എംഐഎല്ലിലെ പ്രതിരോധരഹസ്യങ്ങള്‍ കൈക്കൂലി വാങ്ങി ചോര്‍ത്തി? അന്വേഷണം കടുപ്പിക്കാന്‍ സിബിഐ
മ്യൂണിഷന്‍സ് ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനില്‍ കുമാര്‍ സമീപകാലത്ത് ഒപ്പിട്ട എല്ലാ കരാറുകളും പരിശോധിക്കും എന്ന് സിബിഐ. സ്വകാര്യ കരാറുകാരുമായി ഗൂഢാലോചന നടത്തി, കൈക്കൂലി വാങ്ങിക്കൊണ്ട് അവര്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുത്തുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അനില്‍ കുമാറിനെ ഈ ആഴ്ച ആദ്യം അറസ്റ്റ് ചെയ്തത്.
സാമഗ്രികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളും, സ്വകാര്യ വിതരണക്കാരും, പണമിടപാടുകളും തമ്മിലുള്ള ബന്ധം പരിശോധിക്കുന്നതിനായി അനില്‍ കുമാര്‍ കൈകാര്യം ചെയ്ത ഫയലുകളും കരാറുകളും ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയത്തിനും എംഐഎല്‍ മാനേജ്മെന്റിനും കത്തെഴുതുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രതിരോധ ഉല്‍പ്പാദനവും സാമഗ്രികള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങള്‍ കൈക്കൂലി വാങ്ങി ചോര്‍ത്തി നല്‍കിയെന്ന ആരോപണവും ഇദ്ദേഹത്തിനെതിരെയുണ്ട്.

ഇക്കാര്യത്തില്‍ സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്തുവരികയാണ്. 'എംഐഎല്ലിലെ കരാറുകള്‍ അതീവ പ്രാധാന്യമുള്ളതും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതുമാണ്. അനില്‍ കുമാര്‍ കൈകാര്യം ചെയ്ത എല്ലാ പ്രതിരോധ കരാറുകളും ഞങ്ങള്‍ പരിശോധിക്കും,' ഒരു സിബിഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൂനെയിലുള്ള അനില്‍ കുമാറിന്റെ വസതിയിലേക്ക് ഹവാല മാര്‍ഗം വന്‍തുക എത്തിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സിബിഐ നടത്തിയ റെയ്ഡിലാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.
500 കോടി രൂപയുടെ വെടിക്കോപ്പ് കരാറില്‍ എസ്എംപിപി ലിമിറ്റഡ് എന്ന കമ്പനിക്ക് അനുകൂലമായ തീരുമാനമെടുത്തതിന് പ്രതിഫലമായി ലഭിച്ച കൈക്കൂലിയാണ് ഈ പണമെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എസ്എംപിപി സിഇഒ ആശിഷ് കന്‍സാല്‍, അനില്‍ കുമാറിന്റെ സഹോദരന്‍ ബി. ഹര്‍ഷവര്‍ദ്ധന്‍ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അനില്‍ കുമാറിന്റെ വസതിയില്‍ നിന്ന് 1.73 കോടി രൂപയും, മൈസൂരു, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍ നടത്തിയ തുടര്‍ റെയ്ഡുകളില്‍ നിന്ന് 50 ലക്ഷം രൂപയും ഏജന്‍സി പിടിച്ചെടുത്തു.
പ്രതിരോധ ഉല്‍പ്പാദനം, സംഭരണം, കമ്പനിയുടെ തന്ത്രപ്രധാനമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട അതീവ രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിനും, ഔദ്യോഗികമായ സഹായങ്ങള്‍ ചെയ്തുനല്‍കുന്നതിനുമായി അനില്‍ കുമാര്‍ സ്വകാര്യ കരാറുകാരില്‍ നിന്നും വിതരണക്കാരില്‍ നിന്നും അനധികൃതമായി പണം ആവശ്യപ്പെടുകയും കൈപ്പറ്റുകയും ചെയ്തതായാണ് വിവരം.
ഭാരതീയ ന്യായ സംഹിതയിലെ ക്രിമിനല്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട വകുപ്പുകളും, അഴിമതി തടയല്‍ നിയമത്തിലെ വകുപ്പുകളുമാണ് ഈ കേസില്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.


Click it and Unblock the Notifications
