കോണ്‍ഗ്രസ് ശാസ്ത്രജ്ഞരെ അപമാനിച്ചെന്ന് അമിത് ഷാ, ശക്തി മിഷനെ രാഹുല്‍ ഗാന്ധി നാടകമാക്കി
ദില്ലി: ബുധനാഴ്ച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ ശക്തി മിഷന്റെ വിജയകരമായി പരീക്ഷിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് പ്രഖ്യാപിച്ചിരുന്നു. ഉപഗ്രഹ വേധ മിസൈല്‍ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറിയെന്നും ഇന്ത്യയ്ക്ക് വലിയ മുതല്‍ കൂട്ടാകുമിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഏറെ നേരത്തെ പിരിമുറുക്കത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. എന്നാല്‍ ഇതോടെ ബിജെപിയും പ്രതിപക്ഷപാര്‍ട്ടികളും തമ്മില്‍ വലിയ വാക്പോരിനാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: പ്രിയങ്കയുടെ നിര്‍ണായക പ്രഖ്യാപനം, തന്റെ ദൗത്യം വേറെ
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ നേട്ടം പ്രധാനമന്ത്രി രാഷ്ട്രീയവത്കരിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസും ഇതിനെ എതിര്‍ത്ത് ബിജെപിയും വാക്പോര് തുടരുകയാണ്. ഡിആര്‍ഡിഒ ശാസ്ത്രജ്ഞര്‍ക്ക് അഭിനന്ദനങ്ങള്‍, നരേന്ദ്രമോദിക്ക് ലോക നാടക ദിനാശംസകള്‍ എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഡിആര്‍ഡിഒ, ഐഎസ്ആര്‍ഒ, കേന്ദ്ര സര്‍ക്കാര്‍ എന്നിവര്‍ക്ക് ആശംസകള്‍ അറിയിച്ചതിനൊപ്പം ഇന്ത്യന്‍ സ്പെയ്സ് പ്രോഗ്രാം 1962ല്‍ ജവഹര്‍ലാല്‍ നെഹ്റു ആവിഷ്കരിച്ചതാണെന്നും ഐഎസ്ആര്‍ഒ ഇന്ദിരാ ഗാന്ധിയുടെ നേട്ടമാണെന്നും പറഞ്ഞു.
ഇതോടെ പ്രകോപിതരായ ബിജെപി നേതൃത്വം ശക്തമായി പ്രതികരിച്ച് രംഗത്തെത്തി. കുടുംബവാഴ്ച്ചയുടെ പിന്മുറക്കാര്ക്ക് രാജ്യം മുഴുവന്‍ ഒറ്റ സ്റ്റേജാണെന്നും അവര്‍ക്ക് സൈനികരുടെ ജീവത്യാഗം നാടകമാണ്, ശാസ്ത്രജ്ഞരുടെ നേട്ടം നാടകമാണ് എന്നായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ട്വീറ്റ്. നേതാക്കളായി നടിക്കുന്നവര്‍ക്ക് അവരുടെ കുടംബാധിപത്യം എത്ര ആഴത്തിലാണ് രാജ്യത്തെ നശിപ്പിച്ചെന്നത് അറിയില്ലെയെന്നും അമിത് ഷാ ചോദിച്ചു.
ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിച്ച് വിജയിച്ചതില്‍ ഭൂമിയിലെ ചിലര്‍ക്കാണ് വേദനിച്ചതെന്നും അമിത് ഷാ പറയുന്നു. സൈനികരെ അപമാനിച്ച് കഴിഞ്ഞപ്പോള്‍ പ്രതിപക്ഷം നമ്മുടെ ശാസ്ത്രജ്ഞരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്നും അമിത് ഷാ പറയുന്നു. ഉപഗ്രഹ വേധ മിസൈലിന് യുപിഎ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്നും പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലാതെയാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും യുപിഎ ഗവണ്മെന്റിന് കഴിവും വ്യക്തതയുമില്ലെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ
2012ല്‍ അഗ്നി 5 പരീക്ഷിച്ചപ്പോള്‍ ഉപഗ്രഹ വേധ മിസൈലിന് അടുത്ത ശ്രമമെന്ന് ഡിആര്‍ഡിഒ തലവന്‍ വികെ സരസ്വത് പറഞ്ഞു. എന്നാല്‍ യുപിഎ അന്നതിന് അനുമതി നല്‍കിയില്ല. ബാലക്കോട്ടില്‍ കോണ്‍ഗ്രസ് ചെയ്ത തെറ്റ് തിരുത്താനുള്ള അവസരമാണിത്. ശാസ്ത്രജ്ഞരെ അനുമോദിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. അതേസമയം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉപഗ്രഹവേധ മിസൈല്‍ വിജയത്തെ നരേന്ദ്രമോദി തിരഞ്ഞെടുപ്പ് വിഷയമാക്കി എന്ന് ആരോപണവുമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നും മമത പറഞ്ഞു.