'രാമക്ഷേത്രം ഉദ്ഘാടനത്തിന് ശേഷം മറ്റൊരു ഗോധ്രയ്ക്ക് സാധ്യത'; ഉദ്ധവ് താക്കറെ
മുംബൈ: ഉത്തർ പ്രദേശിലെ അയോധ്യയിൽ രാമക്ഷേത്ര ഉദ്ഘാടനത്തിന് എത്തിയവരുടെ മടക്കയാത്രക്കിടെ ഗോധ്ര പോലുള്ള സംഭവത്തിന് സാധ്യത ഉണ്ടെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ജൽഗാവിലെ ഒരു പൊതുപരിപാടിക്കിടെയായിരുന്നു ഉദ്ധവ് താക്കറെയുടെ ആരോപണം.
'2002 ഫെബ്രുവരി 27 ന്, സബർമതി എക്‌സ്പ്രസിൽ അയോധ്യയിൽ നിന്ന് മടങ്ങുകയായിരുന്ന കർസേവകർ ഗുജറാത്തിലെ ഗോധ്ര സ്റ്റേഷനിൽ ആക്രമിക്കപ്പെടുകയും അവരുടെ ട്രെയിൻ കോച്ച് കത്തിക്കപ്പെടുകയും ചെയ്തു. ഇത് സംസ്ഥാനത്തുടനീളം വലിയ കലാപങ്ങൾക്ക് കാരണമായി.

രാമക്ഷേത്ര ഉദ്ഘാടനത്തിന് സർക്കാർ ധാരാളം ആളുകളെ ക്ഷണിക്കാൻ സാധ്യതയുണ്ട്. ബസുകളിലും ട്രക്കുകളിലുമുള്ള ഇവരുടെ മടക്കയാത്രയ്ക്കിടെ ഗോധ്രയ്ക്ക് സമാനമായ സംഭവം ഉണ്ടായേക്കാം', താക്കറെ പറഞ്ഞു. അയോധ്യയിൽനിന്ന് മടങ്ങുകയായിരുന്ന കർസേവകരും തീർത്ഥാടകരും അടങ്ങുന്ന യാത്രക്കാരടക്കമുള്ള സബർമതി എക്സ്പ്രസിന് ഗുജറാത്തിലെ ഗോധ്ര റെയിൽവേ സ്റ്റേഷനു സമീപത്തുവച്ച് അക്രമികൾ തീയിടുകയായിരുന്നു. സംഭവത്തിൽ 29 പുരുഷന്മാരും 22 സ്ത്രീകളും എട്ടു കുട്ടികളും അടക്കം 59 പേരാണ് കൊല്ലപ്പെട്ടത്.
ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് 2024 ജനവരിയിലാണ് രാമക്ഷേത്ര ഉദ്ഘാടനം നടന്നേക്കുകയെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്യുക. മന്ത്രിമാർ അടക്കമുള്ള പ്രമുഖർ ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയേക്കും.ലോകത്തിലെ 160 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പ്രതിഷ്ഠാ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നും നേരെത്തെ വിവരങ്ങളുണ്ടായിരുന്നു.
അതേസമയം പരിപാടിക്കിടെ ബി ജെ പിയേയും ആർ എസ് എസിനേയും താക്കറെ രൂക്ഷമായി വിമർശിച്ചു. പ്രവർത്തകർക്ക് ആരാധിക്കാൻ കഴിയുന്ന നേതാക്കൾ ബി ജെ പിയിലോ ആർ എസ് എസിലോ ഇല്ല. അതിനാലാണ് അവർ സർദാർ പട്ടേലിനെയും നേതാജി സുഭാഷ് ചന്ദ്രബോസിനെയും പോലെയുള്ള ഇതിഹാസങ്ങളെ ആരാധിക്കുന്നത്.
തന്റെ പിതാവായ ബാൽതാക്കറെയുടെ പാരമ്പര്യത്തിൽ അവകാശം ഉന്നയിക്കുന്നത്. ബി ജെ പിക്കും ആർ എസ് എസിനും സ്വന്തമായി നേട്ടങ്ങളൊന്നുമില്ല, സർദാർ പട്ടേലിന്റെ പ്രതിമയുടെ വലിപ്പമല്ല, അദ്ദേഹത്തിന്റെ നേട്ടങ്ങളാണ് പ്രധാനം', ഉദ്ധവ് പറഞ്ഞു.












Click it and Unblock the Notifications