അമിത് ഷാ ബിജെപി അധ്യക്ഷ പദവി ഒഴിഞ്ഞേക്കില്ല; ഒരേ സമയം മന്ത്രിയും അധ്യക്ഷനും, സൂചനകള്‍ ഇങ്ങനെ
ദില്ലി: എണ്ണി പറയുമ്പോള്‍ അമിത് ഷാ മോദി മന്ത്രിസഭയില്‍ മൂന്നാമനാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ മോദിക്ക് തൊട്ടുപിന്നില്‍ രണ്ടാമനായി അമിത് ഷായുണ്ടാകും എന്നതാണ് പുതിയ സാഹചര്യം. മോദി, രാജ്‌നാഥ് സിങ്, അമിത് ഷാ എന്നാണ് മന്ത്രിമാരെ എണ്ണുന്നത്. പക്ഷേ 55 കാരനായ അമിത് ഷായാണ് ഇന്ന് ബിജെപിയുടെ തന്ത്രങ്ങളുടെ ആശാന്‍. മോദി എന്തു തീരുമാനം എടുക്കുമ്പോഴും അദ്ദേഹവുമായി കൂടിയാലോചിക്കും.
മന്ത്രിസഭാംഗങ്ങളെ നിര്‍ണിയിക്കുമ്പോള്‍ പോലും പ്രധാന ചര്‍ച്ച നടത്തിയത് മോദിയും അമിത് ഷായും മാത്രമായിരുന്നു. മന്ത്രിസഭിയല്‍ ആരെല്ലാം വേണം എന്ന് തീരുമാനിച്ചത് ഈ രണ്ടു പേരാണ്. ബിജെപി അധ്യക്ഷ പദവി അമിത് ഷാ രാജിവെച്ചിട്ടില്ല. അദ്ദേഹം ഒരേ സമയം കേന്ദ്രമന്ത്രിയും ബിജെപി അധ്യക്ഷനുമാകും എന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. വിശദാംശങ്ങള്‍ ഇങ്ങനെ......

അധ്യക്ഷപദവി രാജിവെക്കും
അമിത് ഷാ ബിജെപി അധ്യക്ഷപദവി രാജിവെക്കും. എന്നാല്‍ ഇപ്പോഴല്ല. അദ്ദേഹത്തിന് കാലവധി ഈ വര്‍ഷം അവസാനം വരെയുണ്ട്. കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാകും രാജി എന്നാണ് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.

നേതാക്കളുടെ നിലപാട്
അമിത് ഷായുടെ അധ്യക്ഷ പദവി തുടരുന്നത് സംബന്ധിച്ച് ബിജെപി ഔദ്യോഗിക പ്രസ്താവന ഇതുവരെ ഇറക്കിയിട്ടില്ല. എന്നാല്‍ വരും മാസങ്ങളില്‍ പ്രധാന സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. ഈ സാഹചര്യത്തില്‍ ബിജെപി അധ്യക്ഷനായി അമിത് ഷാ വേണം എന്നാണ് നേതാക്കളുടെ നിലപാട്.

രാജ്യസഭയില്‍ ഭൂരിപക്ഷം പിടിക്കാന്‍
ഹരിയാന, മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് ഈ വര്‍ഷം തിരഞ്ഞെടുപ്പ് വരുന്നത്. രണ്ടിടത്തും ബിജെപിയാണ് ഭരിക്കുന്നത്. കൂടുതല്‍ സീറ്റ് നേടി അധികാരത്തിലെത്താനാണ് ബിജെപിയുടെ നീക്കം. അതുവഴി രാജ്യസഭയില്‍ ഭൂരിപക്ഷം പിടിക്കാനും ബിജെപി ലക്ഷ്യമിടുന്നു.

മോദിയുടെ നിര്‍ബന്ധ പ്രകാരം
മോദിയുടെ നിര്‍ബന്ധ പ്രകാരമാണ് അമിത് ഷാ മന്ത്രിസഭയില്‍ ചേര്‍ന്നത് എന്നാണ് വിവരം. അതേസമയം, ബിജെപിയുടെ ചില നേതാക്കള്‍ അദ്ദേഹം പാര്‍ട്ടിയില്‍ തുടരണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് തിരഞ്ഞെടുപ്പുകള്‍ കഴിയുംവരെ തുടരാമെന്ന ധാരണയായതത്രെ. ഇക്കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനം എടുത്തിട്ടില്ല.

ധനം, ആഭ്യന്തരം
അമിത്ഷായ്ക്ക് ധനവകുപ്പ് ലഭിക്കുമെന്നാണ് സൂചനകള്‍. അല്ലെങ്കില്‍ ആഭ്യന്തരം. നേരത്തെ ധനവകുപ്പ് കൈകാര്യം ചെയ്തിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ഇത്തവണയില്ല. അതാണ് ധനകാര്യം സാധ്യത പറയുന്നത്. അമിത് ഷാ ഒഴിഞ്ഞാല്‍ ബിജെപി അധ്യക്ഷ പദവിയിലേക്ക് മുന്‍ ആരോഗ്യമന്ത്രി ജെപി നദ്ദ എത്തുമെന്നും കേള്‍ക്കുന്നു.












Click it and Unblock the Notifications