ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്നെ
ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് സ്വപ്‌നസമാനമായ വിജയം സാധ്യമാക്കിയ തന്ത്രശാലി അമിത് ഷായെ പാര്‍ട്ടിയുടെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ രാജ് നാഥ് സിംഗും ചേര്‍ന്നാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിയായ രാജ് നാഥ് സിംഗ് നേരത്തെ തന്നെ ഇത് സംബന്ധിച്ച സൂചന നല്‍കിയിരുന്നു. അമിത് ഷായ്ക്ക് എല്ലാ ആശംസകളും നേരുന്നതായും അദ്ദേഹം പറഞ്ഞു.
ചുവന്ന പരവതാനി വിരിച്ച ഊഷ്മള യാത്രയല്ല 49 കാരനായ അമിത് ഷായ്ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം. ഗുജറാത്ത് കലാപത്തിലും വ്യാജ ഏറ്റുമുട്ടല്‍ കേസിലും മറ്റുമായി ഒരുപാട് ശത്രുക്കളെ ഉണ്ടാക്കിയിട്ടുണ്ട് അമിത് ഷാ. അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ വലംകൈയായിട്ടും ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായ്ക്ക് ജയിലില്‍ പോകേണ്ടി വന്നു.
എന്നാല്‍ എല്ലാ എതിര്‍പ്പുകളെയും നിശബ്ദമാക്കി അമിത് ഷാ തിരിച്ചുവന്നു. 2014 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശില്‍ ബി ജെ പി നടത്തിയ തേരോട്ടം അമിത് ഷായുടെ അക്കൗണ്ടിലാണ് എഴുതിച്ചേര്‍ക്കപ്പെട്ടത്. ഇപ്പോഴിതാ പാര്‍ട്ടി പ്രസിഡണ്ട് പദവിയും. അമിത് ഷാ നടന്ന വഴികളിലൂടെ.

ജനനം മുംബൈയില്‍
1964 ഒക്ടോബര്‍ 22 ന് മുംബൈയിലായിരുന്നു അമിത് ഷായുടെ ജനനം. മുഴുവന്‍ പേര് അമിത് ഭായി അനില്‍ ചന്ദ്ര ഷാ. മാന്‍സയിലെ വ്യവസായിയായ അനില്‍ചന്ദ്ര അച്ഛന്‍.

പഠനം, ബിരുദം
സാമ്പത്തികമായി നല്ല സ്ഥിതിയിലുള്ള കുടുംബത്തില്‍ ജനിച്ച അമിത് ഷാ പഠനത്തിലും മോശമായിരുന്നില്ല. സി യു ഷാ കോളേജില്‍ നിന്നും ബയോകെമിസ്ട്രിയില്‍ ബിരുദമുണ്ട് അമിത് ഷായ്ക്ക്.

മോദിയെ കാണുന്നു
1982 ലാണ് അമിത് ഷാ നരേന്ദ്ര മോദിയെ ആദ്യമായി കാണുന്നത്. അമിത് ഷായുടെ രാഷ്ട്രീയ കരിയറില്‍ ഏറെ മാറ്റങ്ങള്‍ വരുത്തി ഈ കൂടിക്കാഴ്ച.

രാഷ്ട്രീയത്തിലേക്ക്
1983 ല്‍ എ ബി വി പിയിലൂടെ അമിത് ഷാ വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്കും പിന്നീട് സജീവ രാഷ്ട്രീയത്തിലേക്കും എത്തി. 1991 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്വാനിക്ക് വേണ്ടി പ്രചാരണം നടത്തി.

മോദിക്കൊപ്പം
2001 ല്‍ കേശുഭായ് പട്ടേലിനെ മറികടന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി. പതിയെ രാഷ്ട്രീയ എതിരാളികള്‍ ഈ കൂട്ടുകെട്ടിന് മുന്നില്‍ നിശബ്ദരായി. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ 2002 ല്‍ അസംബ്ലിയിലെത്തി.

മന്ത്രിസഭയിലേക്ക്
മോദി മന്ത്രിസഭയിലെ പ്രായം കുറഞ്ഞ മന്ത്രി എന്ന റെക്കോര്‍ഡുമായി ഭരണത്തിലേക്ക്. ആഭ്യന്തരമന്ത്രി പദവിയടക്കം പലവിധ ചുമതലകളാണ് മന്ത്രിസഭയില്‍ ഷായ്ക്ക് ഉണ്ടായിരുന്നത്. മോദിയുടെ ഗുജറാത്തിലെ രണ്ടാമത്തെ നേതാവായി മാറി അമിത് ഷാ.

ആരോപണം
2010 ല്‍ സോറാബുദീന്‍ ഷെയ്ഖ് കൊലക്കേസില്‍ അമിത് ഷായ്ക്കും പങ്കുള്ളതായി ആരോപണമുയര്‍ന്നു. 2010 ജൂലൈ 25 ന് അമിത് ഷാ അറസ്റ്റിലായി. മൂന്ന് മാസം ജയിലില്‍ കഴിഞ്ഞു. രാഷ്ട്രീയപ്രേരിതമാണ് ആരോപണങ്ങള്‍ എന്ന് പിന്നീട് തെളിഞ്ഞു.

തിരഞ്ഞെടുപ്പിലേക്ക്
കറകളെല്ലാം മായ്ച്ചുകളയപ്പെട്ട അമിത് ഷായെ ഉത്തര്‍പ്രദേശ് പിടിക്കാനാണ് മോദി നിയോഗിച്ചത്. യു പിയില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച് തന്ത്രങ്ങള്‍ മെനഞ്ഞ അമിത് ഷായുടെ പ്രവര്‍ത്തനം ഫലം കണ്ടു. റെക്കോര്‍ഡ് നേട്ടത്തോടെ ബി ജെ പി ഉത്തര്‍പ്രദേശ് പിടിച്ചടക്കി.

തോറ്റിട്ടില്ല
1989 ന് ശേഷം വിവിധ തലങ്ങളിലായി 29 തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ട് അമിത് ഷാ. അഞ്ച് തവണ എം എല്‍ എയും ഒരിക്കല്‍ എം പിയും ആയി. ഒരിക്കല്‍ പോലും അമിത് ഷാ തിരഞ്ഞെടുപ്പില്‍ തോറ്റിട്ടില്ല.

താക്കോല്‍ സ്ഥാനത്തേക്ക്
അമിത് ഷാ ബി ജെ പി പ്രസിഡണ്ടാകുന്നതോടെ സര്‍ക്കാരും പാര്‍ട്ടിയും മോദി ക്യാംപില്‍ ഭദ്രമാകും. ആദ്യം എതിര്‍ത്തെങ്കിലും അമിത് ഷായെ പ്രസിഡണ്ടാക്കാനുള്ള തീരുമാനം ആര്‍ എസ് എസ് ഒടുവില്‍ ബി ജെ പിക്ക് വിടുകയായിരുന്നു.












Click it and Unblock the Notifications