രാജിവെച്ച് ആനന്ദ് ശർമ്മ; ആത്മാഭിമാനം പണയപ്പെടുത്താനില്ലെന്ന് സോണിയ ഗാന്ധിക്ക് കത്ത്
ദില്ലി: ഗുലാം നബി ആസാദിന് പിന്നാലെ രാജിവെച്ച് മുതിർന്ന നേതാവ് ആനന്ദ് ശർമ.ഹിമാചൽ കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാൻ സ്ഥാനമാണ് രാജിവെച്ചത്. ആത്മാഭിമാനം പണയപ്പെടുത്തില്ലെന്നും കോൺഗ്രസ് സ്ഥാനാർഥികളുടെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നു ആനന്ദ് ശർമ്മ രാജിക്കത്തിൽ പറഞ്ഞു.

കോൺഗ്രസിന്റെ സുപ്രധാന തിരഞ്ഞെടുപ്പ് യോഗങ്ങളെ കുറിച്ച് പോലും തന്നെ പാർട്ടി നേതൃത്വം അറിയിക്കുന്നില്ലെന്ന് സോണിയ ഗാന്ധിക്ക് അയച്ച രാജിക്കത്തിൽ ആനന്ദ് ശർമ ആരോപിച്ചു. കമ്മിറ്റികളും അവയുടെ ചുമതലകളും കൃത്യമായ നിർവ്വചിക്കാനും അതിനെ കുറിച്ച് വ്യക്തത വരുത്താനും താൻ സംഘടനാ ജനറൽ സെക്രട്ടറിയോടും എഐസിസി ഭാരവാഹികളോടും ആവശ്യപ്പെട്ടിരുന്നു.ഹിമാചൽ കോൺഗ്രസിന്റെ കോർ ഗ്രൂപ്പിന്റെയും തിരഞ്ഞെടുപ്പ് കമ്മിറ്റികളുടേയും യോഗങ്ങൾ ദില്ലിയിലും സംസ്ഥാനത്തും നടന്നെങ്കിലും തനിക്ക് ഇത് സംബന്ധിച്ച് യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നും ശർമ രാജികത്തിൽ പറഞ്ഞു.
'ജൂൺ 20ന് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി പിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ്, പ്രചാരണ സമിതി അധ്യക്ഷൻ എന്നിവരുൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ യോഗങ്ങളും മറ്റ് കമ്മിറ്റികളുടെ യോഗങ്ങളും ചേർന്നിരുന്നു. ഓഗസ്റ്റ് 7, 8 തീയതികളിൽ എഐസിസി ഭാരവാഹികളും കേന്ദ്ര നിരീക്ഷകരും ഷിംല സന്ദർശിച്ചിരുന്നു. കോർ ഗ്രൂപ്പ്, മുതിർന്ന നേതാക്കൾ, എച്ച്പിസിസി ജനറൽ ഹൗസ് എന്നിവയുടെ യോഗങ്ങളും വിളിച്ചു ചേർത്തു. പൊതുസഭയിൽപ്പോലും നടന്ന യോഗങ്ങളിലൊന്നും സ്റ്റിയറിംഗ് കമ്മിറ്റി ചെയർമാനെ അറിയിക്കുകയോ ക്ഷണിക്കുകയോ പോലും ചെയ്തിട്ടില്ല', ശർമ കത്തിൽ ആരോപിച്ചു.ഏപ്രിൽ 26 നായിരുന്നു ഹിമാചൽ കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ചെയർമാനായി ആനന്ദ് ശർമ്മയെ നിയമിച്ചത്.
പാർട്ടി നേതൃത്വത്തിനെതിരെ കത്തെഴുതിയ ജി-23 നേതാക്കളിൽ പ്രധാനിയാണ് ആനന്ദ് ശർമ. നേരത്തേ ജി-23 കൂട്ടായ്മയിലെ മറ്റൊരു നേതാവായ ഗുലാം നബി ആസാദും രാജിവെച്ചിരുന്നു. ജമ്മു കാശ്മീരിലെ പ്രചരണ സമിതി അധ്യക്ഷ സ്ഥാനമായിരുന്നു അദ്ദേഹം രാജിവെച്ചത്. മുതിർന്ന നേതാവ്, മുൻ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹത്തെ സംസ്ഥാനത്തിന്റെ പ്രചാരണ ചുമതല ഏൽപ്പിച്ചത് തരംതാഴ്ത്തുന്നതിന് തുല്യമാണെന്ന് ആരോപിച്ചായിരുന്നു രാജി.












Click it and Unblock the Notifications