ചണ്ഡീഗഡില്‍ അമിത് ഷായുടെ നീക്കം, എഎപി ഞെട്ടലില്‍, കേന്ദ്രത്തിന്റെ അധികാരം ശക്തമാക്കുന്നു
ചണ്ഡീഗഡ്: കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഡിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ അതേ ആനുകൂല്യങ്ങള്‍ ഇനി ലഭിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രഖ്യാപനം പഞ്ചാബിലെ പാര്‍ട്ടികളെ ഒറ്റക്കെട്ടാക്കിയിരിക്കുകയാണ്. ചണ്ഡീഗഡിന് മേല്‍ പഞ്ചാബിനുള്ള നിയന്ത്രണാധികാരത്തെ ഇല്ലാതാക്കാനുള്ള നീക്കമാണ് അമിത് ഷാ നടത്തുന്നതെന്നും, ഇത് ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണെന്നും ആംആദ്മി പാര്‍ട്ടി, അകാലിദള്‍, കോണ്‍ഗ്രസ് എന്നിവര്‍ വാദിച്ചു. പഞ്ചാബില്‍ ഞങ്ങള്‍ നേടിയ വമ്പന്‍ വിജയത്തില്‍ ബിജെപി പതറിപ്പോയിരിക്കുകയാണ്. അതിനെ തുടര്‍ന്ന് വെപ്രാളത്തില്‍ എടുത്ത തീരുമാനമാണിതെന്നും എഎപി തുറന്നടിച്ചു.

കേന്ദ്ര സിവില്‍ സര്‍വീസിന് കീഴിലായിരിക്കും ചണ്ഡീഗഡ് ഭരണകൂടത്തിന്റെ ജീവനക്കാരുടെ സര്‍വീസുകള്‍ വരികയെന്ന് അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം വിരമിക്കല്‍ കാലാവധി വര്‍ധിക്കും. സ്ത്രീകള്‍ക്ക് കുട്ടികളുടെ പരിപാലനത്തിനായി കൂടുതല്‍ സമയവും ലഭിക്കും. കേന്ദ്ര സര്‍വീസിന്റെ ഭാഗമാകുന്നതോടെ ജീവനക്കാര്‍ക്ക് വലിയ തോതില്‍ ഗുണം ചെയ്യുമെന്ന് അമിത് ഷാ പറയുന്നു. നിലവില്‍ വിരമിക്കല്‍ പ്രായം 58 ആണ്. എന്നാല്‍ കേന്ദ്ര നിയമപ്രകാരം 60 വയസ്സായി ഇത് ഉയരും. കുട്ടികളുടെ പരിപാലനത്തിന് ഇനി രണ്ട് വര്‍ഷം വരെ സ്ത്രീകള്‍ക്ക് അവധി ലഭിക്കും. നിലവില്‍ ഇത് ഒരു വര്‍ഷമാണ്.
കേന്ദ്രത്തിന്റെ നീക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും ഞെട്ടിക്കുന്നതായിരുന്നു. ഒരു സൂചന പോലും നല്‍കാതെയാണ് ഇങ്ങനൊരു പ്രഖ്യാപനം നടത്തിയത്. ചണ്ഡീഗഡ് പോലീസിന്റെ ചില പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് അമിത് ഷായുടെ പ്രഖ്യാപനമുണ്ടായത്. ചണ്ഡീഗഡ് ഭരണസമിതിയിലെ ജീവനക്കാരുടെ ദീര്‍ഘകാല ആവശ്യമാണ് സാധിപ്പിച്ച് കൊടുത്തതെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ന് മോദി സര്‍ക്കാര്‍ വമ്പനൊരു തീരുമാനമെടുത്തു. നാളെ ഇതിന്റെ നോട്ടിഫിക്കേഷനുണ്ടാവും. വരുന്ന സാമ്പത്തിക വര്‍ഷം മുതല്‍ ഈ ആനുകൂല്യം ജീവനക്കാര്‍ക്ക് ലഭ്യമായി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
പഞ്ചാബിലെ പാര്‍ട്ടികളെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനമാണിതെന്ന് വ്യക്തമാണ്. എന്നാല്‍ മുഖ്യമന്ത്രി ഭഗവന്ത് മന്നില്‍ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. പഞ്ചാബിലെ മറ്റ് മന്ത്രിമാരും പ്രതികരിച്ചിട്ടില്ല. അതേസമയം എഎപിയുടെ വളര്‍ച്ചയില്‍ ബിജെപി ഭയന്നിരിക്കുകയാണെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. 2017 മുതല്‍ 2022 വരെ കോണ്‍ഗ്രസാണ് പഞ്ചാബ് ഭരിച്ചത്. അമിത് ഷാ ചണ്ഡീഗഡിന്റെ അധികാരം ആ സമയത്ത് കവര്‍ന്നെടുത്തില്ല. എന്നാല്‍ എഎപി പഞ്ചാബ് പിടിച്ചതിന് പിന്നാലെ അമിത് ചണ്ഡീഗഡിന്റെ സേവനങ്ങളെ പിടിച്ചെടുത്തിരിക്കുകയാണെന്നും സിസോദിയ ട്വീറ്റ് ചെയ്തു. നേരത്തെ ദില്ലിയിലെ ഉദ്യോഗസ്ഥരെ വരുതിയില്‍ നിര്‍ത്താന്‍ കേന്ദ്രം ശ്രമിക്കുന്നുന്നുവെന്ന് എഎപി നേരത്തെ ആരോപിച്ചിരുന്നു.
ശിരോമണി അകാലിദള്‍ നേതാവ് ദല്‍ജിത്ത് സിംഗ് ചീമയും കേന്ദ്ര തീരുമാനത്തിനെതിരെ രംഗത്ത് വന്നു. ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ് കേന്ദ്രം നടത്തിയത്. പഞ്ചാബിന് അവരുടെ തലസ്ഥാനത്തെ ഒരിക്കലും നല്‍കില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പഞ്ചാബിന്റെ അവകാശങ്ങളെയാണ് കവര്‍ന്നെടുത്തതെന്നും ചീമ പറഞ്ഞു. പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമാണെന്ന് നേരത്തെ തന്നെ തീരുമാനിച്ചതാണ്. പഞ്ചാബിലെ നിയമങ്ങളായിരിക്കും ഇവിടെയുള്ള ജീവനക്കാര്‍ക്ക് ബാധകമായിരിക്കുകയെന്നും പറഞ്ഞിരുന്നു. പക്ഷേ കേന്ദ്രത്തിന്റേത് ഏകാധിപത്യം നിറഞ്ഞ തീരുമാനമാണ്. പഞ്ചാബിനോട് ചോദിക്കുക പോലും ചെയ്യാതെയാണ് തീരുമാനമെടുത്തതെന്നും ചീമ പറഞ്ഞു.












Click it and Unblock the Notifications