സ്ത്രീധനം ആവശ്യപ്പെട്ടു; വിവാഹവേദിയില്‍ വധു വരനോട് 'നോ' പറഞ്ഞു
മെഹ്ഗാവ്: വിവാഹദിവസം വധുവിന്റെ വീട്ടുകാരില്‍ നിന്നും കൂടുതല്‍ പണം തട്ടാമെന്ന വരന്റെ ബന്ധുക്കളുടെ കണക്കുകൂട്ടല്‍ ബുദ്ധിമതിയായ വധുവിന്റെ തീരുമാനത്തിനു മുന്നില്‍ പിഴച്ചു. മധ്യപ്രദേശിലെ മെഹാഗാവ് എന്ന സ്ഥലത്താണ് അപൂര്‍വസംഭവം അരങ്ങേറിയത്. വരന്റെ ബന്ധുക്കള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വധു വിവാഹം നിരസിക്കുകയായിരുന്നു.
രണ്ടു ലക്ഷം രൂപയായിരുന്നു നേരത്തെ വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നത്. ഈ പണം നല്‍കാമെന്ന് പെണ്‍വീട്ടുകാര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാല്‍ വിവാദമുഹൂര്‍ത്തത്തിന് തൊട്ടുമുന്‍പ് കൂടുതല്‍ പണം വേണമെന്നായിരുന്നു വരന്റെ വീട്ടുകാരുടെ ആവശ്യം. ആവശ്യം നിരസിച്ച പെണ്‍വീട്ടുകാരെ അവര്‍ ഭീഷണിപ്പെടുത്തുകയും കൈയ്യേറ്റം നടത്താന്‍ ശ്രമിക്കുകയും ചെയ്തു.

വിവാഹമുഹൂര്‍ത്തം അടുത്തതിനാല്‍ ഏതുവിധേനയും പെണ്‍വീട്ടുകാര്‍ പണം നല്‍കുമെന്നായിരുന്നു വരന്റെ ബന്ധുക്കളുടെ ധാരണ. എന്നാല്‍, ഇത്തരം ഒരു വരനെ തനിക്ക് ആവശ്യമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ വരനും കൂട്ടരും നിരാശയോടെ മടങ്ങിപ്പോകേണ്ടതായിവന്നു. ഇതിനു പിന്നാലെ വരന്റെ വീട്ടുകാര്‍ക്കെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതിയും നല്‍കി.
മല്‍ഖാന്‍ സിങ്ങിന്റെ മകള്‍ മീനാക്ഷിയാണ് പരാതിക്കാരി. വരന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും കൈയ്യേറ്റം ചെയ്‌തെന്നും മീനാക്ഷി നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വരന്റെ ബന്ധുക്കള്‍ മദ്യപിച്ചാണ് വിവാഹസ്ഥലത്തെത്തിയതെന്നും മീനാക്ഷി പറയുന്നു. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications