മുസ്ലിം സംവരണം നിര്‍ത്തുമെന്ന് അമിത് ഷാ; മുസ്ലിം വിദ്വേഷമല്ലാതെ ഒന്നുമില്ലേ എന്ന് ഉവൈസി
ഹൈദരാബാദ്: മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന സംവരണം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹൈദരാബാദിനടത്തു ചെവല്ലയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെലങ്കാനയില്‍ മുസ്ലിങ്ങള്‍ക്ക് 4 ശതമാനം സംവരണമാണ് നല്‍കുന്നത്. ഇത് സംബന്ധിച്ചാണ് അമിത് ഷാ പറഞ്ഞത്. അതേസമയം, അമിത് ഷാക്കെതിരെ ശക്തമായ ഭാഷയില്‍ മജ്‌ലിസ് പാര്‍ട്ടി അധ്യക്ഷന്‍ ഉവൈസി രംഗത്തുവന്നു.
തെലങ്കാനയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ മുസ്ലിം സംവരണം അവസാനിപ്പിക്കുമെന്നാണ് അമിത് ഷാ പറഞ്ഞത്. മതം അടിസ്ഥാനമാക്കിയുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പട്ടിക ജാതി, വര്‍ഗ, ഒബിസി സംവരണം തുടരുമെന്നും അമിത് ഷാ പറഞ്ഞു.

തെലങ്കാനയിലെ ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) യെ രൂക്ഷമായ ഭാഷയിലാണ് അമിത് ഷാ വിമര്‍ശിച്ചത്. സര്‍വത്ര അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ് ചന്ദ്രശേഖര്‍ റാവു സര്‍ക്കാര്‍. അഴിമതി സര്‍ക്കാരിനെ പുറത്താക്കും വരെ ബിജെപിക്ക് വിശ്രമമില്ലെന്നും അമിത് ഷാ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ക്ഷേമ പദ്ധതികള്‍ തെലങ്കാനയിലെ പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അസദുദ്ദീന്‍ ഉവൈസി നേതൃത്വം നല്‍കുന്ന മജ്‌ലിസ് പാര്‍ട്ടിയുടെ അജണ്ടയാണ് കെസിആര്‍ സര്‍ക്കാര്‍ തെലങ്കാനയില്‍ നടപ്പാക്കുന്നത്. ഉവൈസിയുടെ കൈയ്യിലാണ് സംസ്ഥാനത്തിന്റെ വളയം. അത്തരത്തിലുള്ള സര്‍ക്കാര്‍ തെലങ്കാനയ്ക്ക് ആവശ്യമില്ല. ഞങ്ങള്‍ക്ക് മജ്‌ലിസ് പാര്‍ട്ടിയെ ഭയമില്ല. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇവിടെ വരുമെന്നും അമിത് ഷാ പറഞ്ഞു.
അതേസമയം, അമിത് ഷാക്ക് മറുപടിയുമായി ഉവൈസി രംഗത്തുവന്നു. തെലങ്കാനയ്ക്ക് വേണ്ടി സമര്‍പ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഒരു പദ്ധതി പോലുമില്ല. ആകെ അദ്ദേഹത്തിന്റെ കൈവശമുള്ളത് മുസ്ലിം വിദ്വേഷ പ്രസംഗം മാത്രമാണ്. അതല്ലാതെ ഒരു വീക്ഷണവും ബിജെപിക്കില്ലെന്നും അസദുദ്ദീന്‍ ഉവൈസി കുറ്റപ്പെടുത്തി.
അവര്‍ വ്യാജ ഏറ്റുമുട്ടലുണ്ടാക്കുന്നു. ഹൈദരാബാദിനെതിരെ സര്‍ജ്ജിക്കല്‍ സ്‌ട്രൈക്ക് നടത്തുകയാണ്. കര്‍ഫ്യൂ പ്രഖ്യാപിക്കുന്നു, ക്രിമിനലുകളെ വിട്ടയക്കുന്നു, ബുള്‍ഡോസര്‍ ഉപയോഗിച്ച് പാവപ്പെട്ടവരുടെ വീടുകള്‍ തകര്‍ക്കുന്നു. എന്തിനാണ് നിങ്ങള്‍ തെലങ്കാനയിലെ ജനങ്ങളെ ഇത്ര വെറുക്കുന്നതെന്നും ഉവൈസി ചോദിച്ചു.
പട്ടിക ജാതി, വര്‍ഗ, ഒബിസി വിഭാഗങ്ങളോട് അമിത് ഷാക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ സംവരണത്തിനുള്ള 50 ശതമാനം പരിധി എടുത്തു മാറ്റണം. പിന്നാക്കക്കാരായ മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കണം. പ്രായോഗികമായ ഡാറ്റകള്‍ അടിസ്ഥാനപ്പെടുത്തി നടപടികള്‍ സ്വീകരിക്കണമെന്നും അസദുദ്ദീന്‍ ഉവൈസി ആവശ്യപ്പെട്ടു.
തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. വലിയ മുന്നേറ്റമാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കെസിആറിന്റെ ബിആര്‍എസ് പാര്‍ട്ടിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നാണ് ബിജെപിയുടെ പ്രഖ്യാപനം. എന്നാല്‍ ഉവൈസിയുടെ പാര്‍ട്ടി നല്‍കുന്ന പിന്തുണ കെസിആറിന് ശക്തി പകരുന്നു എന്ന് ബിജെപി മനസിലാക്കുന്നു. ഈ ഘട്ടത്തില്‍ ശക്തമായ പ്രചാരണം തുടങ്ങിയിരിക്കുകയാണ് ബിജെപി.
കര്‍ണാടയില്‍ അടുത്തിടെ മുസ്ലിം സംവരണം എടുത്തു മാറ്റിയിരുന്നു. മുസ്ലിങ്ങള്‍ക്കുണ്ടായിരുന്ന നാല് ശതമാനം സംവരണം ഒഴിവാക്കി വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങള്‍ക്ക് വീതിച്ചു നല്‍കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്തത്. ഇതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കര്‍ണാടക സര്‍ക്കാരിന്റെ പ്രതികരണം തേടിയിരിക്കുകയാണ് സുപ്രീംകോടതി. ഇതുസംബന്ധിച്ച പഠിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു.












Click it and Unblock the Notifications