പുനെയില്‍ വീണ്ടും മുസ്ലിങ്ങള്‍ക്ക് നേരെ ആക്രമണം
പുനെ: ഫേസ്ബുക്കില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്നാരോപിച്ച് മുസ്ലിം യുവാവിനെ കൊലപ്പെടുത്തിയതിന് പിന്നാലെ പുനെയില്‍ വ്യാപക അക്രമങ്ങള്‍. പുനെയിലെ ഉന്നത നഗറിന് സമീപത്താണ് മുപ്പത് മുതല്‍ നാല്‍പത് പേര്‍ വരെയുള്ള സംഘങ്ങള്‍ ഭീതി പരത്തി അഴിഞ്ഞാടിയത്. ബൈക്കുകളിലെത്തി സ്ഥാപനങ്ങള്‍ക്കും ആളുകള്‍ക്കും നേരെ കല്ലെറിയുകയും ബോര്‍ഡുകള്‍ നശിപ്പിക്കുകയും ചെയ്തു.
ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായ പരിക്കേറ്റു. പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞിറങ്ങി വരികയായിരുന്ന തന്നെ ഒരു കൂട്ടം ആളുകള്‍ ആക്രമിക്കുകയായിരുന്നു എന്ന് ആമിന്‍ ഷാരൂണ്‍ ഷെയ്ഖ് പറഞ്ഞു. ആള്‍ക്കൂട്ടം രാം രഹീം മിത്ര മണ്ഡലിന്റെ ബോര്‍ഡ് എറിഞ്ഞുതകര്‍ക്കുകയും ഷെയ്ഖിനെ ആക്രമിക്കുകയുമായിരുന്നത്രെ. ഒരു കടയുടെ പിന്നില്‍ മറഞ്ഞുനിന്ന് രക്ഷപ്പെടുകയായിരുന്നു താനെന്ന് ഇയാള്‍ പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം നാല്‍പത് പേരോളം അടങ്ങുന്ന സംഘം കല്ലെറിഞ്ഞ് ആക്രമണം നടത്തിയ ശേഷം തിരിച്ചുപോയതായി എല്‍ ഐ സി ഏജന്റായ രാജേഷ് ലാഡ് പറഞ്ഞു. രാജേഷിന്റെ ഓഫീസിന് മുന്നില്‍ ഒരാള്‍ ഏറ് കൊണ്ട് വീണുകിടക്കുന്നുണ്ടായിരുന്നു. തിങ്കളാഴ്ചയാണ് മൊഹ്‌സീന്‍ മുഹമ്മദ് സാദിഖ് എന്ന 28 കാരനെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഒരു കൂട്ടം ആളുകള്‍ ഹോക്കി സ്റ്റിക്ക് അടിച്ചുകൊന്നത്.
മോഹ്‌സീനെ കൊലപ്പെടുത്തിയ സതാവ് പ്ലോട്ടിലെ ലൈന്‍ രണ്ടില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി കടകള്‍ അടഞ്ഞുകിടക്കുകയാണ്. പോലീസ് സ്ഥലത്ത് റോന്തുചുറ്റുന്നുണ്ട്. ഹിന്ദു രാഷ്ട്ര സേന പ്രവര്‍ത്തകരായ 17 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവത്തില്‍ അടിയന്തിര നടപടി എടുക്കണമെന്ന് വിവിധ സംഘടനകളും പാര്‍ട്ടികളും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications