അണ്ണാമലൈ വീണ്ടും ഔട്ട്; നറുക്ക് വീണത് ആര്‍എസ്എസ് നേതാവിന്, സ്മൃതി ഇറാനിയെ പരിഗണിച്ചില്ല
ഹൈദരാബാദ്: തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയുമായി സഖ്യം ചേരുന്നതിന് തയ്യാറാക്കിയ ധാരണയാണ് ബിജെപി സംസ്ഥാന അധ്യക്ഷ പദവി കെ അണ്ണാമലൈക്ക് നഷ്ടപ്പെടാന്‍ കാരണം. തമിഴകം അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ കളംനിറയാന്‍ ശ്രമിക്കുകയാണ് ബിജെപി. തുടര്‍ന്നാണ് അണ്ണാഡിഎംകെയുമായി സഖ്യം ചേരാന്‍ ഈ വിട്ടുവീഴ്ച ചെയ്തത്.
സംസ്ഥാന അധ്യക്ഷ പദവി ഒഴിയുമ്പോള്‍ അണ്ണാമലൈക്ക് വലിയ ഓഫര്‍ ബിജെപി കേന്ദ്ര നേതൃത്വം നല്‍കി എന്നായിരുന്നു വാര്‍ത്തകള്‍. കേന്ദ്രമന്ത്രി പദം ലഭിച്ചേക്കും, ആന്ധ്രയില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് ലഭിച്ചേക്കും എന്നിവയായിരുന്നു പ്രചാരണം. എന്നാല്‍ ആന്ധ്രയിലെ വാതില്‍ അടഞ്ഞിരിക്കുകയാണ്. സ്ഥാനാര്‍ഥിയായി ബിജെപി കണ്ടെത്തിയത് ആര്‍എസ്എസ് നേതാവിനെയാണ്...

പക വെങ്കട്ട സത്യനാരായണയാണ് ആന്ധ്രയില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മല്‍സരിക്കുക. ഒബിസി വിഭാഗമായ ഗൗഡില്‍ പെട്ട വ്യക്തിയാണ് സത്യനാരായണ. ചെറുപ്പം മുതല്‍ ആര്‍എസ്എസില്‍ അംഗമാണ്. ബിജെപി ടിക്കറ്റില്‍ നേരത്തെ പലതവണ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇദ്ദേഹം രാജ്യസഭയിലേക്ക് മല്‍സരിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.
ബിജെപിയുടെ ലക്ഷ്യം മറ്റൊന്ന്
ബിജെപിയുടെ ആന്ധ്രയിലെ പ്രധാന മുഖങ്ങളിലൊന്നാണ് സത്യനാരായണ. പിന്നാക്ക വിഭാഗത്തെ പാര്‍ട്ടിയുമായി അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കുന്നത്. ആന്ധ്രയില്‍ വേരോട്ടം ശക്തമാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. ഗൗഡ് സമുദായംഗങ്ങള്‍ സാധാരണ കള്ള് ചെത്ത് ജോലിയാണ് ചെയ്യാറ്. അടുത്ത കാലത്തായി ആന്ധ്ര-തെലങ്കാന രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന സമുദായം കൂടിയാണ് ഇവര്‍.
സര്‍ക്കാര്‍ ഉദ്യോഗം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന വ്യക്തിയാണ് കെ അണ്ണാമലൈ. എന്നാല്‍ അണ്ണാഡിഎംകെ-ബിജെപി ബന്ധത്തില്‍ ഉലച്ചില്‍ തട്ടാന്‍ കാരണം അണ്ണാമലൈയുടെ വാശിയാണ് എന്നും വാര്‍ത്തകളുണ്ടായിരുന്നു. 2023ല്‍ ബിജെപിയുമായുള്ള സഖ്യം വിട്ട അണ്ണാഡിഎകെയെ വീണ്ടും എന്‍ഡിഎയില്‍ എത്തിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം താല്‍പ്പര്യപ്പെട്ടതോടെയാണ് തമിഴ്‌നാട് ബിജെപിയില്‍ സ്ഥാന ചലനമുണ്ടായത്.
അണ്ണാഡിഎംകെ അധ്യക്ഷന്‍ എടപ്പാടി പളനി സ്വാമിയും കെ അണ്ണാമലൈയും ഗൗഡര്‍ സമുദായക്കാരാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസവുമുണ്ട്. അണ്ണാമലൈയുമായി ഒത്തുപോകില്ല എന്ന് പളനിസ്വാമി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അണ്ണാലൈയെ നീക്കാന്‍ ബിജെപി തീരുമാനിച്ചതത്രെ. നൈനാര്‍ നാഗേന്ദ്രനാണ് ബിജെപിയുടെ പുതിയ തമിഴ്‌നാട് പ്രസിഡന്റ്.
അണ്ണാമലൈ രാജ്യസഭയിലേക്ക് മല്‍സരിക്കുമെന്നായിരുന്നു പിന്നീട് വന്ന വാര്‍ത്ത. ആന്ധ്രയില്‍ ഒഴിവ് വരുന്ന സീറ്റില്‍ മല്‍സരിക്കുമെന്നായിരുന്നു പ്രചാരണം. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് വി വിജയസായ് റെഡ്ഡി ഒഴിഞ്ഞതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 9നാണ് തിരഞ്ഞെടുപ്പ്. മറ്റാരു പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥികള്‍ മല്‍സരിക്കില്ല എന്നാണ് വിവരം.
സത്യനാരായണ ആരാണ്?
1976ല്‍ 15ാം വയസിലാണ് സത്യനാരായണ ആര്‍എസ്എസില്‍ ചേര്‍ന്നത്. എബിവിപിയില്‍ സജീവമായിട്ടാണ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. ആന്ധ്രയിലെ ഡിഎന്‍എ കോളജില്‍ ആയിരുന്നു പഠനം. 1980ല്‍ ഔദ്യോഗികമായി ബിജെപിയില്‍ അംഗത്വം എടുത്തു. പിന്നീട് പാര്‍ട്ടിയിലെ പല പദവികളും വഹിച്ചു.
1996ല്‍ നരസപൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മല്‍സരിച്ചെങ്കിലും നാലാം സ്ഥാനമാണ് കിട്ടിയത്. ഒരു ശതമാനത്തില്‍ താഴെ വോട്ട് മാത്രം നേടിയ അദ്ദേഹം ദയനീയമായി തോറ്റു. 2006ല്‍ എംഎല്‍സി തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചെങ്കിലും വീണ്ടും തോറ്റു. ബിജെപി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള വ്യക്തി കൂടിയാണ് സത്യനാരായണ. ബിജെപിക്ക് താരതമ്യേന സാന്നിധ്യം കുറവാണ് ആന്ധ്രയില്‍. സത്യനാരായണയെ രാജ്യസഭയിലെത്തിക്കുന്നതിലൂടെ ആന്ധ്രയിലും തെലങ്കാനയിലും ഗൗഡ് സമുദായത്തെ കൂടെ നിര്‍ത്താമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.












Click it and Unblock the Notifications