ആപ്പിന് പിന്തുണ; പ്രതിഷേധവുമായി കോണ്‍ഗ്രസ് അണികള്‍
ദില്ലി: തലസ്ഥാന നഗരമായ ദില്ലിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കിയതില്‍ കോണ്‍ഗ്രസ് അണികളില്‍ പ്രതിഷേധം. പ്രതിഷേധക്കാരായ അണികള്‍ ദില്ലിയിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നില്‍ പ്രകടനം നടത്തി. ഏകദേശം അമ്പതിലധികം കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരാണ് ദില്ലിയിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ പ്രകടനവുമായി എത്തിയത്.
സെന്‍ട്രല്‍ ദില്ലിയിലെ ദീന്‍ ദയാല്‍ ഉപാധ്യായ മാര്‍ഗിലുള്ള കോണ്‍ഗ്രസ് ഓഫീസിന് മുന്നിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ആം ആദ്മി പാര്‍ട്ടിക്കെതിരായും കോണ്‍ഗ്രസ് തീരുമാനത്തിനെതിരായും അവര്‍ മുദ്രാവാക്യം വിളിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ദില്ലിയില്‍ ആദ്യത്തെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന് അരങ്ങൊരുങ്ങിയത്.

തങ്ങളെ വിശ്വാസമില്ലാത്ത ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നതില്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തിട്ടും ആം ആദ്മി പാര്‍ട്ടി അത് കാര്യമായി എടുക്കാതിരുന്നതില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ അതൃപ്തി പരസ്യമായി അറിയിച്ചിരുന്നു. അപമാനം സഹിച്ച് ആപ്പിന് പിന്തുണ നല്‍കേണ്ട കാര്യമില്ല എന്ന് കോണ്‍ഗ്രസ് ഒരുഘട്ടത്തില്‍ തുറന്നടിച്ചു.
മുഖ്യമന്ത്രി ഷീല ദീക്ഷിത് അടക്കമുള്ള കോണ്‍ഗ്രസ് വമ്പന്മാരെ അട്ടിമറിച്ചാണ് ചരിത്രത്തിലാദ്യമായി തിരഞ്ഞെടുപ്പിനിറങ്ങിയ ആം ആദ്മി പാര്‍ട്ടി ദില്ലിയില്‍ രണ്ടാമത്തെ വലിയ കക്ഷിയായത്. 15 വര്‍ഷമായി ദില്ലി ഭരിക്കുന്ന കോണ്‍ഗ്രസിനാണ് ആപ്പിന്റെ നേട്ടത്തില്‍ ഏറ്റവും മാനഹാനിയുണ്ടായത്. ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍ സെന്‍ട്രല്‍ ദില്ലിയില്‍ ഷീല ദീക്ഷിതിനെ തോല്‍പിച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസിന് വെറും എട്ട് സീറ്റുകള്‍ മാത്രമാണ് ദില്ലിയില്‍ നേടാനായത്.












Click it and Unblock the Notifications