സെൽഫിയെടുക്കാൻ സിംഹത്തിന്റെ അടുത്തേക്ക് എടുത്തുചാടി; തിരുപ്പതി മൃഗശാലയിൽ യുവാവിന് ദാരുണാന്ത്യം
സിംഹത്തിനൊപ്പം സെൽഫിയെടുക്കാൻ മൃഗശാലയിലെ കൂട്ടിലേക്ക് ചാടിക്കടന്ന യുവാവിനെ സിംഹം കടിച്ച് കൊന്നു. ആന്ധ്രപ്രദേശ് തിരുപ്പതിയിലെ വെങ്കിടേശ്വര മൃഗശാലയിലാണ് സംഭവം. 8 വയസ്സുളള ആൺ ഏഷ്യാറ്റിക് സിംഹം ആണ് 38കാരനായ പ്രഹ്ലാദ് ഗുജ്ജറിനെ ആക്രമിച്ച് കൊലപ്പെടുത്തിയത്. പ്രഹ്ളാദ് രാജസ്ഥാനിലെ ആൾവാർ സ്വദേശിയാണ്.
നിരോധിത പ്രദേശത്തേക്ക് കടക്കുന്നത്മൃഗപാലകൻ ശ്രദ്ധിക്കുകയും മുന്നറിയിപ്പ് നൽകുകയും ചെയ്‌തെങ്കിലും, യുവാവ് ആറടി ഉയരമുള്ള വേലി ചവിട്ടിക്കടന്ന് സിംഹങ്ങളുടെ അടുത്തേക്ക് ചാടുകയായിരുന്നുവെന്ന് തിരുപ്പതി മൃഗശാല ക്യൂറേറ്റർ സി സെൽവം പി ടി ഐയോട് പറഞ്ഞു. യുവാവിനെ രക്ഷിക്കാൻ മൃഗശാല ജീവനക്കാർ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് സെൽവം പറഞ്ഞു.

കഴുത്തിൽ ആണ് യുവാവിന് മുറി ഉണ്ടായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ആക്രമണത്തെ തുടർന്ന് സിംഹത്തെ നൈറ്റ്ഹൗസിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. മരിച്ചയാളുടെ കുടുംബവുമായി അധികൃതർ ബന്ധപ്പെട്ടു. തുടർന്ന് മൃഗശാല അധികൃതർ യുവാവ് ചാടിക്കടന്ന പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ ഗുജ്ജാറിൻ്റെ പേഴ്സ് കണ്ടെത്തി.
എന്നാൽ, സൈറ്റിൽ നിന്ന് മൊബൈൽ ഫോണുകളൊന്നും കണ്ടെടുത്തിട്ടില്ല. പ്രഹ്ലാദ് സിംഹത്തിന്റെ കൂടിന് സമീപമുള്ള പ്രവേശനം നിരോധിത മേഖലയിലേക്ക് നുഴഞ്ഞ് കയറികയായിരുന്നു. ഒരു ഓവർഹെഡ് വാട്ടർ ടാങ്കിന് മുകളിൽ കയറി, ഉച്ചയ്ക്ക് 2.30 ഓടെ പെട്ടെന്ന് സിംഹക്കൂട്ടത്തിലേക്ക് ചാടുകയായിരുന്നുവെന്ന് ലോക്കൽ പോലീസ് ഇൻസ്പെടക്ടർ തമീം അഹമ്മദ് പറഞ്ഞു. ചുറ്റുമതിലിന്റെ മറുവശത്ത് ഉണ്ടായിരുന്ന വാച്ചർ പ്രഹ്ലാദനോട് ചുറ്റുമതിൽ ചാടരുതെന്ന് ആക്രോശിച്ചെങ്കിലും യുവാവ് ഇതൊന്നും കേൾക്കാതെ അകത്തേക്ക് ചാടുകയായിരുന്നു.
സിംഹം യുവാവിനെ വലിച്ചിഴച്ച് 10 മിനിറ്റിനകം കൊലപ്പെടുത്തി. സംഭവം നടന്ന ഉടൻ തന്നെ മൃഗശാല അധികൃതർ സിംഹത്തെ ചുറ്റുമതിലിന് പുറത്തുള്ള ലയൺ നൈറ്റ് ഹൗസിലേക്ക് മാറ്റി. വാച്ചർ മൃഗശാല അധികൃതരെ വിവരമറിയിച്ചു തുടർന്ന് അവർ ഉച്ചയ്ക്ക് 2.45 ഓടെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പമൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ആന്ധ്രാപ്രദേശിലെ മൃഗശാലയിൽ സമീപകാലത്ത് ഇത് രണ്ടാമത്തെ സംഭവമാണ്. കഴിഞ്ഞ വർഷം നവംബർ 27 ന് വിശാഖപട്ടണം മൃഗശാലയിൽ സുരക്ഷാ വാതിൽ അടയ്ക്കാൻ മറന്നതിനെ തുടർന്ന് മൃഗശാല ജീവനക്കാരനെ കരടി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു












Click it and Unblock the Notifications