കോന്‍ ബനേഗ ക്രോര്‍പതി 17-ാം സീസണ്‍; പുതിയ അപ്‌ഡേറ്റുമായി അമിതാഭ് ബച്ചന്‍
മുംബൈ: കോന്‍ ബനേഗ ക്രോര്‍പതിയില്‍ നിന്ന് അമിതാഭ് ബച്ചന്‍ പിന്മാറുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെ പുതിയ വെളിപ്പെടുത്തലുമായി മെഗാസ്റ്റാര്‍. കോന്‍ ബനേഗ ക്രോര്‍പതിയുടെ പുതിയ സീസണിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ചതായി അമിതാഭ് ബച്ചന്‍ അറിയിച്ചു. ആദ്യപടിയായി മത്സരാര്‍ത്ഥികളെ ക്വിസ് ഷോയിലേക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ക്ഷണിക്കുന്ന പ്രൊമോയുടെ ചിത്രീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. കോന്‍ ബനേഗ ക്രോര്‍പതി ക്വിസ് ഷോയില്‍ നിന്ന് അമിതാഭ് ബച്ചന്‍ പിന്മാറാന്‍ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടന്‍ തന്നെ സ്ഥിരീകരണവുമായി രംഗത്തുവന്നത്.
'ക്വിസ് ഷോയുടെ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങള്‍ ഗൗരവത്തോടെ ആരംഭിച്ചിരിക്കുന്നു. ആദ്യപടിയായി രജിസ്‌ട്രേഷനുകള്‍ ക്ഷണിക്കുന്നതിനായുള്ള പ്രൊമോ ആണ്' - സമൂഹ മാധ്യമത്തില്‍ അമിതാഭ് ബച്ചന്‍ കുറിച്ചു. കുറിപ്പിനൊപ്പം മൂന്ന് ചിത്രങ്ങളും അദ്ദേഹം പങ്കിട്ടു. പ്രൊമോയുടെ ചിത്രീകരണത്തിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 12-നാണ് കോന്‍ ബനേഗ ക്രോര്‍പതിയുടെ 16-ാം സീസണ്‍ പ്രീമിയര്‍ ചെയ്തത്. ഷോയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബറില്‍ രജിസ്‌ട്രേഷനുകള്‍ ആരംഭിച്ചു. ഈ വര്‍ഷം ജനുവരി 20-ന് കഹാനി ജീത് കി എന്ന പ്രത്യേക സെഗ്മെന്റോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. മുന്‍കാല വിജയികള്‍ കോന്‍ ബനേഗ ക്രോര്‍പതി അവരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചുവെന്ന അനുഭവം പങ്കുവെച്ചു. വിജയികളുടെ അവിസ്മരണീയ നിമിഷങ്ങളും ഹൃദയസ്പര്‍ശിയായ കഥകളും പങ്കുവെച്ച് മാര്‍ച്ച് 11-നാണ് 16-ാമത് സീസണ്‍ അവസാനിച്ചത്.
ബിഗ് ബി കോന്‍ ബനേഗ ക്രോര്‍പതി ക്വിസ് ഷോയില്‍ നിന്ന് പിന്മാറാന്‍ പദ്ധതിയിടുന്നുണ്ടെന്ന് ഓണ്‍ലൈനില്‍ നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതിനിടെ ഷോയുടെ പുതിയ അവതാരകനാകാന്‍ സാധ്യതയുള്ള താരത്തെ തിരഞ്ഞെടുക്കാന്‍ ഒരു സര്‍വേയും നടത്തി.
ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ് ബച്ചന്‍ എന്നിവരായിരുന്നു സര്‍വേയില്‍ ഉയര്‍ന്നുവന്ന പ്രധാന പേരുകള്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ ബ്രാന്‍ഡ്സും റെഡിഫ്യൂഷന്റെ റെഡ് ലാബും നടത്തിയ സര്‍വേ അനുസരിച്ച് കോന്‍ ബനേഗ ക്രോര്‍പതിയില്‍ അമിതാഭ് ബച്ചന് പകരം ഷാരൂഖ് ഖാന്‍ വേണമെന്നാണ് ഭൂരിപക്ഷം പറഞ്ഞത്.
അമിതാഭ് ബച്ചന്റെ മരുമകളും നടിയുമായ ഐശ്വര്യ റായ് ബച്ചനാണ് ഷാരൂഖ് കഴിഞ്ഞാല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. പട്ടികയില്‍ മൂന്നാമത് ക്രിക്കറ്റ് താരം എംഎസ് ധോണിയാണ്. ഇന്ത്യയിലെ ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളില്‍ നിന്നുള്ള സ്ത്രീ പുരുഷന്മാരാണ് സര്‍വേയില്‍ പങ്കെടുത്തത്.
നേരത്തെ അമിതാഭ് മാറിനിന്ന കാലത്ത് ഷാരൂഖ് കെബിസി അവതാരകനായിട്ടുണ്ട്. 2000 ത്തില്‍ 56-ാമത്തെ വയസിലാണ് അമിതാഭ് ആദ്യമായി കോന്‍ ബനേഗ ക്രോര്‍പതി അവതാരകനായി എത്തിയത്. 16 സീസണുകള്‍ അമിതാഭ് അവതരിപ്പിച്ചിട്ടുണ്ട്.
രജനീകാന്ത് നായകനായ 'വേട്ടയ്യന്‍' എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചന്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. ദീപിക പദുക്കോണിനൊപ്പം 'ദി ഇന്റേണ്‍' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലാണ് അടുത്തതായി അഭിനയിക്കുന്നത്. നാഗ് അശ്വിന്റെ 'കല്‍ക്കി 2' എന്ന ചിത്രവും അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്ടുകളില്‍ ഉള്‍പ്പെടുന്നു.












Click it and Unblock the Notifications