തെലങ്കാനയിൽ അറ്റകൈ പ്രയോഗവുമായി കെസിആർ; മണ്ണിന്റെ മക്കൾ വാദം ഉയർത്തി പ്രതിരോധം
ഹൈദരാബാദ്: തെലങ്കാനയിൽ ടിആർഎസിനെ ഏതുവിധേനയും പരാജയപ്പെടുത്തി അധികാരത്തിലെത്താൻ കിണഞ്ഞു പരിശ്രമിക്കുകയാണ് കോൺഗ്രസ്. രാജ്യത്ത് ഏറ്റവും ഒടുവിൽ രൂപം കൊണ്ട സംസ്ഥാനം ആർക്കൊപ്പമാണെന്നുള്ളത് കോൺഗ്രസിന് 2019ലേക്കുള്ള വ്യക്തമായ സൂചനകൾ നൽകുമെന്നാണ് കരുതുന്നത്. പ്രതീക്ഷിച്ചതിലും കനത്ത പോരാട്ടമാണ് തെലുങ്കാനയിൽ നടക്കുന്നത്.
കോൺഗ്രസും, ടിഡിപിയും , സപിഐയും ചേർന്നുണ്ടാക്കിയ സഖ്യം ഒരു ഭാഗത്ത് , തെലങ്കാന രാഷ്ട്ര സമിതി മറുഭാഗത്ത്. കാലാവധി ബാക്കിനിൽക്കെ സംസ്ഥാനത്ത് ഉടലെടുത്ത ഭരണ വിരുദ്ധ വികാരം നേരിടാനാണ് നിയമസഭ പിരിച്ചുവിട്ട് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തിരഞ്ഞെടുപ്പിനൊരുങ്ങിയതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. അപ്രതീക്ഷിതമായി പ്രതിപക്ഷ ഐക്യം ശക്തിയാർജ്ജിച്ചപ്പോൾ പകച്ചുപോയ കെസിആർ ആവനാഴിയിലെ അവസാന അമ്പുമെടുത്ത് പ്രതിരോധം തീർക്കുകയാണ്

തെലങ്കാനയുടെ ശത്രുക്കൾ
ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യത്തിന് ചുക്കാൻ പിടിക്കുന്നത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ്. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടെ എതിരാളി ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയാണ്. പ്രചാരണ റാലികളിൽ ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കെസിആർ ഉന്നയിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി കോൺഗ്രസിനൊപ്പം മത്സരിക്കുന്ന ടിഡിപി ടിആർഎസിന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

അവസാനത്തെ സംസ്ഥാനം
നീണ്ട നാളത്തെ പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപം കൊണ്ടത്. 2014ലാണ് വിഭജനം നടക്കുന്നത്. കെസിആറിന്റെ നിരാഹാര സമരത്തോടെ ഏറെ നാളായുള്ള പ്രത്യേക സംസ്ഥാന ആവശ്യം വീണ്ടും ദേശീയ ശ്രദ്ധ നേടുകയായിരുന്നു. തെലങ്കാന സംസ്ഥാനത്തിന്റെ രൂപികരണം ഏറ്റവും കൂടുതൽ തിരിച്ചടിയയാത് കോൺഗ്രസിനാണ്. കോൺഗ്രസിനേയും ബിജെപിയേയും ഒരുപോലെ കടന്നാക്രമിക്കുമ്പോഴും പ്രധാനശത്രുവായ ചന്ദ്രബാബു നായിഡുവിന് നേരെയായിരുന്നു കെസിആറിന്റെ വിമർശന ശരങ്ങൾ അധികവും.

തെലങ്കാന പിടിച്ചെടുക്കും
തെലങ്കാനയുടെ മേൽ വീണ്ടും അവകാശം സ്ഥാപിക്കാനാണ് ആന്ധ്രയിലെ ഭരണാധികാരികൾ ശ്രമിക്കുന്നതെന്നാണ് കഴിഞ്ഞ ദിവസം നടന്ന പ്രചാരണ റാലിയിൽ കെസിആർ പറഞ്ഞത്. വർഷങ്ങൾ നീണ്ട പോരാട്ടത്തിനൊടുവിൽ നമ്മൾ നേടിയെടുത്ത സ്വാതന്ത്ര്യത്തിന് മേലാണ് ഇപ്പോഴും അവരുടെ കണ്ണ്. നമ്മുടെ തെലങ്കാനയെ ഇനിയും ആന്ധ്രാക്കാർക്ക് കൈമാറണോ? കോൺഗ്രസ്-ടിഡിപി സഖ്യത്തിന് വോട്ടു ചെയ്യാനിരിക്കുന്നവർ ഇത് കൂടി ചിന്തിക്കണമെന്ന് കെസിആർ പറയുന്നു.

ഭരണവിരുദ്ധ വികാരം
കെസിആർ തെലുങ്കാനയ്ക്ക് നൽകിയ വാഗ്ദാനനങ്ങളൊന്നും ഇതുവരെയും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന ആരോപണം. പാർട്ടിയിലെ കുടുംബാധിത്യവും അണികൾ തന്നെ ചോദ്യം ചെയ്ത് തുടങ്ങി. രൂക്ഷമായ ജലക്ഷാമാണ് പലയിടങ്ങളിലും കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി. കെസിആർ നടത്തിയ വികസന പ്രവർത്തനങ്ങൾ ചിലയിടത്ത് മാത്രമാണ് എത്തിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

എല്ലാത്തിനും കാരണം കോൺഗ്രസ്
സംസ്ഥാനത്തിന്റെ വികസനത്തെ പിന്നോട്ടടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നാണ് കെസിആർ ആരോപിക്കുന്നത്. വിഭജനത്തിന് മുമ്പ് കോൺഗ്രസും ടിഡിപിയും അവഗണിച്ചയിടങ്ങളിലേക്ക് ഇപ്പോൾ വികസനമെത്തിയിരിക്കുകയാണ്. ജലസേചനത്തിനായി നടത്തിയ വിവിധ പദ്ധതികൾ കോൺഗ്രസ്-ടിഡിപി നേതാക്കൾ ഇടപെട്ട് അട്ടിമറിച്ചു. തെലങ്കാനയെ വീണ്ടും വരുതിയിലാക്കാനാണ് ആന്ധ്രാപ്രദേശ് ശ്രമിക്കുന്നതെന്നാണ് കെസിആർ ആരോപിക്കുന്നത്.

പോരാട്ടം ശക്തം
തെലങ്കാനയിൽ അനായാസമായി അധികാരത്തിലെത്താമെന്ന കെസിആറിന്റെ പ്രതീക്ഷയ്ക്ക് വലിയ തിരിച്ചടിയാണ് കോൺഗ്രസും ടിഡിപിയും സിപിഐയും ഒന്നിച്ച മഹാകൂട്ടമി. പത്തോളം മണ്ഡലങ്ങളിൽ സ്വാധീനമുള്ള ഒവൈസി ടി ആർ എസിന് ഒപ്പമാണ്. ടിആർഎസിനൊപ്പം നിന്ന ദളിത് വോട്ടുകൾ ചോരുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ടിപിസിസി വർക്കിംഗ് പ്രസിഡന്റ് രേവന്ദ് റെഡ്ഡിയെ ചെയ്ത നടപടി കെസിആറിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുകളുണ്ട്.












Click it and Unblock the Notifications