ആന്ധ്രയില്‍ രണ്ടുംകല്‍പ്പിച്ച് കോണ്‍ഗ്രസ്; കാപുകളെ കയ്യിലെടുക്കാന്‍ പ്രത്യേക പദ്ധതി!! വമ്പന്‍ ഓഫര്‍
വിജയവാഡ: ആന്ധ്രപ്രദേശ് പിടിക്കാന്‍ വമ്പന്‍ ഓഫറുകളുമായി കോണ്‍ഗ്രസ്. ഒരേസമയം, ആന്ധ്ര ഭരണകക്ഷിയായ ടിഡിപിയെയും കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും ആശങ്കപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിക്കാണ് കോണ്‍ഗ്രസിന്റെ ആന്ധ്ര ചുമതല.
എല്ലാ വിഭാഗത്തെയും സന്തോഷിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയതിന് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ തുടര്‍ച്ചയായ ഇടപെടലുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ശക്തമായ മുന്നേറ്റമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ എന്‍ രഘുവീര റെഡ്ഡി പറയുന്നു. ആന്ധ്രയില്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കങ്ങള്‍ ഇങ്ങനെ.....

ലക്ഷ്യം ലോക്‌സഭ
മറ്റു പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. എന്നാല്‍ ആന്ധ്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കമാണ് ഉമ്മന്‍ ചാണ്ടിയുടെയും രഘുവീര റെഡ്ഡിയുടെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്നത്. തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗത്തെയും സംതൃപ്തിപ്പെടുത്തുന്ന പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.

ആന്ധ്രയുടെ പ്രധാന ആവശ്യം
ആന്ധ്രയില്‍ നിന്നുള്ള ഏറെ കാലത്തെ ആവശ്യമാണ് സംസ്ഥാനത്തിന് പ്രത്യേക പദവി ലഭിക്കുക എന്നത്. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇക്കാര്യം വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞതവണ ബിജെപി ഇതേ വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ അവര്‍ വാക്ക് പാലിച്ചില്ല. തുടര്‍ന്നാണ് ടിഡിപി എന്‍ഡിഎ സഖ്യം വിട്ടതും മന്ത്രിമാര്‍ രാജിവച്ചതും.

31 വരെ വന്‍ പ്രചാരണം
ഒക്ടോബര്‍ രണ്ടുമുതല്‍ ഈ മാസം 31 വരെ വന്‍ പ്രചാരണമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, ഫണ്ട് കളക്ഷന്‍, ജനങ്ങളുമായി നേരിട്ട് സംവദിക്കല്‍ തുടങ്ങി ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രമുഖരെ നേതാക്കള്‍ നേരിട്ട് കാണും. 44000 ബൂത്ത് കമ്മിറ്റികളും ഉമ്മന്‍ ചാണ്ടിയുടെ ശ്രമഫലമായി സജീവമാണിന്ന്.

ടിഡിപിയെയും ബിജെപിയെയും
ദേശീയ തലത്തില്‍ കോണ്‍ഗ്രസ് ഗാന്ധി ജയന്തി ദിനം മുതല്‍ പ്രചാരണം ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി ആന്ധ്രയിലും പരിപാടികള്‍ സംഘടിപ്പിക്കുന്നു. അതിന് പുറമെ ആന്ധ്രയ്ക്ക് മാത്രമായി പ്രത്യേക പ്രചാരണ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ടിഡിപിയെയും ബിജെപിയെയും വെട്ടിലാക്കുന്ന പ്രഖ്യാപനമാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്.

വനിതകള്‍ക്ക് വേണ്ടി
വനിതകളുടെ സ്വയം തൊഴില്‍ സംഘങ്ങള്‍ക്ക് നല്‍കിയിരുന്ന വായ്പകള്‍ എഴുതി തള്ളുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വനിതാ വിഭാഗത്തെ കൂടെ നിര്‍ത്തുന്ന പദ്ധതികള്‍ പ്രകടനപത്രികയില്‍ വേണമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. രണ്ട് ലക്ഷം വരെയുള്ള വായ്പകളാണ് എഴുതിത്തള്ളുക.

