ആന്ധ്രയില്‍ നിര്‍ണായക നീക്കം; മന്ത്രിസഭ പുനസംഘടന പ്രഖ്യാപിച്ച് ജഗന്‍; 24 മന്ത്രിമാര്‍ രാജിക്കത്ത് നല്‍കി
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ മന്ത്രിസഭ ഇന്ന് രാജിവച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം 24 മന്ത്രിമാര്‍ രാജിക്കത്ത് സമര്‍പ്പിച്ചു. സര്‍ക്കാരിന്റെ കാലാവധിയുടെ പകുതിയില്‍ എത്തിനില്‍ക്കുമ്പോഴാണ് വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിര്‍ണായക നീക്കം.
2024ലെ നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് തീരുമാനമെന്നാണ് സൂചന. ഇന്നലെ വൈകിട്ട് ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദനുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിസഭയില്‍ അഴിച്ചുപണി നടത്തുമെന്ന് അദ്ദേഹം ഗവർണറോട് അറിയിച്ചിരുന്നു .

പുതിയ മന്ത്രി സഭ ഏപ്രില്‍ 11ന് ചേരും. 2019 മെയ് 30 ന് ജഗന്‍ റെഡ്ഡി മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍, രണ്ടര വര്‍ഷത്തിന് ശേഷം തന്റെ മന്ത്രിസഭയില്‍ സമ്പൂര്‍ണ അഴിച്ചുപണി നടത്തുമെന്നും പുതിയ ഒരു ടീമിനെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
2021 ഡിസംബറില്‍ മന്ത്രിസഭാ പുനസംഘടന നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. 175 അംഗ നിയമസഭയില്‍ 151 സീറ്റുകള്‍ നേടി യുവജന ശ്രമിക കര്‍ഷക കോണ്‍ഗ്രസ് പാര്‍ട്ടി ( വൈ എസ് ആര്‍ സി പി ) സര്‍ക്കാര്‍ രൂപീകരിച്ചതിന് ശേഷം 2019 ജൂണ്‍ 8 ന് നിലവിലെ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തത്.
അതേസമയം, നിലവിലെ മന്ത്രിസഭയില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമേ പുതിയ മന്ത്രിസഭയില്‍ തുടരുകയുള്ളൂ. പ്രാതിനിധ്യം ലഭിക്കേണ്ട രാഷ്ട്രീയ പ്രാധാന്യമുള്ള സമുദായങ്ങളിലെ അംഗങ്ങള്‍ മാത്രമായതിനാലാണ് ഇവര്‍ക്ക് ഇളവ് ലഭിക്കുന്നതെന്നാണ് സൂചന.
സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച 26 ജില്ലകളില്‍നിന്നുള്ള പ്രാതിനിധ്യം പുതിയ മന്ത്രിസഭയ്ക്ക് ഉണ്ടായിരിക്കും . ആദ്യ മന്ത്രിസഭയില്‍ റെഡ്ഡിക്ക് അഞ്ച് ഉപമുഖ്യമന്ത്രിമാരുണ്ടായിരുന്നു. പട്ടികജാതി, പട്ടികവര്‍ഗം, പിന്നാക്ക വിഭാഗങ്ങള്‍, കാപ്പു ജാതി, മുസ്ലീം ന്യൂനപക്ഷ സമുദായം എന്നിവയില്‍ നിന്നുള്ള ഓരോ അംഗങ്ങളായിരുന്നു അത് . മൂന്ന് വനിതകളാണ് മന്ത്രിസഭയില്‍ ഉണ്ടായിരുന്നത്.
ദളിത് വിഭാഗത്തില്‍പ്പെട്ട എം സുചരിതയായിരുന്നു ആഭ്യന്തര മന്ത്രി. ഈ രീതിയില്‍ തന്നെയായിരിക്കും പുതിയ മന്ത്രിസഭ രൂപീകരിക്കുകയെന്നാണ് സൂചന. സ്ഥാനമൊഴിയുന്ന മന്ത്രിമാര്‍ക്ക് പാര്‍ട്ടിയില്‍ ഉയര്‍ന്ന ചുമതലകള്‍ നല്‍കാനുള്ള സാധ്യതയുണ്ട്. മന്ത്രിമാര്‍ എന്ന നിലയിലുള്ള അവരുടെ പരിചയസമ്പത്തും പൊതുജനങ്ങളുമായുള്ള അവരുടെ ബന്ധവും കണക്കിലെടുക്കുമ്പോള്‍, അവര്‍ ഏകോപനത്തിന് ഉപയോഗപ്രദമാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
ആന്ധ്രാപ്രദേശിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു മന്ത്രിസഭ കാലാവധിയുടെ പാതിവഴിയില്‍ രാജിവെക്കുന്നത്. 2019ല്‍, ആന്ധ്രാപ്രദേശ് തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് തൊട്ടുപിന്നാലെ, 2024 ലെ തന്റെ പദ്ധതിയുടെ ഭാഗമായി ഒരു പുതിയ മന്ത്രിസഭ ടീമിനെ തിരഞ്ഞെടുക്കുമെന്ന് റെഡ്ഡി പറഞ്ഞിരുന്നു. തന്നോടൊപ്പമുള്ള എല്ലാവര്‍ക്കും അവസരം നല്‍കുക എന്ന തന്ത്രവും ഇതിന് പിന്നിലുണ്ട് . നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ലക്ഷ്യമാക്കിയാണ് ജഗന്‍ മോഹന്‍ റെഡിയുടെ പദ്ധതികള്‍.
Recommended Video
അതേസമയം , മന്ത്രിസഭാ യോഗത്തിന് ശേഷം വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രിക്കാണ് മന്ത്രിസഭയിലെ 24 മന്ത്രിമാരും രാജിക്കത്ത് സമര്‍പ്പിച്ചത്. മന്ത്രിമാരുടെ രാജിക്കത്ത് വൈകുന്നേരം പ്രത്യേക ദൂതന്‍ മുഖേന ഗവര്‍ണര്‍ ബിശ്വഭൂഷണ്‍ ഹരിചന്ദന് കൈമാറും . അവ ഉടന്‍ തന്നെ സ്വീകരിക്കപ്പെടുമെന്നാണ് പ്രതീക്ഷ . 2024 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയിലെ മുതിര്‍ന്നവരെ പ്രധാന ചുമതലകള്‍ ഏല്‍പ്പിച്ച് പാര്‍ട്ടി മെഷിനറിയെ ശക്തിപ്പെടുത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തിന് അനുസൃതമായാണ് ഈ നീക്കമെന്ന് സ്ഥാനമൊഴിയുന്ന മന്ത്രി പെര്‍ണി വെങ്കിട്ടരാമയ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു .












Click it and Unblock the Notifications