ബംഗാൾ രാഷ്ട്രീയത്തിന്റെ യാഥാർത്ഥ്യം അമിത് ഷായ്ക്ക് മനസ്സിലാകില്ല: ആഞ്ഞടിച്ച് തൃണമൂൽ എംപി
കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിന് പിന്നാലെ കടന്നാക്രമിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ്. പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയം കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് മനസ്സിലാകില്ലെന്നും മമത ബാനർജി മൂന്നാം തവണ അധികാരത്തിൽ വരുമെന്നുമാണ് തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജിയുടെ പ്രഖ്യാപനം. 2021 ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ബംഗാളിനെ ലക്ഷ്യംവെച്ച് നീങ്ങുമ്പോഴാണ് അമിത് ഷായ്ക്ക് മറുപടിയുമായി അദ്ദേഹം രംഗത്തെത്തിയിട്ടുള്ളത്.
കർഷക സമരത്തിന് പിന്തുണ;ബിജെപി സഖ്യകക്ഷി നേതാവ് 3 പാര്ലമെന്ററി കമ്മിറ്റികളില് നിന്ന് രാജി വെച്ചു

മൂന്നാമതും അധികാരത്തിൽ വരും
"പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിന്റെ യാഥാർത്ഥ്യം അമിത് ഷായ്ക്ക് മനസ്സിലാകില്ല. മമത ബാനർജി മൂന്നാം തവണ അധികാരത്തിൽ വരും. ആളുകൾക്ക് അവരിൽ അന്തർലീനമായ വിശ്വാസമുണ്ടെന്നും "അദ്ദേഹം പറഞ്ഞു. കുടുംബകേന്ദ്രീകൃത രാഷ്ട്രീയത്തിനെതിരെ അമിതാ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് തൃണമൂൽ നേതാവിന്റെ മറുപടി. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മകൻ ബിസിസിയുടെ ഉന്നത പദവിയിലുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിന് അദ്ദേഹത്തിന്റെ സ്വാധീനത്തിന് നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയിൽ ചേർന്നു
അമിത് ഷായുടെ രണ്ട് ദിവസം നീളുന്ന ബംഗാൾ സന്ദർശനത്തിനിടെയാണ് തൃണമൂൽ കോൺഗ്രസിലെ സമുന്നതനായ നേതാവ് സുവേന്ദു അധികാരി മറ്റ് മുൻ തൃണമൂൽ നേതാക്കൾക്കൊപ്പം പരസ്യമായി ബിജെപിയിൽ ചേർന്നത്. പസ്ചിം മിഡ്നാപ്പൂർ ജില്ലയിൽ വെച്ച് അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു അധികാരിയുടെ പാർട്ടി പ്രവേശം. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്നാണ് അധികാരി പാർട്ടി വിട്ടത്.

അധികാരിയുടെ അഭാവം
തൃണമൂൽ കോൺഗ്രസിലെ സമുന്നതനായ നേതാവായ സുവേന്ദു അധികാരിയാണ് പശ്ചിമബംഗാളിലെ മൂന്ന് പതിറ്റാണ്ട് നീണ്ട സിപിഐയുടെ ഭരണം അവസാനിപ്പിച്ച് തൃണമൂലിന് വേരുറപ്പിക്കാനുള്ള തന്ത്രങ്ങൾ ഒരുക്കിയത്. നന്ദിഗ്രാം നിയോജക മണ്ഡലത്തിൽ മമതാ ബാനർജിയെ അധികാരത്തിലെത്താൻ സഹായിച്ചതിന് പിന്നിലെ ബുദ്ധികേന്ദ്രവും അദ്ദേഹം തന്നെയായിരുന്നു. 2011ലാണ് ആദ്യമായി മമതയുടെ നേതൃത്വത്തിലുള്ള തൃണമൂൽ സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത്.

അത് കൂറുമാറ്റമല്ലേ?
പശ്ചിമബംഗാളിൽ സീറ്റുകളുമായി ബിജെപി അധികാരത്തിലെത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിലെ റാലിയിൽ അവകാശപ്പെട്ടത്. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രംഗത്തെത്തിയ ഷാ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും മുഖ്യമന്ത്രി തനിച്ചാകുമെന്നും കൂട്ടിച്ചേർത്തിരുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ തൃണമൂൽ വിടുകയാണ്. എന്നാൽ നേതാക്കൾ പാർട്ടി വിടുന്ന സംഭവത്തിൽ ബിജെപിയാണ് കുറ്റപ്പെടുത്തിയിരുന്നത്. എനിക്ക് ചോദിക്കാനുള്ളത് തൃണമൂൽ കോൺഗ്രസ് രൂപീകരിക്കുന്നതിന് വേണ്ടി അവർ എപ്പോഴാണ് കോൺഗ്രസ് വിട്ടതെന്നാണെന്നും ഷാ ചോദിക്കുന്നു. അത് കൂറുമാറ്റമായിരുന്നില്ലേ? ഇതൊരു തുടക്കം മാത്രമാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്ക് പാർട്ടിയിൽ അവർ മാത്രമാകുമെന്നും ഷാ കൂട്ടിച്ചേർക്കുന്നു.

നിലമെച്ചപ്പെടുത്തി
2021 ഏപ്രിൽ- മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലായിരിക്കും പ്രധാന പോരാട്ടം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ പ്രകടനം കാഴ്ചവെച്ച ബിജെപിയ്ക്ക് 19 സീറ്റുകൾ കൊണട് തൃപ്തിപ്പെടേണ്ടതായി വന്നിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 42 സീറ്റുകൾ നേടിക്കൊണ്ട് ബിജെപി നില മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു.