19-കാരിയുടെ മരണം; നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ബിജെപി, റിസോര്‍ട്ട് കത്തിച്ച് നാട്ടുകാര്‍
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ 19-കാരിയായ റിസോര്‍ട്ട് ജീവനക്കാരിയുടെ മരണത്തിന് പിന്നാലെ മുന്‍ മന്ത്രി വിനോദ് ആര്യയേയും മകന്‍ അങ്കിത് ആര്യയേയും പുറത്താക്കി ബി ജെ പി. 19 കാരിയായ അങ്കിത ഭണ്ഡാരിയുടെ മരണത്തിന് പിന്നില്‍ വിനോദ് ആര്യയുടെ മറ്റൊരു മകനായ പുല്‍കിത് ആര്യയാണ് എന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് നടപടി.
ശനിയാഴ്ചയാണ് ഋഷികേശിലെ ഒരു കനാലില്‍ നിന്ന് 19 കാരിയായ അങ്കിത ഭണ്ഡാരിയുടെ മൃതദേഹം കണ്ടെടുത്തത്. ഉത്തരാഖണ്ഡ് മുന്‍ ബി ജെ പി മന്ത്രിയായ വിനോദ് ആര്യയുടെ മകന്‍ പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു റിസോര്‍ട്ട്. ഈ റിസോര്‍ട്ടിലെ ജീവനക്കാരിയായിരുന്നു അങ്കിത ഭണ്ഡാരി. ഋഷികേശിലെ ചില്ല കനാലില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു.

ലക്ഷ്മണ്‍ ജുല ഏരിയയിലെ വനാന്തര റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന ഭണ്ഡാരിയെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കേസില്‍ പുല്‍കിത്തിനെയും മറ്റ് രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കനാലിലേക്ക് തള്ളിയതായി റിസോര്‍ട്ട് മാനേജര്‍ ഉള്‍പ്പെടെ മൂന്ന് പ്രതികള്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പുല്‍കിതിന്റെ സഹോദരന്‍ ആര്യനെ സംസ്ഥാന ഒബിസി കമ്മീഷന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നാണ് നീക്കിയത്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തുടനീളമുള്ള റിസോര്‍ട്ടുകളില്‍ അന്വേഷണം നടത്താനും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ആവശ്യമായ നടപടിയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ധാമി ജില്ലാ മജിസ്ട്രേറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ മഹേന്ദ്ര ഭട്ടിന്റെ നിര്‍ദേശപ്രകാരമാണ് വിനോദ് ആര്യയ്ക്കും അങ്കിതിനുമെതിരെ നടപടി സ്വീകരിച്ചതെന്ന് പാര്‍ട്ടിയുടെ മീഡിയ ഇന്‍ചാര്‍ജ് മന്‍വീര്‍ ചൗഹാന്‍ ശനിയാഴ്ച പറഞ്ഞു. ഹരിദ്വാറില്‍ നിന്നുള്ള പാര്‍ട്ടി നേതാവാണ്. അതേസമയം പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള വനതാര റിസോര്‍ട്ട് കഴിഞ്ഞ ദിവസം നാട്ടുകാര്‍ തീയിട്ടിരുന്നു.

വനതാര റിസോര്‍ട്ടില്‍ ജോലി ചെയ്തിരുന്ന അങ്കിതയെ ആറു ദിവസം മുന്‍പാണ് കാണാതായത്. സംഭവം വലിയ ജനരോഷം സൃഷ്ടിച്ചതോടെ പുഷ്‌കര്‍ സിംഗ് ധാമി റിസോര്‍ട്ട് പൊളിക്കാന്‍ ഉത്തരവിട്ടിരുന്നു. അതേസമയം മൂന്ന് പ്രതികളെയും കോട്വാര്‍ കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി പോലീസ് അറിയിച്ചു.












Click it and Unblock the Notifications