Andhra Pradesh Assembly Exit Poll: ഭരണമാറ്റമോ തുടര്‍ഭരണമോ? ആന്ധ്രയില്‍ കടുത്ത പോരാട്ടം.. സാധ്യത ഇങ്ങനെ
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടമെന്ന് സൂചിപ്പിച്ച് എക്‌സിറ്റ് പോളുകള്‍. പുറത്ത് വന്ന സര്‍വേകളില്‍ ചിലത് നിലവിലെ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസിനും മറ്റ് ചിലതില്‍ ടിഡിപി-ബിജെപി-ജനസേന സഖ്യത്തിനുമാണ് മൂന്‍തൂക്കം പ്രവചിച്ചിരിക്കുന്നത്. പീപ്പിള്‍സ് പള്‍സ്, ചാണക്യ സ്ട്രാറ്റജീസ്, പയനീര്‍, കെകെ സര്‍വേ, റൈസ് സര്‍വേ എന്നിവ ടിഡിപി സഖ്യത്തിനാണ് മേല്‍ക്കൈ പ്രവചിച്ചിരിക്കുന്നത്.
അതേസമയം ആരാ, ആത്മസാക്ഷി, സിപിഎസ്, ചാണക്യ ഡോട്ട് കോം, ജനമത് പോള്‍സ്, എന്നിവര്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനാണ് സാധ്യത കല്‍പിച്ചിരിക്കുന്നത്. ആരാ സര്‍വേ പ്രകാം ടിഡിപി സഖ്യത്തിന് 71-81 സീറ്റുകളും വൈഎസ്ആര്‍ കോണ്‍ഗ്രസിന് 94-104 സീറ്റും ലഭിക്കും. എന്നാല്‍ പീപ്പിള്‍സ് സര്‍വേ ഇതിന് നേര്‍വിപരീതമാണ്. ടിഡിപി സഖ്യം 11-135 സീറ്റ് വരെ നേടി അധികാരം പിടിക്കുമ്പോള്‍ 45-60 സീറ്റില്‍ വൈഎസ്ആര്‍സിപി ഒതുങ്ങും.

സമാനപ്രവചനമാണ് ചാണക്യ സ്ട്രാറ്റജീസും മുന്നോട്ട് വെച്ചിരിക്കുന്നത്. ടിഡിപി സഖ്യത്തിന് 114-125 സീറ്റും വൈഎസ്ആര്‍ കോണ്‍ഗ്രസിന് 39-49 സീറ്റും ലഭിക്കും. അതേസമയം ആത്മ സാക്ഷി വൈഎസ്ആര്‍ കോണ്‍ഗ്രസിന് 98-116 സീറ്റുകളോടെ തുടര്‍ഭരണമാണ് പ്രവചിച്ചിരിക്കുന്നത്. ടിഡിപി സഖ്യത്തിന് 59-77 സീറ്റുകളെ ലഭിക്കൂ. പയനീര്‍ എക്‌സിറ്റ് പോളില്‍ ടിഡിപി സഖ്യം സംസ്ഥാനം തൂത്തുവാരും എന്നാണ് പ്രവചനം.
ആകെയുള്ള 185 സീറ്റില്‍ 144 ഉം ടിഡിപി സഖ്യം നേടും. വൈഎസ്ആര്‍ കോണ്‍ഗ്രസ് 31 സീറ്റില്‍ ഒതുങ്ങും. സിപിഎസ് സര്‍വേയും ചാണക്യ ഡോട്ട് കോമും ഭരണതുടര്‍ച്ചയാണ് പ്രവചിച്ചിരിക്കുന്നത്. 97-108 സീറ്റ് വരെ വൈഎസ്ആര്‍ കോണ്‍ഗ്രസിനും 66-78 സീറ്റ് വരെ ടിഡിപി സഖ്യത്തിനും ലഭിക്കും എന്നാണ് സിപിഎസ് പറയുന്നത്. 110-120 സീറ്റാണ് ജഗനും കൂട്ടര്‍ക്കും ചാണക്യ ഡോട്ട് കോം പ്രവചിച്ചിരിക്കുന്നത്. ടിഡിപി 55-65 സീറ്റില്‍ ഒതുങ്ങും.

കെകെ സര്‍വെ എന്നാല്‍ ടിഡിപി 161 സീറ്റില്‍ വിജയിച്ച് പടുകൂറ്റന്‍ ജയം സ്വന്തമാക്കും എന്നും ഭരണകക്ഷി 14 സീറ്റില്‍ ഒതുങ്ങും എന്നും പ്രവചിക്കുന്നു. റൈസ് സര്‍വേയും അധികാരമാറ്റമാണ് പ്രവചിക്കുന്നത്. ടിഡിപി-ബിജെപി-ജനസേന സഖ്യം 113-122 സീറ്റ് നേടുമെന്നും വൈഎസ്ആര്‍ കോണ്‍ഗ്രസ് 48-60 സീറ്റ് നേടുമെന്നുമാണ് റൈസ് പറയുന്നത്. മറ്റുള്ളവര്‍ക്ക് 0-1 സീറ്റും പ്രവചിക്കുന്നുണ്ട്.
അതേസമയം ജനമത് പോള്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന് 95-103 സീറ്റും ടിഡിപി സഖ്യത്തിന് 67-75 സീറ്റുമാണ് പ്രവചിക്കുന്നത്. ആകെ പുറത്ത് വന്ന എക്‌സിറ്റ് പോളുകളുടെ ശരാശരി കണക്ക് പ്രകാം ടിഡിപി സഖ്യം 96-106 സീറ്റ് നേടി അധികാരം പിടിക്കാനാണ് സാധ്യത. വൈഎസ്ആര്‍ കോണ്‍ഗ്രസിന് 67-77 സീറ്റ് നേടാനാകും.












Click it and Unblock the Notifications