക്ക് വിജയിക്കാനായത്. വോട്ട് വിഹിതത്തിലും പാര്‍ട്ടി കനത്ത തിരിച്ചടി നേരിട്ടിരുന്നു. 12.8 ശതമാനമായി ബി എസ് പിയുടെ വോട്ട് വിഹിതം കുറഞ്ഞിരുന്നു. റിതേഷ് പാണ്ഡെയുടെ മണ്ഡലമായ അംബേദ്കര്‍ നഗര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി എസ് പിയുടെ ശക്തി കേന്ദ്രമാണ്.

2017 ല്‍, സംസ്ഥാനത്ത് ശക്തമായ ബി ജെ പി തരംഗം ഉണ്ടായിരുന്നിട്ടും അംബേദ്കര്‍ നഗറില്‍ നിന്ന് ബി എസ് പി മൂന്ന് നിയമസഭാ സീറ്റുകള്‍ നേടിയിരുന്നു. കതേരി, ജലാല്‍പൂര്‍, അക്ബര്‍പൂര്‍ എന്നിവയിലായിരുന്നു ബി എസ് പി, ബി ജെ പി തരംഗത്തെ അതിജീവിച്ചത്. എന്നാല്‍ ഇത്തവണ ജില്ലയിലെ അഞ്ച് സീറ്റുകളും സമാജ്വാദി പാര്‍ട്ടി (എസ് പി) തൂത്തുവാരി. ഇതോടെ ഈ സീറ്റുകളും അവര്‍ക്ക് നഷ്ടമായി. അതേസമയം 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പാര്‍ട്ടി മറ്റ് ചില ഉത്തരവാദിത്തങ്ങള്‍ റിതേഷ് പാണ്ഡെയെ ഏല്‍പ്പിക്കുമെന്നാണ് വിവരം.

1995, 1997, 2002 എന്നീ വര്‍ഷങ്ങളില്‍ മായാവതി ഉത്തര്‍ പ്രദേശില്‍ ബി ജെ പി പിന്തുണയോടെ മുഖ്യമന്ത്രിയായിരുന്നു. ബി ജെ പി, സമാജ് വാദി പാര്‍ട്ടി, കോണ്‍ഗ്രസ് എന്നിവര്‍ക്കൊപ്പം ശക്തമായ ചതുഷ്‌കോണ മത്സരത്തിന് കളമൊരുങ്ങിയ യു പിയില്‍ തുടക്കം മുതല്‍ തന്നെ ബി എസ് പി ചിത്രത്തിലെ ഇല്ലായിരുന്നു. പ്രചരണ രംഗത്തെല്ലാം തണുപ്പന്‍ സമീപനമായിരുന്നു ബി എസ് പി സ്വീകരിച്ചത്. മായാവതി ഇത്തവണ മത്സരിക്കാനില്ലെന്നും പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications