തീപിടിത്തത്തില്‍ പരിക്കേറ്റ മകനെ തോളിലേറ്റി പവന്‍ കല്യാണ്‍; ഇന്ത്യയില്‍ തിരിച്ചെത്തി
ഹൈദരാബാദ്: കഴിഞ്ഞ ദിവസം സിംഗപ്പൂരിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍, ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിന്റെ എട്ടു വയസുകാരന്‍ മകന് ഗുരുതരമായി പരിക്കേറ്റിരുന്നു. കൈയ്ക്കും കാലിനും ഉള്‍പ്പെടെ പൊള്ളലേറ്റ മാര്‍ക്ക് ശങ്കര്‍ സിംഗപ്പൂരിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതോടെ മകനുമായി പവന്‍ കല്യാണ്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ഹൈദരാബാദില്‍ വിമാനമിറങ്ങിയ പവന്‍ കല്യാണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിനും സിംഗപ്പൂര്‍ അധികാരികള്‍ക്കും നന്ദി അറിയിച്ചു.
ഒരു വിദ്യാര്‍ത്ഥി തീപിടിത്തത്തില്‍ മരിച്ചിരുന്നു. മാര്‍ക്ക് ശങ്കറിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊള്ളലേല്‍ക്കുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ് എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി പവന്‍ കല്യാണ്‍ സിംഗപ്പൂരിലേക്കു പോയിരുന്നു. മകനെ തോളിലേറ്റി പവന്‍ കല്യാണ്‍, ഭാര്യയും റഷ്യന്‍ പൗരയുമായ അന്ന ലെഷ്നേവയ്‌ക്കൊപ്പം ഹൈദരാബാദ് വിമാനത്താവളത്തിലൂടെ നടന്നു നീങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

മാര്‍ക്ക് ശങ്കറിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടായതോടെ പവന്‍ കല്യാണിന്റെ അഭ്യുദയകാംക്ഷികളും ജനസേന പാര്‍ട്ടിയുടെ പ്രവര്‍ത്തകരും ആശ്വാസത്തിലാണ്. പവന്‍ കല്യാണ്‍ തന്നെയാണ് മകന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരുന്നത്. തീപിടിത്തം അറിഞ്ഞ് പവന്‍ കല്യാണിന്റെ സഹോദരനും നടനുമായ ചിരഞ്ജീവിയും ഭാര്യയും സിംഗപ്പൂരിലേക്കു പോയിരുന്നു. ഇവരും നാട്ടിലേക്കു മടങ്ങി.
ഏപ്രില്‍ എട്ടിന് മകന്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ സമ്മര്‍ ക്യാമ്പില്‍ പങ്കെടുക്കുമ്പോഴാണ് തീപിടിത്തമുണ്ടായത്. മാര്‍ക്ക് ശങ്കര്‍ ഉള്‍പ്പടെ 30 കുട്ടികളായിരുന്നു ക്യാമ്പില്‍ പങ്കെടുത്തത്. കെട്ടിടത്തില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ഏകദേശം 80 പേരെയാണ് പൊലീസും സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്സും ചേര്‍ന്ന് ഒഴിപ്പിച്ചത്.
മകന്റെ രോഗശാന്തിക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കും ക്ഷേത്രങ്ങളില്‍ പൂജകള്‍ നടത്തിയ രാഷ്ട്രീയക്കാര്‍, നടന്മാര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവര്‍ക്കും പവന്‍ കല്യാണ്‍ നന്ദി പറഞ്ഞു. നിരവധി ആരാധകരാണ് മകന്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചത്.
ലോകമെമ്പാടു നിന്നുമുള്ള പ്രാര്‍ത്ഥനകളുടെയും അന്വേഷണങ്ങളുടെയും പിന്തുണയുടെയും ഒഴുക്ക് തന്നെ വളരെയധികം അത്ഭുതപ്പെടുത്തിയതായി പവന്‍ കല്യാണ്‍ സമൂഹ മാധ്യമമായ എക്‌സില്‍ കുറിച്ചു. പവന്‍ കല്യാണിന്റെ മൂന്നാമത്തെ ഭാര്യയാണ് അന്ന. അമ്മയ്‌ക്കൊപ്പം സിംഗപ്പൂരിലായിരുന്നു മാര്‍ക്ക് ശങ്കറിന്റെ താമസം. മാര്‍ക്ക് ശങ്കറിനെക്കൂടാതെ പവന്‍ കല്യാണിന് അന്ന ലെഷ്നേവയില്‍ മാര്‍ക്ക്, പൊളീന എന്നിങ്ങനെ രണ്ട് മക്കളുമുണ്ട്.












Click it and Unblock the Notifications