മതപരിവർത്തന നിരോധന നിയമം; യുപിയിൽ യുവാവിന് അഞ്ച് വർഷം തടവ്, നടപ്പിലാക്കിയത് ആദ്യ ശിക്ഷ
ലക്‌നൗ: ഉത്തർപ്രദേശിൽ മതപരിവർത്തന നിരോധന നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട യുവാവിന് 5 വർഷം തടവും 40,000 രൂപ പിഴയും. സംസ്ഥാനത്ത് മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ആദ്യ കേസിലാണ് പ്രത്യേക പോക്‌സോ കോടതിയുടെ വിധി. അംരോഹ ജില്ലയിലെ മുഹമ്മദ് അഫ്‌സലാണ് ശിക്ഷിക്കപ്പെട്ടത്.
മുസ്ലീം വിഭാഗത്തിൽപ്പെട്ട അഫ്‌സൽ തന്റെ മതം മറച്ച് വെച്ചുകൊണ്ട് ഹിന്ദുപെൺകുട്ടിയെ വിവാഹം കഴിക്കാൻ ശ്രമിച്ചു എന്ന കേസിലാണ് വിധി. ഡ്രൈവറായി ജോലി ചെയ്തിരുന്ന അഫ്സൽ താൻ ഹിന്ദുവാണെന്ന് പറഞ്ഞ് ഹസൻപൂർ സ്വദേശിയായ പെൺകുട്ടിയെ പരിചയപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.

പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാപനത്തിൽ സ്ഥിരമായി അഫ്സൽ ചെടികൾ വാങ്ങാൻ പോയിരുന്നു. അർമാൻ കോഹ്‌ലി എന്ന പേരിലാണ് ഇയാൾ പെൺകുട്ടിയെ പരിചയപ്പട്ടത്. സൌഹൃദത്തിലായ ഇവർ പിന്നീട് ഇവർ പ്രണയത്തിലാവുകയായിരുന്നു. ഒരു വർഷത്തിന് ശേഷം ഇരുവരും നാടുവിട്ടു.
തുടർന്ന് അഫ്‌സൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് ലോക്കൽ പോലീസിൽ പരാതി നൽകി. കഴിഞ്ഞ വർഷം ഏപ്രിലിൽ ഡൽഹിയിൽ നിന്നാണ് അഫ്‌സലിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2020 ഡിസംബറിൽ സംസ്ഥാനത്ത് നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.
രാജ്യത്ത് മതപരിവർത്തന നിരോധന നിയമം നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് ഉത്തർപ്രദേശ്. ബലപ്രയോഗം, വഞ്ചന, അനാവശ്യ സ്വാധീനം, ബലാൽക്കാരം, പ്രണയം അല്ലെങ്കിൽ വിവാഹം' എന്നിവയിലൂടെ ഒരു മതത്തിൽ നിന്ന് മറ്റൊന്നിലേക്ക് പരിവർത്തനം ചെയ്യുന്നത് ഈ നിയമം വിലക്കുന്നു.
നിയമത്തിൽ 'ലൗ ജിഹാദ്' എന്ന പദം ഒരിടത്തും ഉപയോഗിച്ചിട്ടില്ലെങ്കിലും, 'ഹിന്ദു പെൺകുട്ടികളെ മുസ്ലീം യുവാക്കൾ വഞ്ചനാപരമായ വഴികളിലൂടെ വശീകരിച്ച് വിവാഹം കഴിപ്പിക്കുന്ന കേസുകൾ വർദ്ധിക്കുന്നത് തടയാനുള്ള നിയമമാണിതെന്നായിരുന്നു' ബിജെപി നേതാക്കളുടെ വാദം.നിയമമനുസരിച്ച്, നിർബന്ധിതമോ ബലപ്രയോഗത്തിലൂടെയോ വശീകരണത്തിലൂടെയോ മറ്റേതെങ്കിലും വഞ്ചനാപരമായ മാർഗങ്ങളിലൂടെയോ വിവാഹ ലക്ഷ്യത്തോടെയോ ചെയ്താൽ മതപരിവർത്തനം കുറ്റമായിരിക്കും.സ്വന്തം ഇഷ്ടപ്രകാരം മതം മാറി വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നവർ രണ്ട് മാസം മുമ്പ് ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിന് നിർബന്ധമായും അപേക്ഷ നൽകണം.












Click it and Unblock the Notifications