അമിത് ഷാ വരുമെന്ന് പറഞ്ഞിട്ടും വന്നില്ല; ബഹളത്തിനിടെ ലോക്‌സഭ പിരിഞ്ഞു, എഫ്‌സിആര്‍എ ജെപിസിക്ക്
ന്യൂഡല്‍ഹി: പതിനേഴ് ദിവസമായി പ്രതിഷേധം തുടരുന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങി ചര്‍ച്ചയാകാമെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നും ലോക്‌സഭയില്‍ വന്നില്ല. പ്രതിപക്ഷ ബഹളം ശക്തമായതോടെ ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെ അവസാനിക്കാനിരിക്കെ. ഇന്ന് ചര്‍ച്ച തുടങ്ങിയാല്‍ നാളെ വൈകീട്ട് മറുപടി നല്‍കാമെന്നാണ് അമിത് ഷാ പറഞ്ഞത്.
ചര്‍ച്ചകളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന വിമര്‍ശനം തള്ളിക്കളഞ്ഞ അമിത്ഷാ, കാണാനില്ല, ഓടിപ്പോയി എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ പാര്‍ലമെന്റില്‍ കൂടിക്കൂടി വരുന്നത് ഖേദകരമാണെന്നും പറഞ്ഞു. അമിത്ഷായുടെ പ്രസംഗം കേള്‍ക്കാന്‍ താല്‍പര്യമില്ലെന്നും ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ കൃത്യമായ മറുപടിയാണ് വേണ്ടതെന്നും പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

അമിത് ഷാ പറഞ്ഞത് ഇങ്ങനെ
''സമ്മേളനം തുടങ്ങിയപ്പോള്‍ മുതല്‍ പാര്‍ലമെന്റില്‍ വരുന്നുണ്ട്. ചേംബറില്‍ ഇരിക്കുന്നുണ്ട്. പ്രതിപക്ഷം പക്ഷേ പാര്‍ലമെന്റിന്റെ ഇരുസഭകളെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. പിന്നെ ഒരാള്‍ എന്ത് ചെയ്യണം? സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സമയം നിശ്ചയിക്കാനും ചര്‍ച്ചക്ക് തയ്യാറാണെന്നും പറഞ്ഞു. ഏത് ചോദ്യത്തിനും ഉത്തരം നല്‍കാന്‍ തയ്യാറാണെന്ന് ഞാനും പറഞ്ഞു. പക്ഷേ പ്രതിപക്ഷം അതിന് തയ്യാറായില്ല. ചര്‍ച്ച നടക്കാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. ഇന്ന് സ്പീക്കര്‍ക്ക് കത്ത് നല്‍കട്ടെ, ചര്‍ച്ച തുടങ്ങട്ടെ, എത്ര നേരം നീണ്ടാലും തടസമില്ല. പ്രതിപക്ഷത്തിന് പറയാനുള്ളതെല്ലാം കേള്‍ക്കാം. നാളെ തന്നെ മറുപടി പറയാം. ഇനി തീരുമാനിക്കേണ്ടത് പ്രതിപക്ഷമാണ്. ചര്‍ച്ച വേണോ അതോ ബഹളം വെച്ച് സഭാനടപടികള്‍ തടസ്സപ്പെടുത്തുക മാത്രമാണോ ലക്ഷ്യമെന്ന്.''
രാഹുല്‍ ഗാന്ധിയുടെ മറുപടി
''അമിത് ഷായുടെ പ്രസംഗം കേള്‍ക്കാന്‍ താല്‍പര്യമില്ല. ചോദ്യങ്ങള്‍ക്ക് ഉത്തരമാണ് വേണ്ടത്. ഡല്‍ഹിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള നടപടിക്ക് ഉത്തരവിട്ടത് ആരാണ്? ആരാണ് വെടിവെച്ചത്? ആണി തറച്ച ലാത്തികള്‍ കൊണ്ട് തല്ലിച്ചതക്കാന്‍ ഉത്തരവിട്ടത് ആരാണ്? ഒരു കുട്ടിയുടെ കണ്ണ് പോയി. ആരാണ് ഉത്തരവാദി? ഡല്‍ഹി പൊലീസിന് ഉത്തരവ് നല്‍കിയത് അമിത് ഷാ ആണെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണം. ഇനി അല്ലെങ്കിലും രാജി വെക്കണം. കാരണം ഡല്‍ഹി പൊലീസിന് ഉത്തരവാദിത്തബോധം നല്‍കാന്‍ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ അദ്ദേഹം പരാജയപ്പെട്ടു. 20 ദിവസമായി, പാര്‍ലമെന്റില്‍ വന്നിട്ടും സഭാനടപടിയില്‍ പങ്കെടുക്കാതിരിക്കുന്ന അമിത് ഷാക്ക് ചോദ്യങ്ങള്‍ നേരിടാനുള്ള ധൈര്യമില്ല.''
ഇന്ന് രാവിലെയും പ്രതിക്ഷ ബഹളത്തെ തുടര്‍ന്ന് തടസപ്പെട്ട ലോക്‌സഭ ഉച്ചക്ക് ചേര്‍ന്നപ്പോള്‍ പൊലീസ് നടപടിയില്‍ ചര്‍ച്ചയാകാമെന്ന് കിരണ്‍ റിജിജു പറഞ്ഞു. നീറ്റ് വിഷയത്തിനൊപ്പം അയോധ്യ ക്ഷേത്രത്തിലെ ഫണ്ട് തട്ടിപ്പും കൂടി ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് വരുമെന്ന് പറഞ്ഞ അമിത് ഷാ സഭയില്‍ എത്തിയില്ല. പിന്നാലെ വീണ്ടും ബഹളമായി. ലോക്‌സഭ ഇന്നത്തേക്ക് പിരിഞ്ഞു. അതിനിടെ എഫ്‌സിആര്‍എ ബില്ല് പാര്‍ലമെന്റിന്റെ സംയുക്ത സമിതിക്ക് വിട്ടു. വ്യാഴാഴ്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കും.





Click it and Unblock the Notifications