നടന്‍ വിശാലിന്റെ വീടിന് നേരെ കല്ലേറ്; ചുവന്ന കാറിലെത്തിയ സംഘം... സിസിടിവി ദൃശ്യം പുറത്ത്
ചെന്നൈ: തമിഴ് നടന്‍ വിശാലിന്റെ വീടിന് നേരെ ആക്രമണം. ചുവന്ന കാറിലെത്തിയ സംഘമാണ് കല്ലേറ് നടത്തിയത്. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. താരത്തിന്റെ മാനേജര്‍ ഹരികൃഷ്ണല്‍ അണ്ണാ നഗര്‍ പോലീസില്‍ പരാതി നല്‍കി. കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. വിശാലിന്റെ വീട്ടില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്.

ചുവന്ന കാറിലെത്തിയ സംഘം ആക്രമണം നടത്തുന്നതും വേഗത്തില്‍ രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട് എന്നാണ് വിവരം. എന്നാല്‍ ആരാണ് ആക്രമണം നടത്തിയത്, എന്തിനാണ് ആക്രമണം നടത്തിയത് എന്നീ കാര്യങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്. വിശാലിന് ശത്രുക്കളുണ്ടോ, അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലെ ഇടപാടുകള്‍, മൊബൈലിലേക്ക് വന്ന കോളുകള്‍ എന്നിവയെല്ലാം പോലീസ് പരിശോധിച്ചുവരികയാണ്.
തിങ്കളാഴ്ച രാത്രിയാണ് അണ്ണനഗറിലെ വീടിന് നേരെ കല്ലേറുണ്ടായത്. ഈ വേളയില്‍ താരം വീട്ടിലില്ലായിരുന്നു. പുതിയ സിനിമയുടെ ഷൂട്ടിങിന്റെ ഭാഗമായി ചെന്നൈയ്ക്ക് പുറത്താണ് താരം എന്നാണ് വിശാലുമായി ബന്ധമുള്ളവര്‍ പറയുന്നത്. തെന്നിന്ത്യയിലെ പ്രധാന നടനാണ് വിശാല്‍. മാത്രമല്ല, തമിഴ് സിനിമാ താരസംഘടനയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ്.
ആക്രമണം നടന്നുവെന്ന വാര്‍ത്ത പുറത്തുവന്ന പിന്നാലെ അദ്ദേഹത്തിന്റെ ആരാധകര്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തി. താരത്തിന് പിന്തുണ പ്രഖ്യാപിച്ച് പലരും സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നു. പോലീസ് ശക്തമായ നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
ലാത്തി എന്ന സിനിമയാണ് വിശാലിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. പോലീസ് വേഷത്തിലാണ് ഇതില്‍ വിശാല്‍ എത്തുന്നത്. ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും റിലീസിന് മുന്നോടിയായിട്ടുള്ള അവസാന മിനുക്ക് പണിയിലാണ് സിനിമ എന്നാണ് വിവരം. തുപ്പരിവാളന്‍-2, മാര്‍ക്ക് ആന്റണി എന്നീ സിനിമകളും വിശാലിന്റേതായി പുറത്തിറങ്ങാനുണ്ട്. തുപ്പരിവാളന്റെ ആദ്യ ഭാഗം വലിയ വിജയമായിരുന്നു. അതുകൊണ്ടുതന്നെ രണ്ടാം ഭാഗം ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.












Click it and Unblock the Notifications