വിവാദ പൗരത്വ ഭേദഗതി ബില്ല് തിങ്കളാഴ്ച ലോക്‌സഭയില്‍; ആറ് മതക്കാര്‍ക്ക് പൗരത്വം
ദില്ലി: വിവാദമായ പൗരത്വ ഭേദഗതി ബില്ല് തിങ്കളാഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബില്ല് അവതരിപ്പിക്കുക. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് അഭയം ചോദിച്ചെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ബില്ല്. ഇതിന് വേണ്ട വ്യവസ്ഥകള്‍ ഇളവ് ചെയ്യണമെന്നാണ് ഭേദഗതി.

ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന മതക്കാര്‍ക്കാണ് പൗരത്വം നല്‍കുക. മുസ്ലിങ്ങളെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് ബില്ലിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തുണ്ട്. അമിത് ഷാ ബില്ല് അവതരിപ്പിക്കുന്നതോടെ സഭ ബഹളത്തില്‍ മുങ്ങുമെന്ന ഉറപ്പിക്കാം. എന്നാല്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട് ലോക്‌സഭയില്‍.
രാജ്യസഭയില്‍ ബില്ല് പാസാക്കാന്‍ അല്‍പ്പം പ്രയാസപ്പെടും. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിര്‍ത്താല്‍ ബില്ല് പരാജയപ്പെട്ടേക്കാം. എന്നാല്‍ സമാനമായ സാഹചര്യത്തില്‍ പല ബില്ലുകളം അടുത്തിടെ പാസായിട്ടുണ്ട്. ഈ ആത്മവിശ്വാസത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും.
അതേസമയം, ബില്ല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബാധകമാകില്ല. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ ബില്ല് ബാധകമാകില്ല. ഇതുസംബന്ധിച്ച് ബിജെപിയും ഈ സംസ്ഥാനങ്ങളിലെ ഭരണകക്ഷികളും തമ്മില്‍ ധാരണയായിരുന്നു. ബില്ലിനെതിരെ കടുത്ത പ്രതിഷേധം ഈ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്നു. തുടര്‍ന്നാണ് കേന്ദ്രം ഇളവ് വരുത്തിയത്. ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി)ക്ക് പിന്നാലെയാണ് പൗരത്വ ഭേദഗതി ബില്ല് കേന്ദ്രം കൊണ്ടുവരുന്നത്.












Click it and Unblock the Notifications