'രാഹുൽ ഗാന്ധിക്ക് ജോലി ഇല്ലെന്ന് വെച്ച് ഇന്ത്യയിലെ യുവാക്കൾ എല്ലാവരും തൊഴിൽരഹിതരല്ല'; അണ്ണാമലൈ
ഡൽഹി: രാഹുൽ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് ബിജെ പി അധ്യക്ഷൻ കെ അണ്ണാമലൈ. രാഹുൽ ഗാന്ധിയ്ക്ക് ജോലി ഇല്ലെന്ന് കരുതി ഇന്ത്യയിലെ മുഴുവൻ യുവാക്കളും തൊഴിൽരഹിതരല്ലെന്ന് അണ്ണാമലൈ പറഞ്ഞു. 2024 ൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നും അണ്ണാമലൈ പറഞ്ഞു. 'ഇന്ത്യ ടുഡെ കോൺക്ലേവി'ൽ സംസാരിക്കുകയായിരുന്നു അണ്ണാമലൈ.
'കോൺഗ്രസിന്റെ സംസ്കാരം കാരണം വളരെ മോശം പേരാണ് ദേശീയ പാർട്ടികൾക്ക് തമിഴ്നാട്ടിൽ ഉള്ളത്. 2024 ലെ പൊതുതിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിൽ ബി ജെ പി നേട്ടമുണ്ടാക്കും. പ്രത്യേകിച്ച് തമിഴ്നാട് , കർണാടക, തെലങ്കാന, കേരളം എന്നിവിടങ്ങളിൽ. ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ ഭേദപ്പെട്ട പ്രകടനം തന്നെയായിരുന്നു ഞങ്ങൾ കാഴ്ചവെച്ചത്. ഞങ്ങളുടെ വോട്ട് വിഹിതം ഞങ്ങൾ നിലനിർത്തി. പോണ്ടിച്ചേരിയിൽ മികച്ച മുന്നേറ്റം ഉണ്ടാക്കുകയും സർക്കാരിൽ ബി ജെ പി ഭാഗമാകുകയും ചെയ്തു', അണ്ണാമലൈ പറഞ്ഞു.

'2014 ന് മുൻപ് ദക്ഷിണേന്ത്യൻ രാഷ്ട്രീയ സാഹചര്യം വളരെ വ്യത്യസ്തമായിരുന്നു. തമിഴ്നാട്ടിൽ വളരെ വൈകിയാണ് ബി ജെ പി തങ്ങളുടെ പ്രവർത്തനം തുടങ്ങിയത്. വാജ്പേയുടെ കാലത്താണ് ബി ജെ പിക്ക് സംസ്ഥാനത്ത് വലിയ സ്വീകാര്യത നേടാനായത്. 2014 ന് ശേഷം പാർട്ടിക്ക് വളർച്ച നേടാനായി. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വികസന പ്രവർത്തനങ്ങളുടെയും സാംസ്കാരിക അനുരണനത്തിന്റെയും സംയോജനമായിരിക്കും ഇത്തവണ ദൃശ്യമാകുക', അദ്ദേഹം പറഞ്ഞു.
അതേസമയം ദക്ഷിണേന്ത്യയിൽ മോദി ഫാക്ടർ ഒരിക്കലും ഫലിക്കില്ലെന്നായിരുന്നു കോൺക്ലേവിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് മാണിക്കം ടാഗോറിന്റെ പ്രതികരണം. 'എല്ലാ തിരഞ്ഞെടുപ്പുകളും ഒരുപോലെ ആയിരിക്കില്ല. ഇവിടെ ആർ എസ് എസ് പിന്തുണയോടെ ബി ജെ പി നടത്തുന്ന വർഗീയ രാഷ്ട്രീയം വിജയിക്കില്ല. കർണാടകത്തിലും വളരെ വലിയ തിരിച്ചടിയാണ് ബി ജെ പി നേരിട്ടത്. അവിടെ മോദി ഫാക്ടർ ഫലിച്ചിരുന്നില്ല', മാണിക്കം ടാഗോർ ചൂണ്ടിക്കാട്ടി.
'ദക്ഷിണേന്ത്യയിൽ ആളുകൾക്ക് രാഷ്ട്രീയ ബോധമുണ്ട്. ഇവിടെ സാമ്പത്തിക-,സാമൂഹിക വിഷയങ്ങൾ ഉണ്ട്. ദക്ഷിണേന്ത്യക്കാർ ഒരിക്കലും വോട്ട് ചെയ്യാൻ പോകുന്നില്ല', ടാഗോർ പറഞ്ഞു. കോൺക്ലേവിൽ പങ്കെടുത്ത ജോൺ ബ്രിട്ടാസ് എംപിയും ഇക്കാര്യം ആവർത്തിച്ചു.
'മോദി ഫാക്ടർ ഓരോ സംസ്ഥാനത്തും ഹിന്ദുത്വ പരീക്ഷണശാലകൾ സൃഷ്ടിക്കുകയാണ്. കർണാടകത്തിൽ അത് ഹലാലോ ഹിജാബോ ആകാം, തമിഴ്നാട്ടിൽ ചെങ്കോലും കേരളത്തിൽ ശബരിമലയും ആകാം. ഇതൊന്നും പക്ഷേ ദക്ഷിണേന്ത്യയിൽ വിജയിക്കാൻ പോകുന്നില്ല. കേരളത്തിൽ ബിജെപിയെ അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ലെന്ന കാര്യം ഞങ്ങൾ ഉറപ്പാക്കും', ബ്രിട്ടാസ് പറഞ്ഞു.












Click it and Unblock the Notifications