ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി: രണ്ട് മുന്‍ എംഎല്‍എമാർ രാജിവെച്ചു
പി സി സി അധ്യക്ഷന്‍ അരവിന്ദർ സിംഗ് ലവ്‌ലി രാജിവെച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി നല്‍കി കൊണ്ട് മുതിർന്ന നേതാക്കളുടെ രാജി. മുന്‍ എം എല്‍ എമാർ കൂടിയായ നീരജ് ബസോയയും നസീബ് സിംഗുമാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവെച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്ത് അയച്ചുകൊണ്ടാണ് രണ്ട് നേതാക്കളും തങ്ങളുടെ രാജി പ്രഖ്യാപിച്ചിരിക്കുന്നത്.
ഡല്‍ഹിയില്‍ ഉള്‍പ്പെടെ രൂപീകരിച്ച കോണ്‍ഗ്രസ് - എഎപി സഖ്യത്തില്‍ പ്രതിഷേധിച്ചുകൊണ്ടാണ് തങ്ങള്‍ രാജിവെച്ചതെന്നാണ് നേതാക്കള്‍ എ ഐ സി സി അധ്യക്ഷന് അയച്ച കത്തില്‍ പറയുന്നത്. "പ്രസ്തുത സഖ്യം ദൽഹി കോൺഗ്രസ് പ്രവർത്തകർക്ക് അനുദിനം വലിയ അപകീർത്തിയും നാണക്കേടും ഉണ്ടാക്കുന്നുവെന്നും ആത്മാഭിമാനമുള്ള പാർട്ടി നേതാവെന്ന നിലയിൽ എനിക്ക് തുടർന്നും ഇവിടെ തുടരാന്‍ കഴിയില്ലെന്ന് ഞാൻ വിനയപൂർവ്വം സമർപ്പിക്കുന്നു" എ ഐ സി സി അധ്യക്ഷന് അയച്ച കത്തില്‍ ബസോയ പറയുന്നു.

ആം ആദ്മി പാർട്ടിയുമായുള്ള സഖ്യത്തില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു പിസിസി അധ്യക്ഷന്‍ അരവിന്ദർ സിംഗ് ലവ്‌ലി കഴിഞ്ഞ ദിവസം രാജിവെച്ചത്. ലവ്ലി രാജിവെച്ചതോടെ കോൺഗ്രസ് ഡൽഹി ഘടകത്തിൻ്റെ ഇടക്കാല പ്രസിഡൻ്റായി മുൻ എം എൽ എ ദേവേന്ദർ യാദവിനെ ചൊവ്വാഴ്ച നിയമിച്ചിരുന്നു. 2008ലും 2013ലും ഡൽഹിയിലെ ബദ്‌ലി നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിക്കുകയും 2015ൽ ആം ആദ്മി പാർട്ടിയുടെ അജേഷ് യാദവിനോട് പരാജയപ്പെട്ട ദേവേന്ദർ യാദവ് നിലവിൽ പഞ്ചാബിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറിയാണ്.
ഡൽഹി കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തൻ്റെ തീരുമാനത്തിൻ്റെ 11 കാരണങ്ങളിൽ രണ്ടാമത്തെ കാരണമായി ലവ്ലി ചൂണ്ടിക്കാട്ടിയത് എഎപിയുമായുള്ള സഖ്യമായിരുന്നു. "കോൺഗ്രസ് പാർട്ടിക്കെതിരെ വ്യാജവും കെട്ടിച്ചമച്ചതും ദുഷിച്ചതുമായ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുക എന്നതിൻ്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച ഒരു പാർട്ടിയുമായുള്ള സഖ്യത്തിന് ഡൽഹി കോൺഗ്രസ് യൂണിറ്റ് എതിരായിരുന്നു. എന്നിട്ടും ഡൽഹിയിൽ എഎപിയുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തീരുമാനിച്ചു." ലവ്ലി കത്തില്‍ കുറിച്ചു.
'പാർട്ടിയുടെ അന്തിമ തീരുമാനത്തെ ഞങ്ങൾ മാനിച്ചു. ഞാൻ തീരുമാനത്തെ പരസ്യമായി പിന്താങ്ങുക മാത്രമല്ല, ഹൈക്കമാൻഡിൻ്റെ അന്തിമ ഉത്തരവിന് അനുസൃതമായി സംസ്ഥാന ഘടകം പൂർണമായി നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. എ ഐ സി സി ജനറൽ സെക്രട്ടറിയുടെ (ഓർഗനൈസേഷൻ) നിർദ്ദേശപ്രകാരം, ഞാൻ സുബാഷ് ചോപ്രയ്ക്കും സന്ദീപ് ദീക്ഷിതിനുമൊപ്പം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത രാത്രിയിൽ അദ്ദേഹത്തിന്റെ വസതി സന്ദർശിക്കാൻ പോലും പോയി' എന്നും അദ്ദേഹം പറഞ്ഞിരുന്നു.
2014 മുതൽ രാജ്യതലസ്ഥാനത്തെ ഏഴ് പാർലമെൻ്റ് സീറ്റുകളും നേടുന്ന ഭാരതീയ ജനതാ പാർട്ടിയെ (ബിജെപി) നേരിടാൻ ശ്രമിക്കുന്ന കോൺഗ്രസിനും എഎപി-കോൺഗ്രസ് സഖ്യത്തിനും ലവ്‌ലിയുടെ രാജി കനത്ത തിരിച്ചടിയായിരുന്നു. ഇതിന് പിന്നാലെയാണ് രണ്‍ മുന്‍ എംഎല്‍എമാർ കൂടി രാജിവെക്കുന്നത്.












Click it and Unblock the Notifications