വീട്ടില്‍ കൊതുക് വളര്‍ച്ച: ജൂഹി ചൗളയ്ക്കും അനില്‍ കപൂറിനും നോട്ടീസ്
മുമബൈ: ബോളിവുഡ് സൂപ്പര്‍ താരങ്ങളാണ് എന്ന് പറഞ്ഞിട്ടെന്താ കാര്യം. വീടും പരിസരവും വൃത്തിയാക്കി വെച്ചില്ലെങ്കില്‍ പോയില്ലേ. കൊതുകിന് അറിയില്ലല്ലോ ബോളിവുഡ് താരങ്ങളുടെ വീടാണെന്ന്. അവയങ്ങ് പെറ്റുപെരുകും. പോരാത്തതിന് ഡെങ്കി അടക്കമുള്ള പകര്‍ച്ചപ്പനികളുടെ സീസണും. ബംഗ്ലാവിലും പരിസരത്തും കൊതുകുകള്‍ കൂടിയതോടെ താരങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുകയാണ് ബി എം സി.
കൊതുകുവളര്‍ച്ച തടയുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തില്ല എന്ന് കാണിച്ചാണ് ബൃഹത് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബോളിവുഡ് താരങ്ങള്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. അനില്‍ കപൂര്‍, ജൂഹി ചൗള, ഗജേന്ദ്ര എന്നിവര്‍ക്കാണ് നോട്ടീസ് കിട്ടിയത്. ബോളിവുഡ് താരങ്ങള്‍ അടക്കമുള്ള സെലിബ്രിറ്റികളുടെ വീടുകളില്‍ ബി എം സി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

അമിതാഭ് ബച്ചന്‍, ഷബാന ആസ്മി എന്നിവരുടെ വീട്ടിലും ബി എം സി ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. എന്നാല്‍ ഇവരുടെ ബംഗ്ലാവില്‍ നടത്തിയ പരിശോധനയില്‍ ബി എം സി തൃപ്തരാണ്. ദില്ലിയിലും സമാനമായ പരിശോധനകള്‍ നടക്കുന്നുണ്ട്. സെപ്തംബര്‍ 23 വരെ ദില്ലിയില്‍ മൂവായിരത്തിലധികം പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചിട്ടുണ്ട് എന്നാണ് അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications