മണിപ്പൂരിൽ വീണ്ടും വെടിവെയ്പ്പ്; 3 യുവാക്കൾ കൊല്ലപ്പെട്ടു
ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ വെടിവെപ്പിൽ 3 പേർ കൊല്ലപ്പെട്ടു. കുക്കി ഗ്രാമത്തിലെ വളന്റിയർമാരാണ് കൊല്ലപ്പെട്ടത്. ആയുധങ്ങളുമായെത്തിയ സംഘം ഇവർക്കെതിരെ വെടിയുതിർക്കുകയായിരുന്നു.
ഉഖ്രുൾ പട്ടണത്തിൽ നിന്ന് ഏകദേശം 47 കിലോമീറ്റർ അകലെ കുക്കി ആദിവാസികൾ താമസിക്കുന്ന തൗവായ് എന്ന ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. പുലർച്ചെ 4:30 ഓടെയാണ് സംഭവം. കിഴക്കൻ മേഖലയിൽ നിന്നെത്തിയ സായുധരായ അക്രമി സംഘം ഗ്രാമത്തിലെത്തി യുവാക്കൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. മൂന്ന് പേർ കൊല്ലപ്പെട്ടുവെന്നും അക്രമത്തിൽ ഗ്രാമത്തിലുള്ള മറ്റാർക്കും പരിക്കുകൾ ഇല്ലെന്നും പോലീസ് അറിയിച്ചു.

അതേസമയം സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ സൈന്യവും പോലീസും ശക്തമാക്കിയിട്ടുണ്ടെന്ന് ഉഖ്രുൽ എസ് പി എൻ വഷും പറഞ്ഞു.
സഭ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് എംഎൽഎമാർ
മണിപ്പൂരിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി 10 ഗോത്രവർഗ എം എൽ എമാർ. മെയ്തെയ് മേഖലയിലാണ് നിയമസഭ ഉള്ളതെന്നും സുരക്ഷ ആശങ്കയുള്ളതിനാലാണ് പങ്കെടുക്കാത്തത് എന്നുമാണ് എം എൽ എമാർ പറയുന്നത്. 10 എം എൽ എമാരിൽ ഏഴ് പേരും ഭരണകക്ഷി എംഎൽഎമാരാണ്.
നേരത്തേ ഈ എം എൽ എമാർ ചേർന്ന് പ്രധാനമന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു.
സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം കുക്കി വിഭാഗങ്ങൾ കഴിയുന്ന അഞ്ച് മലയോര ജില്ലകളിൽ ചീഫ് സെക്രട്ടറി, ഡയറക്ടർ ജനറൽ ഓഫ് പോലീസ് അല്ലെങ്കിൽ അതിന് തുല്യമായ തസ്തികകൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇത്.
കുക്കി വിഭാഗത്തിൽപ്പെട്ട ഐ എ എസ്, എം സി എസ് ഉദ്യോഗസ്ഥർക്ക് പോലും അവരുടെ ജോലി പോലും നിർവ്വഹിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. കുക്കി വിഭാഗത്തിലുള്ളവർക്ക് ഇംഫാലിലേക്ക് പോകാൻ സാധിക്കുന്നില്ല, തങ്ങളെ സംബന്ധിച്ച് ഇംഫാൽ ഇപ്പോൾ മരണത്തിന്റെ താഴ്വരയാണെന്നായിരുന്നു നിവേദനത്തിൽ ഇവർ ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രി ബിരേൻ സിംഗിനെതിരേയും എംഎൽഎമാർ രൂക്ഷമായി രംഗത്തെത്തി. കൂക്കി വിഭാഗത്തിനെതിരെ സർക്കാർ അക്രമം അഴിച്ചുവിടുകയാണെന്ന് നേതാക്കൾ ആരോപിച്ചു.












Click it and Unblock the Notifications