അമിത് ഷാ ഡല്‍ഹി പൊലീസിനെ ഗുണ്ടകളാക്കിയെന്ന് ദീപ്‌കെ; 'സമരം നിര്‍ത്തിയെന്ന് എവിടേയും പറഞ്ഞിട്ടില്ല'
മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം തുടരും എന്ന് സിജെപി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തുടര്‍ന്നും പ്രതിഷേധങ്ങള്‍ നടത്തുന്നതില്‍ നിന്ന് തന്നെയോ മറ്റ് സിജെപി നേതാക്കളെയോ വിലക്കുന്ന ഒരു ബോണ്ടിലും ഒപ്പിട്ടിട്ടില്ലെന്ന് അഭിജീത് ദിപ്‌കെ പറഞ്ഞു. വീണ്ടും തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
'ഞാന്‍ ഒരു ബോണ്ടിലും ഒപ്പിട്ടിട്ടില്ല. ഞങ്ങള്‍ വീണ്ടും തെരുവിലിറങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും പോലുള്ളവരെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. എന്നെ ഒരിക്കലോ നൂറു തവണയോ ജയിലിലടച്ചോളൂ. നിങ്ങളുടെ ഏകാധിപത്യത്തെ ഞങ്ങള്‍ ഭയപ്പെടുന്നില്ല. ഞങ്ങള്‍ ആ ഏകാധിപത്യം അവസാനിപ്പിക്കും,' ദിപ്‌കെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വിമാനത്തില്‍ വെച്ച് അറസ്റ്റ് ചെയ്യാന്‍ തങ്ങള്‍ ഭീകരവാദികളാണോ എന്നും അദ്ദേഹം ചോദിച്ചു. മോദി ഒരു ഏകാധിപതിയാണെന്നും അദ്ദേഹത്തിന്റെ ഏകാധിപത്യം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ദീപ്‌കെ കൂട്ടിച്ചേര്‍ത്തു. രാജ്യം അദാനിക്ക് വിറ്റഴിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. 'വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കുന്ന ഈ രീതി പൊലീസ് എത്ര കാലം തുടരും? അവര്‍ ചെറിയ പെണ്‍കുട്ടികളെപ്പോലും മര്‍ദ്ദിച്ചു.
ഉത്തരവ് ലഭിച്ചാല്‍, അമിത് ഷായെയും മോദിയെയും സന്തോഷിപ്പിക്കാന്‍ അവര്‍ കുട്ടികളെ കൊലപ്പെടുത്തുമോ?' അദ്ദേഹം ചോദിച്ചു. 'എന്റെ മുത്തശ്ശി മരിച്ചുവെന്ന് ഡല്‍ഹി പൊലീസ് എന്നോട് പറഞ്ഞു. ഗ്രാമത്തിലുള്ള എന്റെ കസിനെ വിളിക്കാന്‍ അനുവദിക്കണമെന്നും രണ്ട് മിനിറ്റ് നേരം ഫോണ്‍ നല്‍കണമെന്നും ഞാന്‍ അവരോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ പോലീസ് അത് നിരസിക്കുകയും ഫോണ്‍ നമ്പര്‍ പറഞ്ഞുതരാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എനിക്ക് ആ നമ്പര്‍ ഓര്‍മ്മയില്ലാത്തതിനാല്‍ ഫോണ്‍ തരാന്‍ ഞാന്‍ അവരോട് പറഞ്ഞു. പക്ഷേ ഡല്‍ഹി പൊലീസ് അത് നല്‍കിയില്ല.' പുലര്‍ച്ചെ 3.30-ന് മാതാപിതാക്കളെ വിളിച്ച് തന്റെ അറസ്റ്റ് വിവരം അറിയിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.
Why did you delete the part where I was asking for my phone so I could retrieve my cousin’s number? And where I was asking to let me speak to my lawyers? The same Delhi Police which is now taking the moral high ground for informing me about my grandmother’s demise and offering me a ride home came to me at 3:30 in the morning with arrest papers, demanding that I sign them.Where did all that humanity go at 3:30 AM? Despite knowing that I had just lost my grandmother, they still insisted that I sign the arrest papers. I refused until I was allowed to speak to my lawyers.
