ബിജെപി ബി ടീം; മലയാളികളില്ല, യെഡിയൂരപ്പ വൈസ് പ്രസിഡണ്ട്
ദില്ലി: 11 വൈസ് പ്രസിഡണ്ടുമാരും എട്ട് ജനറല്‍ സെക്രട്ടറിമാരുമായി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ബി ജെ പിയുടെ ബി ടീമിനെ പ്രഖ്യാപിച്ചു. മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ പാര്‍ട്ടി വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തിയതാണ് ശ്രദ്ധേയമായ ഒരു നീക്കം. ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും തീപ്പൊരി നേതാവ് വരുണ്‍ ഗാന്ധിയെ ഒഴിവാക്കി.
പി കെ കൃഷ്ണദാസിനെയും ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കിയിട്ടുണ്ട്. പകരം കേരളത്തില്‍ നിന്നും ആരെയും പരിഗണിച്ചില്ല. ഇതോടെ ബി ജെ പി നേതൃപദവിയില്‍ മലയാളി സാന്നിധ്യം ഇല്ലാതായി. വിഭാഗീയതയുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് കൃഷ്ണദാസിനെ സെക്രട്ടറി പദവിയില്‍ നിന്നും നീക്കാന്‍ കാരണമെന്നാണ് സൂചനകള്‍. കേന്ദ്രമന്ത്രി സ്ഥാനത്തെത്തിയ നേതാക്കളെ പ്രധാന സ്ഥാനങ്ങളില്‍ നിന്നും മാറ്റിയിട്ടുണ്ട്.

അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം പോയ യെഡിയൂരപ്പയ്ക്ക് ഇത് പാര്‍ട്ടിയില്‍ രണ്ടാം ജന്മമാണ്. സ്വന്തം പാര്‍ട്ടിയുണ്ടാക്കി പോയ യെഡ്ഡി ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ബി ജെ പിയില്‍ തിരിച്ചെത്തിയത്. യെഡിയൂരപ്പയ്ക്ക് പുറമെ മുഖ്താര്‍ അബ്ബാഗ് നഖ്വി, ബണ്ടാരു ദത്താത്രേയ, സത്പാല്‍ മല്ലിക്, പുരുഷോത്തം രുപാല, പ്രഭാത് ഝാ തുടങ്ങിയവരും വൈസ് പ്രസിഡണ്ട് സ്ഥാനത്തെത്തി.
വരുണ്‍ ഗാന്ധിയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത് ഞെട്ടിപ്പിക്കുന്ന തീരുമാനമായി. ആര്‍ എസ് എസ് നേതാക്കളായ രാം മാധവ്, മുരളിധര്‍ റാവു എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തെത്തി. എം ജെ അക്ബര്‍, നളിന്‍ കോലി, ഷാനവാസ് ഹുസൈന്‍, മീനാക്ഷി ലേഖി തുടങ്ങിയവരാണ് പാര്‍ട്ടി വക്താക്കള്‍. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള എം പി അനുരാഗ് താക്കൂര്‍ യുവമോര്‍ച്ച പ്രസിഡണ്ടായി തുടരും.












Click it and Unblock the Notifications