77 വയസായല്ലോ... രാഷ്ട്രീയം ഒഴിവാക്കിക്കൂടെയെന്ന് അമിത് ഷാ; മോദിയെ ഉദ്ദേശിച്ചാണോ എന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന് പ്രായമേറെയായെന്നും അദ്ദേഹം വിരമിക്കണം എന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നവീന്‍ പട്‌നായിക്കിന് 77 വയസായി എന്നും അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കാനാകുന്നില്ല എന്നും അമിത് ഷാ പറഞ്ഞു. അതിന്റെ ഫലമായി 1.5 ലക്ഷം സര്‍ക്കാര്‍ ഒഴിവുകള്‍ നികത്തുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ബി ജെ പി അധികാരത്തിലെത്തിയാല്‍ ഒഡിയ സംസാരിക്കുന്നയാളെ മുഖ്യമന്ത്രിയാക്കുമെന്നും തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തും എന്നും അമിത് ഷാ വാഗ്ദാനം ചെയ്തു. നരേന്ദ്ര മോദിയെ മൂന്നാം വട്ടവും പ്രധാനമന്ത്രിയാക്കാനും നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബി ജെ ഡി സര്‍ക്കാര്‍ നശിപ്പിച്ച ഒഡീഷയുടെ പ്രതാപം വീണ്ടെടുക്കാനുമാണ് ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളെന്ന് അമിത് ഷാ പറഞ്ഞു.

മെയ് 25 ന് ഒഡീഷയില്‍ ഒരേസമയം നടക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ മുന്നോടിയായാണ് അമിത് ഷായുടെ പ്രതികരണം. അതേസമയം അമിത് ഷായുടെ പ്രസ്താവന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ചുള്ളതാണ് എന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. 77 വയസുള്ള നവീന്‍ പട്നായിക്കിന്റെ പ്രായവും ആരോഗ്യപ്രശ്‌നങ്ങളും കാരണം വിരമിക്കണമെന്ന അമിത് ഷായുടെ നിര്‍ദ്ദേശം 73 വയസും ഏഴ് മാസവും പ്രായമുള്ള നരേന്ദ്ര മോദിയെ കൂടി ഉദ്ദേശിച്ചാണോ എന്ന് ചിദംബരം ചോദിച്ചു.
ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ അമിത് ഷായായിരിക്കും ഏറ്റവും സന്തുഷ്ടനായ വ്യക്തിയെന്നും മോദിയല്ല, അമിത് ഷായായിരിക്കും പ്രതിപക്ഷ നേതാവായി ഇരിക്കുക എന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. 2025-ല്‍ 75 വയസ് തികയുമ്പോള്‍ മോദി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിന്റെ അവകാശവാദങ്ങളുടെ ചുവടുപിടിച്ചാണ് ചിദംബരത്തിന്റെ പ്രതികരണം.
തന്റെ പിന്‍ഗാമിയായി അമിത് ഷായ്ക്ക് വേണ്ടിയാണ് മോദി വോട്ട് തേടുന്നതെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍, പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ മോദി, അങ്ങനെയൊരു ക്രമീകരണം നടത്തിയിട്ടില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. ''എനിക്ക് സ്വന്തമായി ഒരു അനന്തരാവകാശവുമില്ല, നിങ്ങളാണ് എന്റെ അനന്തരാവകാശം,' എന്നായിരുന്നു ചൊവ്വാഴ്ച ബീഹാറിലെ മഹാരാജ്ഗഞ്ചില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞത്.
അമിത് ഷായും ഈ അവകാശവാദങ്ങള്‍ തള്ളിക്കളഞ്ഞിരുന്നു. ബി ജെ പിയുടെ ഭരണഘടനയില്‍ 75 വയസായാല്‍ വിരമിക്കണം എന്ന നിബന്ധന ഇല്ലെന്നും മോദി മൂന്നാം വര്‍ഷവും അധികാര കാലയളവ് പൂര്‍ത്തിയാക്കും എന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.


Click it and Unblock the Notifications