കണ്ടത് രക്തത്തിൽ കുളിച്ച നിലയിൽ; വളർത്തു നായ കടിച്ച് 82 - കാരിക്ക് ദാരുണാന്ത്യം
ഡൽഹി : 82 കാരിയെ വളർത്തുനായ കടിച്ചു കൊന്നു. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ലഖ്‌നൗവിലെ കൈസർ ബാഗിലാണ് സംഭവം നടന്നത്. വിരമിച്ച അധ്യാപികയായിരുന്നു മരണപ്പെട്ട 82 കാരി. വീട്ടിൽ വളർത്തിയിരുന്ന പിറ്റ്ബുൾ നായയുടെ കടി കൊണ്ട് 82 കാരിയായ സുശീല ത്രിപാഠിയാണ് ദാരുണമായ മരണത്തിന് ഇരയായത്.
സുശീല ത്രിപാഠി തനിച്ചായിരിക്കവെ ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ എത്തിയ മകൻ രക്തത്തിൽ കുളിച്ചു കിടക്കുന്ന അമ്മയെ കാണുകയായിരുന്നു. അമിതമായി രക്തം നഷ്ടപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ സുശീലയെ ബൽറാംപൂർ ആശുപത്രിയിൽ എത്തിച്ചിരുന്നു എങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പ്രകാരം, സുശീലയുടെ കഴുത്ത് മുതൽ വയറു വരെ 12 മാരകവും ആഴത്തിലുമുളള മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. പുലർച്ചെ 6 മണിയോടെ നായ കുരയ്ക്കുന്ന ശബ്ദം കേട്ടുവെന്ന് അയൽക്കാർ പറയുന്നു. സുശീലയെ ആക്രമിച്ചപ്പോൾ വീട്ടിൽ നിന്നും സഹായത്തിനായി നിലവിളിക്കുന്നതും അയൽക്കാർ കേട്ടു. നാട്ടുകാരിൽ ചിലർ ഈ സമയം അവരുടെ വീട്ടിലേക്ക് ഓടി എത്തിയിരുന്നു. എന്നാൽ , വീടിന്റെ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിൽ ആയിരുന്നു. മകൻ വീട്ടിലെത്തിയപ്പോഴാണ് വാതിൽ തുറക്കാൻ സാധിച്ചത്.
വാതിൽ തുറന്ന് വീട്ടിൽ കയറിപ്പോൾ സുശീലയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. കൈസർബാഗിലെ ബംഗാളി തോല പ്രദേശത്താണ് മകനൊപ്പം 82 - കാരി താമസിച്ചിരുന്നത്. പരിശീലകനായ മകൻ അമിത് രണ്ട് വളർത്തു നായ്കളെ വീട്ടിലേക്ക് കൊണ്ടു വന്നിരുന്നു. പിറ്റ്ബുൾ, ലാബ്രഡോർ ഇനത്തിൽപ്പെട്ട നായകളെയാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. അമിത് മൂന്ന് വർഷം മുമ്പ് വീട്ടിലേക്ക് കൊണ്ടുവന്ന ബ്രൗണി എന്ന നായ ആണ് സുശീലയെ ആക്രമിച്ചത്.
നായ്ക്കളെ വളർത്തുന്നതിനുള്ള നിയന്ത്രണം
ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ (എ എം സി ) നായ്ക്കളെ വളർത്തുന്നതിനായി സ്വാൻ ലൈസൻസ് കൺട്രോൾ ആൻഡ് റെഗുലേഷൻ ബൈ-ലോ 2003 എന്ന പേരിൽ ഒരു മാനുവൽ പുറത്തിറക്കിയിരുന്നു. ഈ മാനുവൽ അനുസരിച്ച്, നായ്ക്കളെ വളർത്താൻ താൽപ്പര്യമുള്ള ആളുകൾ നിബന്ധനകൾ പാലിച്ചതിന് ശേഷം നിർബന്ധമായും ലൈസൻസ് നേടേണ്ടതുണ്ട്. അയൽവാസിക്ക് എതിർപ്പില്ലാത്ത രീതിയിൽ ഏതൊരു വ്യക്തിയും തന്റെ നായയെ സൂക്ഷിക്കുകയും കെട്ടുകയും ചെയ്യണമെന്നും ഈ മാനുവലിൽ പറയുന്നു.












Click it and Unblock the Notifications