ദരിദ്രര്‍ക്ക് വേണ്ടി
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പാചകവാതക സിലിണ്ടറുകള്‍ സൗജന്യമായി നല്‍കാനും കോണ്‍ഗ്രസ് പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇക്കാര്യവും പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രാജീവ് ആരോഗ്യ ശ്രീ എന്ന പഴയ പദ്ധതി വീണ്ടും നടപ്പാക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതിനെല്ലാം പുറമെയാണ് കാപു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചത്.

പ്രധാന വെല്ലുവിളി രണ്ടെണ്ണം
ഒരു പക്ഷേ, കോണ്‍ഗ്രസിന് ഏറെ വെല്ലുവിളിയുള്ള രണ്ട് പ്രഖ്യാപനങ്ങള്‍ ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കുന്നതും കാപു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതുമായിരിക്കും. ബിജെപി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടും ഇത്തവണ നടപ്പാക്കാന്‍ സാധിക്കാത്ത വാഗ്ദാനമാണ് ആന്ധ്രയുടെ പ്രത്യേക സംസ്ഥാന പദവി.

ടിഡിപിയും ബിജെപിയും ഉടക്കിയത്
പ്രത്യേക പദവി വിഷയത്തെ ചൊല്ലിയാണ് ടിഡിപിയും ബിജെപിയും തമ്മില്‍ പിണങ്ങിയത്. ആന്ധ്രയില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ടിഡിപിയുമായി ചര്‍ച്ച നടത്തുന്നില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പ്രാദേശിക കക്ഷികളുമായിട്ടാണ് ചര്‍ച്ചകള്‍. അതേസമയം, തെലങ്കാനയില്‍ ടിഡിപിയുമായി സഖ്യത്തിന് ധാരണയുണ്ടാക്കുകയും ചെയ്തു.

കര്‍ഷകരായ കാപുകള്‍
ആന്ധ്രയില്‍ ടിഡിപിയുമായി സഖ്യമുണ്ടാക്കരുതെന്ന് ഒട്ടേറെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക സംസ്ഥാന പദവി നല്‍കുമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം പാര്‍ട്ടിക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. അതിന് പുറമെയാണ് കര്‍ഷകരായ കാപു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം.

ഒരുവെടിക്ക് രണ്ട പക്ഷികള്‍
കാപുകള്‍ക്ക് ആന്ധ്രയില്‍ നിര്‍ണായക സ്വീധീനമുണ്ട്. ആന്ധ്രയില്‍ മാത്രമല്ല തെലങ്കാനയിലും ശക്തരാണ് കാപുകള്‍. അതുകൊണ്ടുതന്നെ രണ്ട് സംസ്ഥാനങ്ങളും ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. നിലവിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തില്‍ കോട്ടം തട്ടാതെ തന്നെ കാപുകള്‍ക്ക് സംവരണം നല്‍കുമെന്ന് പ്രകടനപത്രികയില്‍ പറയുന്നു. സ്വകാര്യമേഖലയിലെ സംവരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

എല്ലാ ജില്ലകളും സജീവം
ശ്രീകാകുളത്തെ അരശുവള്ളി ക്ഷേത്രത്തില്‍ നിന്നാണ് ജനസമ്പര്‍ക്ക പരിപാടിക്ക്് കോണ്‍ഗ്രസ് തുടക്കമിടുന്നത്. സംസ്ഥാന അധയക്ഷന്‍ രഘുവീര റെഡ്ഡിയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുക. എല്ലാ ജില്ലകളിലും കോണ്‍ഗ്രസ് നേതാക്കള്‍ സമാനമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ നാല് വര്‍ഷമായി കേന്ദ്രത്തിലെ ബിജെപിയും സംസ്ഥാനത്തെ ടിഡിപിയും ആന്ധ്രയിലെ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് അവരുടെ വാഗ്ദാനങ്ങള്‍ ചൂണ്ടിക്കാട്ടി രഘുവീര റെഡ്ഡി പറഞ്ഞു.

നേരത്തെ തുടങ്ങിയതിന്റെ കാരണം
ശക്തമായ പ്രതിപക്ഷമാകാന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിനും സാധിച്ചില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. നിലവില്‍ ലോക്‌സഭയില്‍ ആന്ധ്രയിലെ കോണ്‍ഗ്രസ് പൂജ്യമാണ്. ശക്തമായ മുന്നേറ്റമാണ് ഇത്തവണ പദ്ധതിയിടുന്നതെന്നും അതിനുവേണ്ട ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications