ചങ്ങലകളില്‍ നിന്നു മോചനം; ബിഷ്ണുപ്രിയക്കും ലക്ഷ്മിപ്രിയക്കും രക്ഷകരായത് അനന്ത് അംബാനിയുടെ 'വന്‍താര'
ജാംനഗര്‍: ചങ്ങലകളില്‍ നിന്ന് ആജീവനാന്തം മോചനം ലഭിച്ച ആശ്വാസത്തിലാണ് ഗുജറാത്ത് ജാംനഗറിലുള്ള ബിഷ്ണുപ്രിയ, ലക്ഷ്മിപ്രിയ എന്നീ പിടിയാനകള്‍. അനന്ത് അംബാനിയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന വന്‍താരയാണ് ഈ രണ്ട് പിടിയാനകള്‍ക്ക് ദുരിത ജീവിതത്തില്‍ നിന്ന് ആശ്വാസം പകര്‍ന്നത്.
പരിക്കേല്‍ക്കുന്ന മൃഗങ്ങളെ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്‍ പദ്ധതിയാണ് വന്‍താര. ഇവിടെയാണ് ബിഷ്ണുപ്രിയക്കും ലക്ഷ്മിപ്രിയക്കും പുനരധിവാസം ഒരുങ്ങുന്നത്. ബിഷ്ണുപ്രിയക്ക് 18 വയസാണ് പ്രായം. ലക്ഷ്മിപ്രിയക്ക് 26 വയസും.

മായാപൂരിലെ ഇസ്‌കോണിലാണ് ഈ രണ്ട് ആനകളും ഉണ്ടായിരുന്നത്. ഇവയുടെ പുനരധിവാസം പൂര്‍ണമായും അനന്ത് അംബാനി നേതൃത്വം നല്‍കുന്ന വന്‍താര ഏറ്റെടുത്തുകഴിഞ്ഞു.
കഴിഞ്ഞ ഏപ്രിലില്‍ ബിഷ്ണുപ്രിയയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരണപ്പെട്ടിരുന്നു. കൃത്യമായ പരിചരണമില്ലാതെ ദുരിതത്തിലായ ആനയുടെ പുനരധിവാസം വന്‍താര ഏറ്റെടുക്കുകയായിരുന്നു.
ത്രിപുര ഹൈക്കോടതി രൂപീകരിച്ച ഉന്നത സമിതിയും സുപ്രീംകോടതിയും അംഗീകരിച്ചതോടെയാണ് ആനകളുടെ ഈ കൈമാറ്റത്തിന് വഴിയൊരുങ്ങിയത്. ആനകളുടെ സംരക്ഷണവും പുനരധിവാസവും പരിപാലനവും ഉറപ്പുവരുത്തുകയാണ് വന്‍താരയിലൂടെ ലക്ഷ്യമിടുന്നത്. ബിഷ്ണുപ്രിയയും ലക്ഷ്മിപ്രിയയും വന്‍താരയില്‍ എത്തുന്നതോടെ ഇവര്‍ക്ക് മെച്ചപ്പെട്ട സാഹചര്യത്തില്‍ ജീവിക്കാനാകും.
കാടിനു സമാനമായ സ്വാഭാവികമായ ആവാസ വ്യവസ്ഥയാണ് വന്‍താരയില്‍ ഈ ആനകളെ കാത്തിരിക്കുന്നത്. ഇവയുടെ മനശാസ്ത്രപരമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ വൈദ്യ പരിചരണം, ശാരീരികവും മാനസികവുമായ ക്ഷേമത്തിനുള്ള സഞ്ചാരപരിപാടികള്‍, മറ്റുള്ള ആനകളുമായി ചേര്‍ന്ന് ജീവിക്കുന്നതിനുള്ള അവസരങ്ങള്‍ എന്നിവ ലഭിക്കും.
ചങ്ങലയ്ക്കിടാത്ത കാലുകളുമായി സ്വതന്ത്രരായി പിടിയാനകള്‍ക്ക് ഇവിടെ വസിക്കാന്‍ സാധിക്കുമെന്നതാണ് വന്‍താരയുടെ പ്രത്യേകത. നൂതന സംവിധാനങ്ങളുള്ള മൃഗപരിചരണ വിഭാഗം, ഭക്ഷണമടക്കമുള്ള പരിചരണം, പ്രകൃതിയോടിണങ്ങിയ വാസസ്ഥലം എന്നിവയെല്ലാം ആനകള്‍ക്ക് ഇവിടെ ലഭിക്കും.
ബിഷ്ണുപ്രിയയും ലക്ഷ്മിപ്രിയയും വന്‍താരയില്‍ വളരുന്നതില്‍ സന്തോഷമുണ്ടെന്നും വനം പോലെ സ്വാതന്ത്ര്യം അനുഭവിക്കുന്ന ഒരു ജീവിതം അവയ്ക്ക് ലഭിക്കുമെന്ന കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും ഇസ്‌കോണ്‍ മാനേജറും മായാപൂരി ആനപരിപാലന കേന്ദ്രത്തിലെ മാനേജറുമായ ഹൃമാതി ദേവി ദാസി പ്രതികരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ആനകള്‍ക്കായുള്ള ആശുപത്രിയും വന്‍താരയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിതത്തില്‍ അകപ്പെട്ട ആനകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും അവയുടെ ശാരീരികവും മാനസികവുമായ ക്ഷേമം കൈവരിക്കുന്നതിനും വന്‍താരയിലെ ജീവിതത്തിലൂടെ സാധിക്കും. 3000 ഏക്കറില്‍ വനസമാനമായ സാഹചര്യമാണ് മൃഗങ്ങള്‍ക്ക് വന്‍താരയില്‍ ഒരുക്കിയിരിക്കുന്നത്.












Click it and Unblock the Notifications