— Abhijeet Dipke (@abhijeet_dipke) October 11, 2026
'എന്താണ് അവരുടെ ഉദ്ദേശ്യം? പുലര്‍ച്ചെ 3:30-ന് അവര്‍ എന്നെ ഉണര്‍ത്തിയിട്ട് പറഞ്ഞു, നിന്റെ മാതാപിതാക്കളെ വിളിച്ച് നീ അറസ്റ്റിലായെന്ന് അറിയിക്കൂ'. ഞാന്‍ അവരോട് ചോദിച്ചു, 'എന്തുകൊണ്ടാണ് പകല്‍ മുഴുവന്‍ നിങ്ങള്‍ അവരോട് ഇക്കാര്യം പറയാതിരുന്നത്? എന്നെ അറസ്റ്റ് ചെയ്ത നിലയിലാണോ നിങ്ങള്‍ തടഞ്ഞുവെച്ചിരിക്കുന്നത്? എന്തുകൊണ്ട് പകല്‍ സമയത്ത് അവരെ അറിയിച്ചില്ല? എന്തിനാണ് പുലര്‍ച്ചെ 3:30-ന് എന്നോട് പറയുന്നത്? രാവിലെ വരെ കാത്തിരുന്നുകൂടായിരുന്നോ?'' അദ്ദേഹം പറഞ്ഞു.
ഇതൊരു നിയമപരമായ നടപടിക്രമമാണെന്നാണ് പൊലീസ് തന്നോട് പറഞ്ഞതെന്ന് ദിപ്‌കെ വ്യക്തമാക്കി. 'ആരുടെയെങ്കിലും മാതാപിതാക്കളെ വിളിച്ച് അവരുടെ മകന്‍ അറസ്റ്റിലായെന്ന് അറിയിക്കാന്‍ പുലര്‍ച്ചെ 3:30-ല്‍ എന്ത് നിയമനടപടിയാണ് പാലിക്കേണ്ടത്? എന്റെ മാതാപിതാക്കള്‍ക്ക് ഇതിനകം ആരോഗ്യപ്രശ്‌നങ്ങളുണ്ട്; എന്റെ മുത്തശ്ശി മരിച്ചതിനെത്തുടര്‍ന്ന് അവര്‍ വലിയ ആഘാതത്തിലുമായിരുന്നു,' അദ്ദേഹം പറഞ്ഞു.
ഡല്‍ഹി പൊലീസിനെ ഗുണ്ടകള്‍ എന്ന് വിശേഷിപ്പിച്ച ദീപ്‌കെ പുലര്‍ച്ചെ 3:30-ന് തന്നെ അറസ്റ്റ് വിവരം അറിയിച്ച് മാതാപിതാക്കളെ ഞെട്ടിക്കാനാണ് അവര്‍ ആഗ്രഹിച്ചതെന്ന് പറഞ്ഞു. 'അവരില്‍ മാനുഷികതയൊന്നുമില്ല. യൂണിഫോം ധരിച്ച ഗുണ്ടകളാണവര്‍. അമിത് ഷാ അവരെ ഗുണ്ടകളാക്കി മാറ്റിയിരിക്കുന്നു,' അദ്ദേഹം ആരോപിച്ചു. പ്രതിഷേധിക്കുന്ന പെണ്‍കുട്ടികളോടും സ്ത്രീകളോടും മോശമായി പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അമിത് ഷാ സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ടെന്ന് ദിപ്‌കെ ആരോപിച്ചു.
'അഡീഷണല്‍ ഡിസിപിയായി സ്ഥാനക്കയറ്റം ലഭിച്ച എസിപി വിവേക് ഭഗതിനെതിരെയും ആരോപണങ്ങളുണ്ട്. രാജ്യം ഗുണ്ടകളാല്‍ ഭരിക്കപ്പെടുമ്പോള്‍, ഗുണ്ടകള്‍ക്ക് മാത്രമേ സ്ഥാനക്കയറ്റം ലഭിക്കൂ,' അദ്ദേഹം ആരോപിച്ചു.


Click it and Unblock the Notifications
