വന്ദേഭാരതിന് നേരെ വീണ്ടും കല്ലേറ്; ഈ വര്‍ഷം ആക്രമിക്കപ്പെട്ടത് ഏഴ് തവണ
ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. പുതുതായി ആരംഭിച്ച ഡെറാഡൂണ്‍-ഡല്‍ഹി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെയാണ് കല്ലേറുണ്ടായിരിക്കുന്നത് എന്ന് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയാണ് സംഭവം. ഡല്‍ഹി-ഡെറാഡൂണ്‍ പാതയില്‍ മുസാഫര്‍നഗര്‍ സ്റ്റേഷന് സമീപം വന്ദേഭാരത് എക്സ്പ്രസിന്റെ ഇ1 കോച്ചിന് നേരെയാണ് കല്ലേറുണ്ടായതെന്ന് റെയില്‍വേ അറിയിച്ചു.
സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ ഡല്‍ഹി ഡിവിഷന്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡെറാഡൂണിനെ ഡല്‍ഹിയുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസ് കഴിഞ്ഞ മാസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തത്. നേരത്തെ, മെയ് മാസത്തില്‍, കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായിരുന്നു.

കേരളത്തില്‍ മൂന്ന് തവണയാണ് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ഏപ്രില്‍ ആറിന് വിശാഖപട്ടണത്ത് നിന്നുള്ള വന്ദേ ഭാരത് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായതായിരുന്നു. ജനുവരിയില്‍ അറ്റകുറ്റപ്പണികള്‍ക്കിടെയും വിശാഖപട്ടണത്ത് വെച്ച് തന്നെ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. ഈ ആക്രമണത്തില്‍ ട്രെയിനിന്റെ ചില്ല് തകര്‍ന്നിരുന്നു.
മാര്‍ച്ച് 12 ന്, പശ്ചിമ ബംഗാളില്‍ നിന്ന് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെയും കല്ലേറുണ്ടായിരുന്നു ഈ സംഭവത്തില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ ജനല്‍ പാളികള്‍ തകര്‍ന്നതായി ഈസ്റ്റേണ്‍ റെയില്‍വേഅ അറിയിച്ചിരുന്നു. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ഫറാക്കയില്‍ വെച്ചായിരുന്നു ആക്രമണം. 2023 ജനുവരിയില്‍, ഡാര്‍ജിലിംഗ് ജില്ലയിലെ ഫാന്‍സിഡെവ പ്രദേശത്തിന് സമീപം രണ്ട് കോച്ചുകള്‍ക്ക് നേരെ അജ്ഞാതര്‍ കല്ലെറിഞ്ഞിരുന്നു.
ഇതിനെ തുടര്‍ന്ന് വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് ജനല്‍ പാളികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഈ മാസം ഇത് രണ്ടാം തവണയാണ് വന്ദേഭാരത് എക്സ്രസ് ട്രെയിന്‍ ആക്രമിക്കപ്പെടുന്നത്. ഹൗറയെ ന്യൂ ജല്‍പായ്ഗുരിയുമായി ബന്ധിപ്പിക്കുന്ന വന്ദേഭാരത് എക്‌സ്പ്രസിന് നേരെ ഈ മാസം ആദ്യം കല്ലേറുണ്ടായിരുന്നു. ഇതില്‍ ട്രെയിനിന്റെ ചില്ലുകള്‍ തകരുകയും ചെയ്തിരുന്നു.












Click it and Unblock the Notifications