അമിത് ഷായ്ക്ക് ഭ്രാന്താണെന്ന് ലാലു പ്രസാദ് യാദവ്
പട്‌ന: ബി ജെ പി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ശരിക്കും ഭ്രാന്ത് പിടിച്ചോ. പിടിച്ചു എന്നാണ് മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവ് പറയുന്നത്. ബിഹാറില്‍ ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം പരാജയപ്പെട്ടാല്‍ പാകിസ്താന്‍ ആയിരിയ്ക്കും അത് ആഘോഷിയ്ക്കുക എന്ന അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെയാണ് ലാലു പ്രസാദ് യാദവ് ശക്തമായ പ്രയോഗവുമായി രംഗത്തെത്തിയിരിക്കുന്നത്.
ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബി ജെ പി തോല്‍ക്കുകയാണെങ്കില്‍ പടക്കം പൊട്ടിച്ചുകൊണ്ടുള്ള ആഘോഷം അങ്ങ് പാകിസ്താനിലായിരിയ്ക്കും നടക്കുക - അമിത് ഷാ പറഞ്ഞത് ഇങ്ങനെയാണ്. എന്നാല്‍ ഈ വാക്കുകളിലൂടെ അമിത് ഷാ ബിഹാറിലെ മുഴുവന്‍ ജനങ്ങളെയും ആക്ഷേപിച്ചിരിക്കുകയാണ് എന്നാണ് ലാലു ആരോപിക്കുന്നത്. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും ഒബിസിക്കാരെയും എല്ലാം പാകിസ്താനികള്‍ എന്ന് വിളിച്ച് ഷാ കളിയാക്കി. ഇത് തങ്ങളോടുള്ള അയാളുടെ മനോഭാവമാണ് കാണിക്കുന്നത്.

അയാള്‍ക്ക് ഭ്രാന്താണ്. അയാള്‍ എല്ലാ ബീഹാറികളെയും അപമാനിച്ചിരിക്കുകയാണ് - ഒരു തിരഞ്ഞെടുപ്പ് റാലിക്ക് മുന്നോടിയായി ലാലു പറഞ്ഞു. ബി ജെ പി എന്നാല്‍ ഇന്ത്യയല്ല. ബിഹാര്‍ പാകിസ്താനുമല്ല. ഇന്ത്യ തോല്‍ക്കുമ്പോള്‍ പടക്കം പൊട്ടിക്കാന്‍ ഇവിടെ ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളിക്കുകയല്ല. അമിത് ഷായ്‌ക്കെതിരെ ലാലു രംഗത്ത് വരുന്നത് ഇതാദ്യമായിട്ടല്ല. ഈ മാസമാദ്യം തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ ലാലു പറഞ്ഞത് അമിത് ഷാ ബിഹാറിനെ തീയിടാന്‍ വന്ന നരഭോജിയാണ് എന്നാണ്.












Click it and Unblock the Notifications