മാതൃക ഓസ്ട്രേലിയ; കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപരോധിക്കാന്‍ ഇന്ത്യയിലെ ഈ സംസ്ഥാനം
പതിനാറ് വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കാനുള്ള നീക്കത്തില്‍ ആന്ധ്രാപ്രദേശ്. ഓസ്ട്രേലിയയുടെ മാതൃക പിന്തുടര്‍ന്നാണ് പുതിയ നിയമം ആന്ധ്രാപ്രദേശിലും നടപ്പാക്കാന്‍ ആലോചിക്കുന്നതെന്ന് സംസ്ഥാന ഐടി മന്ത്രി നാരാ ലോകേഷ് പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ബ്ലൂംബെര്‍ഗ് ന്യൂസിനോട് സംസാരിക്കവെയാണ് അദ്ദേഹം സുപ്രധാന നടപടിയെക്കുറിച്ച് വ്യക്തമാക്കിയത്. ഓസ്ട്രേലിയയില്‍ തുടര്‍ച്ചയായുണ്ടായ ആക്രമണങ്ങളില്‍ കൗമാരക്കാര്‍ പ്രതികളാകുന്നതും അതിനു സോഷ്യല്‍ മീഡിയ പ്രചോദനേമകുന്നുവെന്നും കണ്ടെത്തിയതോടെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഒരു നിശ്ചിത പ്രായത്തിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന കാര്യങ്ങളുടെ ആഘാതം തിരിച്ചറിയാന്‍ അവര്‍ക്ക് കഴിയില്ലെന്നും, അതിനാല്‍ കുട്ടികളുടെ സുരക്ഷ മുന്‍നിര്‍ത്തി ശക്തമായ നിയമനിര്‍മ്മാണം അത്യാവശ്യമാണെന്നും ഐടി മന്ത്രി പറഞ്ഞു. 'ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയ നടത്തിയ ഇടപെടലുകള്‍ സംസ്ഥാനം സൂക്ഷ്മമായി പഠിക്കുകയാണ്. ഓസ്‌ട്രേലിയയുടെ അണ്ടര്‍ 16 നിയമങ്ങള്‍ ഞങ്ങള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ശക്തമായ നിയമ നിയമമാണ് വേണ്ടതെന്ന് ഞാന്‍ വിശ്വസിക്കുന്നു' - അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ നിലവില്‍ പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് ചില നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും, ഇത്തരം ഒരു പൂര്‍ണ നിരോധനം ആദ്യമായാണ് ഒരു ഇന്ത്യന്‍ സംസ്ഥാനം ഗൗരവമായി പരിഗണിക്കുന്നത്. എന്നാല്‍ ഇത്തരം നിയമങ്ങള്‍ പ്രായോഗികമായി നടപ്പാക്കുന്നതില്‍ ചില സാങ്കേതിക വെല്ലുവിളികള്‍ ഉണ്ടെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിപിഎന്‍ പോലുള്ള മാര്‍ഗങ്ങളിലൂടെ കുട്ടികള്‍ ഇത്തരം പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ളതിനാല്‍, നിരോധനം സാങ്കേതികമായി എത്രത്തോളം ഫലപ്രദമാകുമെന്നത് കണ്ടറിയണം. എങ്കിലും സൈബര്‍ സുരക്ഷയും കുട്ടികളുടെ മാനസികാരോഗ്യവും മുന്‍നിര്‍ത്തി നിയമങ്ങള്‍ പരിഷ്‌കരിക്കേണ്ടത് അത്യാവശ്യമാണെന്ന നിലപാടിലാണ് സര്‍ക്കാര്‍.
ഡെന്‍മാര്‍ക്ക്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളും സമാനമായ നിയന്ത്രണങ്ങളെക്കുറിച്ച് ആലോചിക്കുന്ന ഈ സാഹചര്യത്തില്‍ ആന്ധ്രയുടെ ഈ നീക്കം ആഗോളതലത്തിലും ശ്രദ്ധ നേടിയിട്ടുണ്ട്. നിയമനിര്‍മാണം നടപ്പാക്കുകയാണെങ്കില്‍, കുട്ടികള്‍ക്കായി സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായിരിക്കും ആന്ധ്ര.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഓസ്‌ട്രേലിയയിലെ ആന്റണി അല്‍ബനീസി സര്‍ക്കാര്‍ 16 വയസിന് താഴെയുള്ള കുട്ടികളെ ടിക് ടോക്ക്, എക്‌സ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ്, സ്‌നാപ്ചാറ്റ് തുടങ്ങിയ പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയത്. ഈ നിയമപ്രകാരം, കുട്ടികള്‍ക്ക് പുതിയ അക്കൌണ്ടുകളുണ്ടാക്കാന്‍ കഴിയില്ല. നിലവിലുള്ള പ്രൊഫൈലുകള്‍ നിര്‍ജീവമാക്കുകയും ചെയ്യും.
ടെക്‌നോളജി മേഖലയില്‍ വലിയ കുതിപ്പിനൊരുങ്ങുകയാണ് ആന്ധ്രാപ്രദേശ്. ഗൂഗിളുമായുള്ള 15 ബില്യണ്‍ ഡോളറിന്റെ പുതിയ കരാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. വിശാഖപട്ടണത്താണ് ഗൂഗിളിന്റെ ഏഷ്യയിലെ ഏറ്റവും വലിയ ഓഫീസ് വരുന്നത്. 2047-ഓടെ സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥ 2.4 ട്രില്യണ്‍ ഡോളറില്‍ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. വെറും പ്രഖ്യാപനങ്ങള്‍ മാത്രമല്ല, അവ കൃത്യമായി പ്രാവര്‍ത്തികമാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications